പരസ്യ ചിത്രീകരണത്തിനിടയിൽ കാർ ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബീച്ച് റോഡിൽ വെള്ളയിൽ ഭാഗത്ത് പരസ്യത്തിനായുള്ള റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകരകടമേരി തച്ചിലേരി താഴെ കുനിയിൽ സുരേഷ് ബാബുവിൻ്റെ മകൻ ആൽവിൻ ടികെ ആൽവിൻ(21) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. KL 10 BK 0001 ഡിഫൻഡർ കാറാണ് അപകടം ഉണ്ടാക്കിയത്. വാഹനം ഓടിച്ച ആൾക്കെതിരെ കേസ് എടുക്കും.
Content Highlights: accident while shooting reels young man died