മദ്യലഹരിയിൽ കാറോടിച്ച് അപകടം ഉണ്ടാക്കി, പോലീസിനെയും രക്ഷിക്കാനെത്തിയവരെയും കയ്യേറ്റം ചെയ്തു; യുവാവ് പിടിയിൽ

#മാതൃഭൂമി ന്യൂസ്
കാർ കലുങ്കിൽ ഇടിച്ചുകയറിയ നിലയിൽ, പരാക്രമം നടത്തിയ യുവാവ് | Photo: Screengrab / Mathrubhumi News
കാർ കലുങ്കിൽ ഇടിച്ചുകയറിയ നിലയിൽ, പരാക്രമം നടത്തിയ യുവാവ് | Photo: Screengrab / Mathrubhumi News

ഇടുക്കി: അടിമാലിയിൽ ലഹരിയിൽ യുവാവിന്റെ പരാക്രമം. മദ്യലഹരിയിൽ വാഹനമോടിച്ച യുവാവ് ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്തുന്നതിനെത്തിയ നാട്ടുകാരെയും പോലീസിനെയും ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

കുഞ്ചിത്തണി 20 ഏക്കർ സ്വദേശി സിറിൽ പീറ്റർ ആണ് പരാക്രമം നടത്തിയത്. മൂന്നാർ ഭാഗത്തുനിന്ന് അടിമാലിയിലേക്ക് കാറിൽ വരികയായിരുന്ന ഇയാൾ ഓടിച്ചിരുന്ന കാർ അഞ്ചിലധികം വാഹനങ്ങളിൽ ഇടിച്ചു. എന്നാൽ, ഒരിടത്തും വാഹനം നിർത്താതെ ഇയാൾ യാത്ര തുടർന്നു. ഒടുവിൽ ചാറ്റുപാറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും, കാറിൽ നിന്നിറങ്ങിയ യുവാവ് അവർക്ക് നേരെ തിരിയുകയായിരുന്നു. ഇയാൾ പ്രദേശവാസികളെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു വയോധികയെയും ഇയാൾ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും യുവാവ് അതിക്രമം തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നവരെ ഇയാൾ അസഭ്യം പറയുന്നുണ്ടായിരുന്നു. നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കിയത്. ഇയാളെ ആദ്യം ആംബുലൻസിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് പോലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് വാഹനത്തിനുള്ളിൽ വെച്ചും ഇയാൾ പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു.

Content Highlights: In Adimali, Idukki, a youth under the influence of alcohol caused chaos, crashing into multiple vehicles and assaulting locals and police who tried to help. The incident highlights drug-related issues.