ശ്രീലേഖയുടെ ആരോപണങ്ങൾ ശുദ്ധ അസംബന്ധം, സാമുദായിക സ്പർധയുണ്ടാക്കാനുള്ള ശ്രമം- എ.എ. റഹീം

തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും നിലവിലെ സർക്കാർ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമുള്ള വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർഥിയും മുൻ പോലീസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയുടെ വിവാദ പ്രസംഗത്തിൽ പ്രതികരണവുമായി സിപിഎം രാജ്യസഭാ എംപി എ.എ. റഹീം.
ശ്രീലേഖയുടെ ആരോപണങ്ങൾ 'ശുദ്ധ അസംബന്ധം' ആണെന്നും കേരളത്തെ അപമാനിക്കാനും മുസ്‌ലിം വിഭാഗത്തെ അധിക്ഷേപിക്കാനും നടത്തുന്ന ബോധപൂർവ്വമായ പ്രചരണമാണിതെന്നും റഹീം പ്രതികരിച്ചു. സാമുദായിക സ്പർധ സൃഷ്ടിക്കാനായി സംഘപരിവാർ നടത്തുന്ന കൃത്യമായ നീക്കമാണിതെന്നും ബിജെപി സ്ഥാനാർഥിയുടെ ഈ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു റഹീമിന്റെ പ്രതികരണം.
നേരത്തേ ശാസ്തമംഗലത്ത് ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാൽ, നിലവിലെ സർക്കാർ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. അതിക്രൂരമായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾപോലും സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഒരു പോലീസ് ഓഫീസറായ തനിക്കുപോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു സഹായവും ലഭിച്ചില്ല. മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായിട്ടും സർക്കാർ നടപടിയെടുത്തില്ല. കേരളത്തിൽ സ്ത്രീ സുരക്ഷ ഇല്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: AA Rahim refutes R. Sreelekha's claims regarding Love Jihad in 2026., Categorization of allegations as deliberate communal propaganda., Focus on maintaining social harmony during the 2026 election cycle., Direct response to Vattiyoorkavu NDA candidate's public statements.