അഭിമന്യു കേസ്: ആറുസാക്ഷികൾ പ്രതികൾക്ക് അനുകൂലമായി കൂറുമാറി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്കിടെ ആറുസാക്ഷികൾ കൂറുമാറി. പ്രതികളുടെ ബന്ധുവും സുഹൃത്തുക്കളുമാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്. പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിച്ച് 10 മുതൽ 15 വരെ സാക്ഷികൾ കൂറുമാറിയതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിച്ചു.
ആറാം പ്രതി പി.എം. റെജീബിന്റെ അയൽക്കാരൻ മുഹമ്മദ് അബ്ദുൾ, ഏഴാം പ്രതി അബ്ദുൾ നാസറിന്റെ അയൽക്കാരൻ സിറാജ്, എട്ടാം പ്രതി ആദിൽ ഉപയോഗിച്ച ഇരുചക്രവാഹനത്തിന്റെ ആർ.സി. ഉടമ അമാൻ മൊയ്തീൻ, സഹോദരൻ നൗഫാൻ മൊയ്തീൻ, 12–ാം പ്രതി മുഹമ്മദ് ഷഹിമിന്റെ ഭാര്യ റൂബിയ, 16-ാം പ്രതി സനിദ് ജോലിചെയ്ത സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീനാഥ് എന്നിവരാണിത്. ഇവരെ തിങ്കളാഴ്ച കോടതി വിസ്തരിച്ചിരുന്നു.
സാക്ഷികൾ പ്രതികളുടെ അടുപ്പക്കാരായതിനാൽ അവർക്ക് അനുകൂല മൊഴിയാണ് നൽകിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ചൂണ്ടിക്കാട്ടി.
ആറാം പ്രതി പി.എം. റെജീബിന്റെ അയൽക്കാരനായ മുഹമ്മദ് അബ്ദുൾ പോലീസിന്റെ സേർച്ച് ലിസ്റ്റിൽ താൻ ഒപ്പിട്ട സ്ഥലം മാറ്റി പറഞ്ഞു. ഏഴാം പ്രതി അബ്ദുൾ നാസറിന്റെ അയൽക്കാരൻ സിറാജ് പോലീസിന്റെ ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നാണ് പറഞ്ഞത്.
ഇരുചക്രവാഹനം കേസിലെ എട്ടാം പ്രതിക്ക് വിറ്റുവെന്ന കാര്യം അമാൻ മൊയ്തീനും നൗഫാൻ മൊയ്തീനും കോടതിയിൽ നിഷേധിച്ചു. മുഹമ്മദ് ഷഹീം ബൈക്ക് ഉപയോഗിക്കാറില്ലെന്നും കേസിൽ ഒളിവിൽ പോയിട്ടില്ലെന്നും റൂബിയ മൊഴി നൽകി. സനിദ് ഒളിവിൽപോയത് അറിയില്ലെന്ന് ശ്രീനാഥും മൊഴി നൽകി.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. സാക്ഷി വിസ്താരം ചൊവ്വാഴ്ചയും തുടരും.
Content Highlights: Six witnesses turned hostile during the Abhimanyu murder case trial in Ernakulam Principal Sessions Court., The hostile witnesses include relatives and friends of the accused, such as neighbors and vehicle owners., Special Public Prosecutor G. Mohanraj noted that witnesses gave favorable statements due to their closeness to the accused., Witness testimonies denying police documents and vehicle sales were recorded before Judge K.K. Balakrishnan.