അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുമ്പ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

ഇടുക്കി:അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. 10 ലക്ഷം രൂപ വീതം ഓണത്തിന് മുൻപായി നൽകും. മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുൾപ്പെടെയുള്ള ആവശ്യങ്ങളിൽ അടിയന്തരമായി ഉത്തരവിറക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ദേശീയപാത നിർമാണത്തിന് അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറുകാരെ ദുരവസ്ഥയിലാക്കിയത്. ദുരന്തം നടന്ന് ഒരു വർഷമായിട്ടും പുനരധിവാസ പ്രവർത്തനം എവിടെയുമെത്തിയിരുന്നില്ല.
പൂർണമായും തകർന്ന ഒൻപത് വീടുകളുൾപ്പെടെ 26 വീടുകളാണ് വാസയോഗ്യമല്ലാതായത്. ഇതിൽ ഒൻപത് കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലംവാങ്ങി വീടുവെയ്ക്കാൻ 10 ലക്ഷം രൂപ അനുവദിച്ചത്. 17 വീടുകൾ തകർന്നിട്ടില്ല. പക്ഷേ, ഏത് നിമിഷം വേണമെങ്കിലും മലയിടിഞ്ഞ് അതിന് മുകളിലേക്ക് വീഴും.
അവിടെ താമസിക്കാൻ കഴിയില്ല. എല്ലാവരെയും വാടകവീടുകളിലേക്കും മറ്റും മാറ്റി. പിന്നെ ഒരു നടപടിയുമില്ല. നാലുമാസത്തോളം ജില്ലാഭരണകൂടം വാടകയും നൽകിയില്ല. തുടർന്ന് ഇവർ സമരംചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. ജൂൺ 25-നാണ് സമരം തുടങ്ങിയത്.
Content Highlights: Revenue Minister promises 10 lakh compensation per family before Onam 2026., Cabinet decision pending to finalize the rehabilitation package., Protests ended following government assurance for urgent action., 26 houses affected by unscientific national highway construction., Immediate need for relocation of 17 families living in high-risk zones.