അടിമാലി മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി

#സ്വന്തം ലേഖിക
കോൺക്രീറ്റിനിടയിൽ കുടുങ്ങിയ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു
കോൺക്രീറ്റിനിടയിൽ കുടുങ്ങിയ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു

ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യയുടെ ഇടത് കാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലം കാണാത്തതിനെ തുടർന്നാണ് കാൽ മുറിച്ചുമാറ്റിയത്. മണ്ണിടിച്ചിലിൽ തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ദുരന്തത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജുവിന് ജീവൻ നഷടമാവുകയും ചെയ്തിരുന്നു.

പരിക്കേറ്റ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

അടിമാലി കൂമ്പൻ പാറ ലക്ഷംവീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് മലിയിടിച്ചിരുന്നു. ഇതിൽ വിള്ളൽ രൂപപ്പെടുകയും പിന്നാലെ കൂറ്റൻ മല അടർന്ന് താഴെക്ക് പതിക്കുകയുമായിരുന്നു. മണ്ണിടിച്ചിൽ സാധ്യത കണ്ട് പ്രദേശത്തെ 22 കുടുംബങ്ങളെ മാറ്റിപ്പിച്ചിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. മരിച്ച ബിജുവിന്റേത് ഉൾപ്പെടെ എട്ട് വീടുകൾ പൂർണമായും തകർന്നു.

Content Highlights: Landslide in Adimali, Idukki critically injured Sandhya. Emergency surgery failed, leading to leg amputation. Her husband died in the incident.