അജിത് കുമാറിന് തിരിച്ചടി; സസ്‌പെൻഷൻ ഉത്തരവിന് സ്റ്റേയില്ല, DGP ആകാൻ യോഗ്യനല്ലെന്ന് സർക്കാർ

#ബിനിൽ/ മാതൃഭൂമി ന്യൂസ്
എ.ഡി.ജി.പി അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി
എ.ഡി.ജി.പി അജിത്കുമാർ | ഫോട്ടോ: മാതൃഭൂമി

കൊച്ചി: സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. അജിത് കുമാർ ഡിജിപി ആകാൻ യോഗ്യനല്ലെന്നും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തിയാണെന്നും സർക്കാർ സ്വീകരിച്ച നിലപാട് അംഗീകരിച്ചാണ് അജിത് കുമാറിന്റെ ആവശ്യം ട്രിബ്യൂണൽ തള്ളിയത്. തന്റെ സസ്‌പെൻഷൻ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയും അത് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എം.ആർ. അജിത് കുമാർ അടിയന്തര ഹർജിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ പുതിയ ഡിജിപിമാരെ നിശ്ചയിക്കുമ്പോൾ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ ലഭിക്കുമെന്നും, അത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അജിത് കുമാർ ഒരു കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം ഡിജിപി റാങ്കിലേക്ക് വരാൻ യോഗ്യനല്ലെന്നും സർക്കാർ വാദിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടെ ഇരകൾക്ക് നീതി നിഷേധിക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായർ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പായതിനാൽ മുഖ്യമന്ത്രിയാണ് സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടേണ്ടതെന്നും എന്നാൽ ചീഫ് സെക്രട്ടറി ഗവർണർക്ക് വേണ്ടി ഒപ്പിട്ട ഉത്തരവ് നിയമപരമല്ലെന്നും അജിത് കുമാറിന്റെ അഭിഭാഷകൻ വാദിച്ചു. കൂടാതെ, അന്വേഷണ സംഘം തനിക്കെതിരെയുള്ള റിപ്പോർട്ട് നൽകിയതിൽ പരിധി ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു. കേസിൽ അന്തിമ കുറ്റപത്രം വരുന്നതിന് മുൻപ് ഇത്തരമൊരു റിപ്പോർട്ട് നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

മൂന്ന് മണിക്കൂറിലധികം നീണ്ട വിശദമായ വാദങ്ങൾക്കൊടുവിലാണ് ജസ്റ്റിസ് ഹരിപാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ എന്ന ആവശ്യം പൂർണ്ണമായും തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെടുന്നുണ്ടെന്നും സസ്‌പെൻഷൻ നടപടിക്ക് മതിയായ കാരണമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി ഓഗസ്റ്റ് 20-ലേക്ക് മാറ്റിവെച്ചു. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള മന്ത്രിസഭാ യോഗം നാളെ ചേരാനിരിക്കെ ട്രിബ്യൂണലിൽ നിന്നുണ്ടായ ഈ നീക്കം അജിത് കുമാറിന് തിരിച്ചടിയായി.

തനിക്ക് താഴെയുള്ള ഉദ്യോഗസ്ഥർ ഡിജിപി റാങ്കിലേക്ക് പ്രൊമോട്ട് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തടയാനാണ് അദ്ദേഹം കോടതിയെ സമീപിച്ചതെങ്കിലും അതിൽ അജിത് കുമാർ പരാജയപ്പെട്ടു. ട്രിബ്യൂണൽ ഇടക്കാല സ്റ്റേ അനുവദിക്കാത്തതിനാൽ, ഇനി ഈ കേസിലെ അന്തിമ വിധിക്കായി കാത്തിരിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ള  പോംവഴി. ട്രിബ്യൂണൽ ഈ കേസ് അടുത്ത മാസം ഓഗസ്റ്റ് 20-ലേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. അന്നായിരിക്കും ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരിക.

അടുത്ത വാദത്തിന് മുൻപായി അജിത് കുമാറിന്റെ ഹർജിയെ എതിർത്തുകൊണ്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് ട്രിബ്യൂണൽ സമയം നൽകിയിട്ടുണ്ട്. സർക്കാർ നിരത്തുന്ന വാദങ്ങളെ ഓഗസ്റ്റ് 20-ന് അദ്ദേഹത്തിന് ഖണ്ഡിക്കേണ്ടി വരും. സസ്‌പെൻഷൻ നിലനിൽക്കുന്നതിനാൽ പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾക്ക് തടയിടാൻ അജിത്കുമാറിന് സാധിക്കില്ല.

Content Highlights: Central Administrative Tribunal rejected ADGP Ajith Kumar's plea to stay his suspension., Court observed prima facie evidence of misconduct justifying the suspension., Government argued Ajith Kumar is unfit for the DGP rank due to serious allegations., The case is adjourned to August 20 for further hearing and submission of affidavits., The tribunal's decision allows the government to proceed with the appointment of new DGPs.