'അവരത് ചെയ്യാതിരിക്കില്ലല്ലോ? അവർക്ക് കാശല്ലേ വലുത്, നമുക്ക് വീട്ടുകാരും'

അടിമാലി: “അവിടെ റോഡുപണിയാതിരിക്കാൻ പാടില്ലല്ലോ. പണിയണം. പണിയരുതെന്ന് പറഞ്ഞാലും അവരത് ചെയ്യാതിരിക്കില്ലല്ലോ. അവർക്ക് കാശല്ലേ പ്രധാനം”. താമസിച്ചിരുന്ന വീടും സമ്പാദ്യവും നഷ്ടമായി ദുരന്തഭൂമിയിൽ നിന്ന് വാപ്പായുടെ കൈയ്യുംപിടിച്ച് മടങ്ങുന്ന അഞ്ചുവയസ്സുകാരി ഫൈഹക്കുട്ടിയുെട നിഷ്കളങ്കമായ ചോദ്യം സമൂഹത്തോടാണ്.
ശനിയാഴ്ച വൈകീട്ടാണ് ഫൈഹയും കുടുംബവും അടിമാലി ഗവ. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് പോയത്. നാല് പൂച്ചക്കുട്ടികളെ വീട്ടിൽ സുരക്ഷിതമായി പാർപ്പിച്ചിരുന്നു. ഇവയെ നോക്കാനും വസ്ത്രങ്ങൾ എടുക്കാനുമായി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇത്രവലിയ ദുരന്തമാണ് നാട്ടിലുണ്ടായതെന്ന് ഫൈഹയ്ക്ക് മനസ്സിലായത്. കൂട്ടുകാരുടെയൊക്കെ വീട് മണ്ണിൽ പുതഞ്ഞുകിടക്കുന്നത് കണ്ട് അവൾ ഭയന്നുപോയി. മുയൽച്ചെവിയൻ ഹെഡ് ബാൻഡും വെച്ച് പ്രിയപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെയും തേടി അവൾ ഓടി.
“മൂന്ന് പൊടികളെ കിട്ടി. ചക്കിപ്പൂച്ചക്കുഞ്ഞ് എവിടെയാണോ”- ഫൈഹക്കുട്ടി സങ്കടത്തോടെ ചോദിച്ചപ്പോൾ കണ്ടുനിന്നവരുടെ നെഞ്ചിലും ഒരു വിങ്ങൽ. “കുറെ സങ്കടമുണ്ട്. ജനിച്ചപ്പം മുതലേ ഇവിടാ. എനിക്കിവിടെനിന്ന് പോകാനേ തോന്നുന്നില്ല. ഇപ്പോൾ പേടിയാ. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു ഫ്രണ്ടുണ്ട്. ആ ചേച്ചിയുടെ വീടും പോയി”- ഫൈഹയുടെ വാക്കുകളിൽ കൺമുന്നിൽകണ്ട കാഴ്ചകളുടെ ഭീതിയായിരുന്നു. നമുക്കൊക്കെ വീട്ടുകാരും കുടുംബവുമല്ലേ വലുത്. ഈ വീട്ടിൽനിന്ന് വേറേ വീട്ടിലേക്കോ. അതിനുള്ള പൈസ ആരുതരും?”- ഈ കുഞ്ഞ് ചോദിക്കുന്നു.
കൂമ്പൻപാറ ഫാത്തിമമാതാ സ്കൂളിലെ വിദ്യാർഥിയായ ഫൈഹ കൂമ്പൻപാറ കളപ്പുരയ്ക്കൽ വിബിന്റെ മകളാണ്.
Content Highlights: A five-year-old girl, displaced by disaster, questions why essential repairs are neglected for profit. Her innocent words highlight the value of home and family.