ADGP-യുടെ വിവാദസന്ദർശനം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു; അന്വേഷണം നടത്താതിരുന്നത് ദുരൂഹം

തിരുവനന്തപുരം: ആർ.എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നതിന് മുമ്പുതന്നെ ഇക്കാര്യം സർക്കാർ അറിഞ്ഞിരുന്നുവെന്ന് വിവരം. വിഷയം പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിക്കുന്നതിന് മുന്നേ, കൂടിക്കാഴ്ച നടന്നതിന് പിന്നാലെ സർക്കാരിന് ഇതുസംബന്ധിച്ച റിപ്പോർട്ട് കിട്ടിയിരുന്നു.
തൃശൂരിൽ ദത്താത്രേയ താമസിച്ച ദിവസം എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ, മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22-ന് എ.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സ്വാഭാവികമായും ആഭ്യന്തരവകുപ്പ് കൈമാറുന്ന ഈ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലെത്തും.
തൃശ്ശൂരിൽ 2023 മേയ് 22-ന് എ.ഡി.ജി.പി എത്തിയെന്ന് തിരിച്ചറിഞ്ഞെങ്കിലും ഹോട്ടലിൽ ആരെ കണ്ടെന്നു കണ്ടെത്താനായിരുന്നില്ലെന്നാണ് വിവരം. പക്ഷെ, ഒരു ആർഎസ്എസ് പോഷകസംഘടനാ നേതാവുമൊത്ത് പോയതറിഞ്ഞിട്ടും അതിൽ വിശദീകരണം തേടാത്ത നടപടി ദുരൂഹമാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയതിനാൽ അജിത്കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. എന്നാൽ, ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു അജിത് കുമാറിന്റെ യാത്ര.
ഹോട്ടലിനു മുൻപിലെ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നു പൊലീസ് ഉന്നതർ പറയുന്നു. ഈ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിപക്ഷത്തിന്റെ പക്കലുള്ളത്. എ.ഡി.ജി.പിയുടെ സ്വകാര്യ യാത്ര എന്തിനായിരുന്നുവെന്ന് വിവരം ലഭിച്ചതിന് പിന്നാലെ വിശദികരണവും അന്വേഷണവും നടത്താത്തിരുന്നത് സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ്.
Content Highlights: ADGPs controversial visit reported by Special Branch