അടിമാലി മണ്ണിടിച്ചിൽ: ജീവനെടുത്തത് അശാസ്ത്രീയ ദേശീയപാത നിർമ്മാണം, NHAIക്ക് മൗനം, പലായനം ചെയ്ത് ഒരു കൂട്ടം മനുഷ്യർ

അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലി കൂമ്പൻപാറ ലക്ഷം വീട് കോളനിയെ ദുരിതത്തിലാഴ്ത്തിയ മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണം കൊച്ചി-ധനുഷ്കൊടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണവുമാണെന്ന് ആരോപിച്ച് നാട്ടുകാർ.
ദേശീയപാതയുടെ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗം വീതികൂട്ടുന്ന പ്രവൃത്തിയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമ നിഗമനം. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ചെത്തിയെടുത്തത് മലയ്ക്ക് വലിയ തോതിൽ ഇളക്കം തട്ടാൻ കാരണമായി. മഴ പെയ്യാതിരുന്നിട്ടും മണ്ണിടിച്ചിലുണ്ടായത് അശാസ്ത്രീയ മണ്ണെടുപ്പ് മൂലമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മലയുടെ മുകളിൽ രൂപപ്പെട്ട വിള്ളലുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ വലിയ യന്ത്രങ്ങൾ കയറ്റി ഇടിച്ചതാണ് ദുരന്തത്തിന് പൂർണമായ കാരണമെന്നാണ് ആരോപണം. ഒരാൾക്ക് ഇറങ്ങാവുന്നത്ര വിള്ളൽ അവിടെ മുൻപുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
ദേശീയപാത അതോറിറ്റി വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വലിയ മലയുടെ അടിവാരങ്ങളിൽ കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാ മതിൽ നിർമ്മിക്കുന്നതിനു പകരം, അഞ്ചടി പൊക്കത്തിൽ കോൺക്രീറ്റ് പാളി നിർമിക്കുകയും അത് മതിലിൽ ചാരിവെച്ച് കോൺക്രീറ്റ് ഉപയോഗിച്ച് യോജിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടന്നത്. ഇതിലെ അപകടസാധ്യത പ്രദേശവാസികൾ മുമ്പും ചൂണ്ടിക്കാട്ടിയിരുന്നു. അപകടം നടന്ന സമയത്ത് മഴയുണ്ടായിരുന്നില്ല എന്നത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി. മഴയുണ്ടായിരുന്നെങ്കിൽ മണ്ണിടിച്ചിൽ ഒരു ഉരുൾപൊട്ടലായി മാറുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ താഴെയുള്ള 22 ഓളം വീടുകൾ പൂർണമായും ഒലിച്ചുപോവുകയും രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു.
ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, ഇവിടെ തുടരാൻ ഭയമാണെന്നും ഇനി ഇവിടെ നിന്നാൽ മരണം ഉറപ്പാണെന്നും നാട്ടുകാർ പറയുന്നു. തങ്ങളുടെ എല്ലാ സമ്പാദ്യവും കെട്ടിപ്പെറുക്കി അവർ താൽക്കാലിക ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും പലായനം ചെയ്യുകയാണ്. 20 വർഷമായി ഇവിടെ താമസിക്കുന്നവർക്ക് മുൻപ് മണ്ണിടിച്ചിൽ ഉണ്ടായപ്പോഴും സഹായം കിട്ടിയിട്ടില്ലെന്നും ആരോപണമുണ്ട്. ഭാവി ജീവിതം അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഒരു ജീവൻ നഷ്ടമായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഇതുവരെയായി യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. അപകടത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ, അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വർക്കാണ് നടക്കുന്നതെന്ന വിശദീകരണത്തോടെ നിയമനടപടികൾ ഉണ്ടാകില്ല എന്ന മറുപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. ദേശീയപാത ഉദ്യോഗസ്ഥരും കരാറുകാരും അമിത ലാഭക്കൊതിയിൽ യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളും നോക്കാതെ നിർമാണങ്ങൾ നടത്തിയതാണ് ഇതിന് കാരണമെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ദുരന്തം സംഭവിച്ച പ്രദേശം സന്ദർശിച്ചു. നിലവിലെ സാഹചര്യത്തിൽ അപകടകരമായ സ്ഥിതി നിലനിൽക്കുന്ന സ്ഥലത്ത് ഇനി തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകില്ലെന്നും ഇനിയൊരു നിർമാണം ആരംഭിക്കുന്നതിനു മുൻപ് ശാസ്ത്രീയമായ ഒരു പഠനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. എൻ.എച്ച്., പി.ഡബ്ല്യു.ഡി., എൽ.എസ്.ജി.ഡി., ദുരന്തനിവാരണ സേന പ്രതിനിധികൾ, ജിയോളജിസ്റ്റ് പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘം മണ്ണിന്റെ മുകളിലും താഴെയുമുള്ള പ്രദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകിയതിന് ശേഷം മാത്രമേ തുടർ നിർമ്മാണ കാര്യങ്ങളിൽ തീരുമാനമെടുക്കുകയുള്ളൂ. ഇതിന് ജില്ലാ കളക്ടർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മലയുടെ മുകൾഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതായി ജനപ്രതിനിധികൾ അടക്കം കണ്ടിരുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഡ്രോൺ ദൃശ്യങ്ങളിൽ പോലും മല പൊളിഞ്ഞു വീഴാറായ അവസ്ഥയിൽ നിൽക്കുന്നത് വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ റെവന്യൂ വകുപ്പ് ഏതാണ്ട് 24 കുടുംബങ്ങൾക്ക് വീടുകളിൽ നിന്ന് മാറി താമസിക്കാൻ നോട്ടീസ് നൽകി. ഈ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ബിജുവും സന്ധ്യയും ഉൾപ്പെടെയുള്ളവർ തൊട്ടടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറിയെങ്കിലും, ഭക്ഷണം കഴിക്കുന്നതിനായി സ്വന്തം വീട്ടിലേക്ക് വന്ന സമയത്താണ് അപകടം സംഭവിക്കുന്നത്. അവർ വീട്ടിലെത്തി ഏകദേശം 20 മിനിറ്റിനകമാണ് ദുരന്തം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മണ്ണിടിച്ചലിൽ ഏകദേശം എട്ടോളം വീടുകൾ പൂർണമായും ഇല്ലാതാവുകയോ തകരുകയോ ചെയ്തു. വീടുകൾക്ക് മുകളിലേക്ക് കല്ലും മണ്ണും തെങ്ങും അടക്കം വീണ് പൂർണമായും തകർന്നിരുന്നു.
രാത്രി ഏകദേശം 10 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. കുമ്പൻപാറ ലക്ഷം വീട് കോളനിയിലെ ബിജുവാണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ, പുലർച്ചെ 3:30 ഓടു കൂടിയാണ് സന്ധ്യയെ പുറത്തെടുക്കാൻ സാധിച്ചത്. സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിന്റെ മുകളിലേക്ക് കോൺക്രീറ്റ് ബീമുകൾ വീണുകിടന്നിരുന്നു. ഏകദേശം ഏഴര മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ പുലർച്ചെ 4:50 ഓടുകൂടിയാണ് ബിജുവിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Unscientific road construction by NHAI linked to Adimali landslide. Residents accuse authorities, flee homes fearing more disaster. One life lost.