അബ്ദുറഹിമാൻ രണ്ടത്താണിയെത്തി; പി.എം.എ. സമീറിന് പിന്തുണ

തിരൂരങ്ങാടി: മുസ്ലിംലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തെത്തുടർന്ന് നേതൃത്വത്തിനെതിരേ പരസ്യ പ്രതിഷേധമുയർത്തുകയും എൽ.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പുറത്തുവരുകയും ചെയ്ത മുസ്ലിംലീഗ് നേതാവും മുൻ എം.എൽ.എ.യുമായ അബ്ദുറഹിമാൻ രണ്ടത്താണി യു.ഡി.എഫ്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരൂരങ്ങാടിയിലെത്തി.
യു.ഡി.എഫ്. സ്ഥാനാർഥിയായി തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതോടെയാണ് അബ്ദുറഹിമാൻ രണ്ടത്താണി ഫെയ്സ്ബുക്കിൽ പ്രതിഷേധക്കുറിപ്പ് ഇട്ടത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ വിമർശിക്കുന്നതായിരുന്നു കുറിപ്പ്. സാദിഖലി തങ്ങളെ കരുവാക്കി ചിലരുടെ താത്പര്യത്തിനാണ് തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർഥിയാക്കിയതെന്നായിരുന്നു അബ്ദുറഹിമാൻ രണ്ടത്താണിയുടെ പരസ്യവിമർശനം. മുസ്ലിംലീഗുമായി ഇടഞ്ഞ അബ്ദുറഹിമാൻ രണ്ടത്താണിയെ തിരൂരങ്ങാടിയിൽ സ്ഥാനാർഥിയാക്കാൻ എൽ.ഡി.എഫ്. ശ്രമങ്ങൾ നടത്തിയതും വാർത്തയായിരുന്നു.
അതിനിടെ പാണക്കാട്ടെത്തി ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. നേതൃത്വത്തിനെതിരേ പ്രതികരിച്ചതോടെ മുസ്ലിംലീഗ് പ്രവർത്തകരും അബ്ദുറഹിമാൻ രണ്ടത്താണിക്കെതിരേ രൂക്ഷമായാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നും കാര്യമായി പ്രത്യക്ഷപ്പെടാതിരുന്ന അബ്ദുറഹിമാൻ രണ്ടത്താണി വെള്ളിയാഴ്ച വൈകീട്ട് തെന്നല ഗ്രാമപ്പഞ്ചായത്തിലെ വാളക്കുളം കുളങ്ങരയിൽ യു.ഡി.എഫ്. കുടുംബസംഗമത്തിനെത്തി. വേദിയിലെത്തിയ സ്ഥാനാർഥി പി.എം.എ. സമീറിനെ ആലിംഗനംചെയ്താണ് അബ്ദുറഹിമാൻ രണ്ടത്താണി പിന്തുണ അറിയിച്ചത്.
Content Highlights: Abdurahman Randathani publicly reconciles with the UDF leadership., End of speculation regarding Randathani joining the LDF., Official support extended to PMA Sameer for the 2026 Tirurangadi assembly seat., Resolution of internal party dispute facilitated by Panakkad Abbassali Shihab Thangal.