ഡിജിറ്റൽ തെളിവ് കുരുക്കായി; പിണറായി പറഞ്ഞു സുരേഷ് ബാബു തെറിച്ചു; പാലക്കാട്ടെ അധികാരസമവാക്യവും മാറുന്നു

തിരുവനന്തപുരം: പാർട്ടിക്കു മുന്നിൽ പരാതിയൊന്നുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും, പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരേ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചത് ഗുരുതരമായ പരാതി.
പെരുമാറ്റദൂഷ്യം ആരോപിച്ച് ഡിജിറ്റൽ തെളിവുകൾ നിരത്തിയാണ് വനിതാ അഭിഭാഷക സി.പി.എം നേതൃത്വത്തെ സമീപിച്ചത്. രണ്ടു മാസം മുമ്പുള്ള ഈ പരാതിയിൽ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗം കെ.എസ്.സലീഖ തുടങ്ങിയ നേതാക്കൾ യുവതിയുമായും പാലക്കാട്ടെ പാർട്ടി നേതാക്കളുമായൊക്കെ ആശയവിനിമയം നടത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു.
ഇങ്ങനെ, പരാതിയിൽ കഴമ്പുണ്ടെന്ന് നേതൃത്വത്തിനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റാനുള്ള തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സുരേഷ്ബാബുവിനെ മാറ്റുന്നത് വ്യക്തിപരമായ കാരണങ്ങളാൽ ആണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. ഇവിടം കൊണ്ടവസാനിപ്പിക്കാതെ, ഗുരുതരമായ അച്ചടക്കനടപടിയിലേക്ക് സി.പി.എം നേതൃത്വം നീങ്ങുന്നതായാണ് വിവരം.
സുരേഷ്ബാബുവിന്റെ സ്ഥാനം തെറിച്ചതിൽ രണ്ടു നേതാക്കളുടെ കർക്കശനിലപാട് നിർണായകമായി. ഒന്ന്, പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. രണ്ടാമത്, കോഴിക്കോട്ടെ വിശാല സംസ്ഥാന കമ്മിറ്റിയിൽ പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ എം.ബി.രാജേഷ്.
നേരത്തെ പാലക്കാട്ടെ സി.പി.എം. നേതാവ് പി.കെ.ശശിക്കെതിരെ ഒരു യുവതി പാർട്ടിക്ക് നൽകിയ പരാതിയിൽ അച്ചടക്കനടപടിയെടുക്കാൻ പിണറായി ഇടപെട്ടിരുന്നു. അന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിർദേശിച്ചതനുസരിച്ച് പാർട്ടി അന്വേഷണ കമ്മിഷൻ രൂപവത്കരിച്ചതും പി.കെ.ശശിയ്ക്കെതിരേ നടപടിയെടുത്തതും. പരാതിക്കാരിയായ യുവതി പിണറായി നേരിൽക്കണ്ടും പ്രശ്നങ്ങൾ ബോധ്യപ്പെടുത്തിയതോടെ, പാർട്ടി കർക്കശനടപടിയിലേക്കു കടന്നു.
അന്ന്, യുവതിക്ക് സംരക്ഷണമൊരുക്കാൻ എം.ബി. രാജേഷ് ഉൾപ്പെടെ പാർട്ടിയിലെ യുവനിര ഉണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു പരാതി ഉയർന്നപ്പോൾ പാർട്ടിയിൽ ശിക്ഷ വിധിക്കുന്നതിൽ ഈ രണ്ടു നേതാക്കളും നിർണായക പങ്കുവഹിച്ചു.
കോഴിക്കോട് വിശാല സംസ്ഥാന സമ്മേളനം നടക്കുന്ന വേളയിൽ തന്നെ വനിതാ അഭിഭാഷകയുടെ പരാതി സി.പി.എം നേതൃത്വത്തിന്റെ കൈയിലുണ്ടായിരുന്നു. എം.ബി. രാജേഷിന്റെ സെക്രട്ടേറിയറ്റ് പ്രവേശനത്തോടെ നീക്കങ്ങൾ വേഗത്തിലായി. പ്രശ്നത്തിന്റെ ഗൗരവവും അച്ചടക്കനടപടി കൈക്കൊള്ളേണ്ടതിന്റെ അനിവാര്യതയുമൊക്കെ സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കുന്നതിലുമൊക്കെ എം.ബി. രാജേഷ് പങ്കുവഹിച്ചു.
തെറ്റു തിരുത്തൽ ചർച്ച ചെയ്യാനുള്ള മലപ്പുറം, പാലക്കാട് വിശാല ജില്ലാ കമ്മിറ്റികൾ ഒരേ സമയത്തായിരുന്നു. പാലക്കാട്ട് എം.വി.ഗോവിന്ദനും മലപ്പുറത്ത് പിണറായി വിജയനുമായിരുന്നു ചുമതലക്കാർ. ജില്ലാ കമ്മിറ്റി അവസാനിക്കുന്നതിന്റെ തലേദിവസം പാലക്കാട്ടെ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ പിണറായി മലപ്പുറത്തേയ്ക്കു വിളിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ യോഗത്തിൽ പങ്കെടുത്തു. ഡിജിറ്റൽ തെളിവ് പിണറായി തന്നെ ഈ യോഗത്തെ അറിയിച്ചെന്നും ഇ.എൻ.സുരേഷ്ബാബു ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് വിവരം.
തെളിവ് കുരുക്കായതോടെ, ന്യായീകരണങ്ങളും പ്രതിരോധവുമെല്ലം പാളി സുരേഷ് ബാബുവിന് മാറേണ്ടി വന്നു. പാലക്കാട്ടെ വിഭാഗീയത സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ, അതു പരിഹരിച്ച് പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുന്നതിൽ സെക്രട്ടറിയെന്ന നിലയിൽ സുരേഷ്ബാബുവിന് ഗുരുതരവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ മറ്റൊരു വിലയിരുത്തൽ.
വിശാല ജില്ലാകമ്മിറ്റിയിലെ ചർച്ചകളിലും വിഭാഗീയത വിഷയമായി. ഈ സാഹചര്യത്തിലാണ് യുവതിയുടെ പരാതി ഒരു കാരണമാക്കാതെ, വിഭാഗീയത എന്ന കുറ്റാരോപണം ഉയർത്തിക്കാട്ടി ജില്ലാസെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം. പീഡനപരാതിയിൽ ജില്ലാ സെക്രട്ടറിയെ മാറ്റിയാൽ അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന കാരണത്താലാണ് സിപിഎം നേതൃത്വത്തിന്റെ ഈ നടപടി.
അതേസമയം, യുവതിയുടെ പരാതിക്ക് ഗുരുതരസ്വഭാവമുള്ളതിനാൽ നേതൃമാറ്റത്തിൽ തീരുന്നതല്ല അച്ചടക്കനടപടി. തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ നടപടിക്കാണ് സാധ്യത. സമാനമായി മറ്റൊരു നേതാവിനെതിരേയുള്ള പരാതിയും പാർട്ടിക്കു മുന്നിലുണ്ട്. ഈ നേതാവിനെ സംരക്ഷിച്ചത് ഇ.എൻ. സുരേഷ് ബാബു ആണെന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം. ജില്ലാ സെക്രട്ടറിയെ മാറ്റിയതിനാൽ, ഈ നേതാവിനു കൂടി വൈകാതെ സ്ഥാനം തെറിക്കാനാണ് സാധ്യത.
പാലക്കാട്ടെ സി.പി.എമ്മിൽ സമവാക്യങ്ങൾ മാറി വരുന്നതിന്റെ സൂചന കൂടിയാണ് വിശാല ജില്ലാകമ്മിറ്റിയിലെ ഇളക്കി പ്രതിഷ്ഠ. സുരേഷ് ബാബു-സി.കെ. രാജേന്ദ്രൻ അച്ചുതണ്ടാണ് ഇതുവരെ പാർട്ടിയെ നിയന്ത്രിച്ചിരുന്നതെന്നാണ് സി.പി.എമ്മിലെ അണിയറസംസാരം. ആദ്യകാലത്ത് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്ന എൻ.എൻ.കൃഷ്ണദാസ് പിന്നീട് ചുവടുമാറിയത്രേ.
എം.ബി.രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാവുകയും മുൻകാല എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ നേതാവായ വി.ചെന്താമരാക്ഷൻ ജില്ലാ സെക്രട്ടറിയാവുകയും ചെയ്തതോടെ, ഈ അച്ചുതണ്ടിലേക്ക് പാർട്ടിയുടെ അധികാരം മാറിക്കഴിഞ്ഞു. മുൻകാല യുവനിരയുടെ ഭാഗമായ എൻ.എൻ.കൃഷ്ണദാസും ഇക്കൂട്ടത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പുതിയ അച്ചുതണ്ട് ശക്തിപ്പെട്ടതോടെ, പഴയ സിംഹാസനങ്ങളുടെ മാറാലക്കെട്ടിൽനിന്നും പുറത്തു വരികയാണ് പാലക്കാട്ടെ സി.പി.എം.
Content Highlights: CPM Palakkad district secretary EN Suresh Babu was removed from his post following a serious misconduct complaint by a woman lawyer., Leadership reviewed digital evidence, leading to strict intervention by Pinarayi Vijayan and MB Rajesh., Further disciplinary actions are expected amid factionalism within the Palakkad CPM unit.