പ്രളയത്തിലും മുങ്ങില്ലെന്ന അവകാശവാദം പാഴായി; കനത്തമഴയിൽ വെള്ളത്തിലായി ഉയരപ്പാതയാക്കിയ എ.സി റോഡ്

ആലപ്പുഴ: ഏതു പ്രളയത്തിലും മുങ്ങില്ലെന്ന അവകാശവാദത്തോടെ കോടികൾ ചെലവഴിച്ച് നവീകരിച്ച എ.സി. റോഡ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം കഴിയുംമുൻപേ വെള്ളത്തിലായി. പലയിടത്തായി മുക്കാൽ കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. എ.സി. കോളനി, പൂവം, ഒന്നാംകര, പാറക്കൽ, കിടങ്ങറ ഈസ്റ്റ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുന്ന അവസ്ഥയാണുള്ളത്. വെള്ളം കയറുന്നതിന്റെ തോത് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെടുമോ എന്ന ഭീതിയിലാണ് യാത്രക്കാരും പ്രദേശവാസികളും. കിടങ്ങറ ഭാഗത്തെ വെള്ളക്കെട്ടിൽ കേടായ കാർ അവസാനം ഉടമസ്ഥൻ ഉപേക്ഷിച്ചുപോയി.
2018-ലുണ്ടായ പ്രളയത്തിൽ എ.സി. റോഡ് ദിവസങ്ങളോളം മുങ്ങിക്കിടന്നു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്ക് കുട്ടനാട്ടിലെത്താൻ പറ്റാത്ത സാഹചര്യവുമുണ്ടായി. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഉയരപ്പാതയായി എ.സി. റോഡ് പുനർനിർമിക്കാൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്.
ഭാവിയിൽ ഏതു വലിയ പ്രളയമുണ്ടായാലും തടസ്സമില്ലാതെ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന റോഡ് എന്നാണ് അവകാശവാദമുന്നയിച്ചിരുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.പി. വഴി 752 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക രീതിയിലുള്ള ഈ നവീകരണ പദ്ധതി തയ്യാറാക്കിയത്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിലും എ.സി. റോഡിൽ വെള്ളം കയറിയിരുന്നു. ആക്ഷേപം ഉയർന്നപ്പോൾ റോഡ് പണി പൂർണമായില്ലെന്നു റഞ്ഞ് അധികൃതർ തടിതപ്പുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്ന. റോഡിന്റെ പുനർനിർമാണോദ്ഘാടനം.
പാഴായ അവകാശവാദങ്ങൾ
- മഴക്കാലത്ത് കുട്ടനാട് വെള്ളത്തിനടിയിലായാലും എ.സി. റോഡിലൂടെയുള്ള ഗതാഗതം ഒരു കാരണവശാലും തടസ്സപ്പെടില്ല.
- വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമാകുന്ന ഭാഗങ്ങളിൽ മേൽപ്പാലങ്ങളും കോസ്വേകളും ജിയോ ടെക്സ്റ്റെൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് റോഡിന്റെ ഉയരം വർധിപ്പിച്ച് വെള്ളംകയറാത്ത രീതിയിലാണ് നിർമാണം.
- കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ വലിപ്പമേറിയ ഓടകളും കലുങ്കുകളും സ്ഥാപിക്കുന്നതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടക്കില്ല.
കരാറൊപ്പിട്ടവർ മറുപടി പറയണമെന്ന് റെജി ചെറിയാൻ
മുൻകാലത്ത് ഈ റോഡുനിർമാണത്തിന് കരാറൊപ്പിടുകയും നേതൃത്വം നൽകുകയും ചെയ്തവർ വെള്ളക്കെട്ടിനു കൃത്യമായ മറുപടി പറയണമെന്ന് റെജി ചെറിയാൻ എം.എൽ.എ. ലോകത്തെങ്ങും കാണാത്ത രീതിയിലുള്ള ഡിസൈനാണ് എ.സി. റോഡ് പുനർനിർമാണത്തിൽ നടപ്പാക്കിയിരിക്കുന്നത്. കിലോമീറ്ററിന് 24 കോടി രൂപയോളം ചെലവഴിച്ചിട്ടും കുട്ടനാട്ടിൽ പ്രളയസമാനമായ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും റോഡിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ഓട പ്ലസ് ലെവലിലും റോഡ് മൈനസ് ലെവലിലും നിർമിച്ചതടക്കം വലിയ അപാകങ്ങളാണ് റോഡിലുള്ളത്. റോഡുനിർമാണത്തിലെ അശാസ്ത്രീയതയെക്കുറിച്ചും ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും അടിയന്തരമായി പരിശോധന നടത്തും.
Content Highlights: AC Road submerged within five months of inauguration despite 752 crore investment. Critical areas like Kidangara and AC Colony are facing severe traffic disruptions., Project was designed as an elevated road to withstand floods using Rebuild Kerala funds., MLA Reji Cherian demands investigation into construction flaws and official negligence.