വിഡി സതീശൻ വനവാസത്തിന് പോകരുത്, രേവന്ദ് റെഡ്ഡി അപമാനിച്ചത് കേരളത്തിലെ ജനങ്ങളെ - എഎ റഹീം

എ.എ. റഹീം
എ.എ. റഹീം

തിരുവനന്തപുരം: ജില്ലയിലെ 14 മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറിയും എംപിയുമായ എ.എ. റഹീം. ബിജെപിക്ക് വോട്ട് ചെയ്തിട്ട് കേരളത്തിന് എന്താണ് ഗുണമെന്നും ബിജെപി അക്കൗണ്ടുകൾ ഡബിൾ പൂട്ടിട്ട് പൂട്ടുമെന്നും റഹീം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. തോറ്റാൽ രാഷ്ട്രീയ വനവാസം എന്നുപറഞ്ഞ വിഡി സതീശൻ്റെ പ്രസ്താവന അപക്വമായിപ്പോയെന്നും റഹീം പറഞ്ഞു. പണ്ട് ഇന്ദിരാഗാന്ധി വനവാസത്തിന് പോയില്ലല്ലോ എന്നും റഹീം പരിഹസിച്ചു. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഭരണമാറ്റ വികാരം ഉണ്ടെന്ന് വരുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിങ് വർധിച്ചത് എൽഡിഎഫിന് ഗുണം ചെയ്യുമോ, എന്താണ് ജില്ലയിലെ ഇപ്പോഴത്തെ ട്രെൻഡ് ?

എൽഡിഎഫിന് വളരെ ശുഭ പ്രതീക്ഷയാണ് ഉള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി ജില്ലയിൽ ജനങ്ങൾ വിധി എഴുതി എന്നത് ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നു. ജില്ലയിലെ എല്ലാ സ്ഥാനാർഥികളോടും സംസാരിച്ചു, അവരെല്ലാം വലിയ ആത്മവിശ്വാസത്തിലാണ്. പോളിങ് വർധിച്ചതിനെ അനുകൂലമായാണ് കാണുന്നത്. അതിൽ ഏറ്റവും പ്രധാനമായി കാണുന്നത് ഭരണ നേട്ടത്തോട് പ്രതികരിക്കാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടായിരുന്നു എന്നതാണ്. ജനങ്ങൾക്കെല്ലാം ക്ഷേമം എത്തിയ ഒരു കാലമാണിത്. സ്ത്രീ സുരക്ഷാ പദ്ധതിക്കും സാമൂഹിക സുരക്ഷ പെൻഷനും അർഹരായവർ വോട്ട് ചെയ്യാൻ എത്തിയില്ലേ. യുഡിഎഫ് ആണ് വരുന്നതെങ്കിൽ ഒരു കാരണവശാലും ഈ പെൻഷൻ ലഭിക്കില്ലെന്ന് ആളുകൾക്കറിയാം. യുഡിഎഫ് വന്നാൽ പെൻഷൻ മുടങ്ങും എന്ന് അറിയാവുന്നവർ പോളിങ് ബൂത്തിൽ എത്തി കഴിഞ്ഞാൽ വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനല്ലാതെ വേറെ ആർക്കാണ്? ഇതാണ് ഞങ്ങളുടെ ആത്മവിശ്വാസം. മറ്റൊന്ന് ഞങ്ങളുടെ ഈ ജില്ലയിലെ സ്ഥാനാർഥികൾക്കുള്ള ജനസ്വീകാര്യതയാണ്. ജനങ്ങൾ വോട്ട് ചെയ്യാൻ പോയത് അവരുടെ വീട്ടിലെ ഒരാൾക്ക് വേണ്ടിയിട്ടാണ്. ഇവിടെ നെക്സ്റ്റ് ഡോർ ബോയ് വേണ്ടിയിട്ടാണ് വോട്ട് ചെയ്യാൻ പോയത്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്ര ആത്മവിശ്വാസം.

തിരുവനന്തപുരത്ത് എത്ര സീറ്റ് പ്രതീക്ഷിക്കുന്നുണ്ട് ? ‌

ചില കണക്കുകൾ ഇനിയും വരാനുണ്ട്. ഏറ്റവും ഒടുവിലത്തെ വിലയിരുത്തൽ അനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ 14 സീറ്റും ഞങ്ങൾക്ക് നേടാൻ കഴിയും. മറ്റു മണ്ഡലങ്ങളുടെത് വരാനിരിക്കുന്നേ ഉള്ളൂ. എങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം കേരളം ഭരിക്കും എന്നത് ഉറപ്പാണ്. കഴിഞ്ഞ തവണത്തേതിനേക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷവും സീറ്റും ഞങ്ങൾക്ക് ഉണ്ടാകും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങൾ ഒരു ദ്രോഹവും ഇവിടെ ആരോടും ചെയ്തിട്ടില്ല. ഞങ്ങൾ ജനങ്ങൾക്കിടയിലായിരുന്നു, ജനങ്ങൾക്കൊപ്പമായിരുന്നു. ആ ജനങ്ങൾ ഞങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കും. ഞങ്ങളുടെ വാക്കിന് ഉറപ്പുണ്ടെന്നും പറഞ്ഞാൽ നടക്കുമെന്നും ഭരിക്കാൻ അറിയുമെന്നും ജനങ്ങൾക്ക് മനസ്സിലായി. തമ്മിലടിക്കാത്ത ഞങ്ങൾക്ക് ജനങ്ങൾ വോട്ടുചെയ്യും. പിണറായി വിജയനെപ്പോലൊരു നേതാവിൻ്റെ നേതൃത്വം കേരളത്തിന് ഉചിതമാണെന്ന വിലയിരുത്തലിൽ ജനങ്ങൾ വോട്ടുചെയ്യും.

ഭരണത്തിലെത്താൻ തിരുവനന്തപുരം യുഡിഎഫിന് നിർണായകമാണ്. ജില്ലയിൽ പലയിടത്തും വിജയിക്കാനാകുമെന്ന് യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടല്ലോ ?

യുഡിഎഫ് എങ്ങനെയാണ് തിരുവനന്തപുരത്ത് പ്രതീക്ഷ വെക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവർ ജനങ്ങളെ വല്ലാതെ വിലകുറച്ചുകാണുകയാണെന്ന് എനിക്ക് തോന്നുന്നു. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനു വേണ്ടിയിട്ടാണ് കെപിസിസിയുടെ സ്ഥാനാർഥി നിർണയ പട്ടിക തന്നെ വൈകിയത്. ഈ ജില്ലയിലെ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാൻ ദിവസങ്ങൾ എടുത്തു. ആ അടി ഇപ്പോഴും ഉണ്ട്. പലതും അമർന്നു കത്തുന്നു എന്നേ ഉള്ളൂ, അത് ബാലറ്റിൽ പ്രതിഫലിക്കും. അത്രമേൽ വലിയ അനൈക്യം അവർക്കിടയിൽ ഉണ്ട്. ഞങ്ങളുടെ കരുത്ത് ഞങ്ങളുടെ ഐക്യമായിരുന്നു. അതിലേറെ ജനങ്ങൾക്ക് സ്വീകാര്യമായ സ്ഥാനാർഥികളും. സമ്മർദ്ദത്തിന്റെ ഫലമായി യുഡിഎഫിന് നിർത്തേണ്ടി വന്ന കുറെ സ്ഥാനാർഥികളുണ്ട്. ഇല്ലെങ്കിൽ അവർ ബിജെപിയിൽ പോകുമെന്ന് ഭയപ്പെട്ടിട്ടുണ്ട്. പലതര സമ്മർദ്ദങ്ങൾക്ക് വിധേയമായി യുഡിഎഫിന് സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ പോസ്റ്റർ അടിച്ചുകൊണ്ട് പ്രചരണ പ്രവർത്തനങ്ങൾക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ച പലർക്കും സീറ്റ് ലഭിച്ചില്ല. ഈ അനൈക്യം ജനങ്ങൾ കാണുന്നുണ്ട്. ആ ജനങ്ങൾ യുഡിഎഫിനെ ജയിപ്പിക്കും എന്ന് കരുതുന്നുണ്ടോ?

തിരുവനന്തപുരത്ത് ബിജെപി മൂന്ന് മണ്ഡലങ്ങളിലെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ടല്ലോ ?

തിരുവനന്തപുരത്ത് ബിജെപി പോരാട്ടത്തിൽ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി ഞങ്ങളോട് ഏറ്റുമുട്ടി. ഇവിടുങ്ങളിൽ ബിജെപി തന്നെയായിരുന്നു ഞങ്ങളുടെ മുഖ്യ എതിരാളി. ഈ മൂന്നിടത്തും എൽഡിഎഫ് ശക്തമായ വിജയം നേടും. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറന്ന ചരിത്രമുണ്ട്. 2021ൽ ഞങ്ങൾ ആ അക്കൗണ്ട് പൂട്ടിയതാണ്. ഇത്തവണ ഞങ്ങൾ ഡബിൾ പൂട്ടിട്ട് പൂട്ടും. ഇതാണ് ഞങ്ങളുടെ ആത്മവിശ്വാസം.

ഫലം വരുന്നവരെ സ്വപ്നം കാണാനുള്ള അവകാശം ബിജെപിക്ക് ഉണ്ട്. അത് അവർ കണ്ടോട്ടെ എന്നേ പറയാനുള്ളൂ. ഇവർക്ക് വോട്ട് ചെയ്തിട്ട് എന്താണ് കേരളത്തിന് നേട്ടമുള്ളത്? അത് ഒരു പ്രധാനപ്പെട്ട ചോദ്യം അല്ലേ? ഇവർ കേരളത്തിന് എന്ത് നൽകുന്നു? ഇത് കേരളം ചിന്തിക്കില്ലേ? മുമ്പൊക്കെ ഇവർ പറഞ്ഞിരുന്നു കേരളത്തിൽ ജയിക്കാത്തത് കൊണ്ടാണെന്ന്. ജയിച്ചതിനു ശേഷം ഇവർ എന്താണ് കേരളത്തിന് നൽകിയത്? തൃശ്ശൂർ കോൺഗ്രസിന്റെ സഹായത്തോടുകൂടി ബിജെപിക്ക് അങ്ങോട്ട് തുറക്കാനായി. കോൺഗ്രസിന്റെ സഹായത്തോടുകൂടി തിരുവനന്തപുരം നഗരസഭ ബിജെപിക്ക് പിടിക്കാനായി. തിരുവനന്തപുരം നഗരത്തിനോ തൃശ്ശൂരിനോ കേരളത്തിൽ എവിടെയെങ്കിലുമോ എന്തെങ്കിലും ഒരു കാര്യം ഇവർ നൽകിയതായ ചരിത്രം ഉണ്ടോ? ഏതെങ്കിലും സ്പെഷ്യൽ പാക്കേജ് ആയിട്ട് എന്തെങ്കിലും നൽകിയോ? ഒന്നും നൽകിയില്ലല്ലോ. അപ്പോൾ അതിന്റെ അർത്ഥം എന്താണ്? ഇവർ എന്തിനാണ് വോട്ട് ചോദിക്കുന്നത്? കേരളത്തിലെ ജനങ്ങൾക്ക് അവഗണന മാത്രമല്ലേ ഉള്ളത്? കൊടിയ വിവേചനമാണ്.

സാമൂഹിക ഐക്യം തകർന്ന് കാണണമെന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നില്ല. ബിജെപിക്ക് വോട്ട് വളർച്ച ഉണ്ടായിട്ടുണ്ട് എന്നത് ഞാൻ സമ്മതിക്കുന്നു. അത് വലിയ തോതിലുള്ള സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് സംഭവിച്ചത്. പക്ഷേ ആ ശ്രമത്തെ അതിജീവിക്കാനും ചെറുത്ത് തോൽപ്പിക്കാനും കഴിയുന്ന വലിയ ഒരു മതേതര ശക്തി ഇപ്പുറത്തുണ്ട്. അവരിലാണ് ഞങ്ങളുടെ വിശ്വാസം. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല.

കേരളത്തിൽ വലിയ തോതിലാണ് പണം ഒഴുകുന്നത്. ചെറിയ രൂപത്തിലല്ല, നമുക്കൊന്നും ഊഹിക്കാനാകാത്ത വിധമാണ്. അതിൻ്റെ ചെറിയൊരു അംശമാണ് പാലക്കാട്ടെ ദൃശ്യങ്ങളിൽ കണ്ടത്. നേമം ഉൾപ്പടെ എല്ലാ മണ്ഡലങ്ങളിലും എത്ര കോടി ഒഴുക്കിക്കാണും. ഞങ്ങളുടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സഖാക്കളെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കാരണം അവർ ഏറ്റുമുട്ടിയത് വലിയ പണക്കൊഴുപ്പിന് എതിരെ കൂടിയായിരുന്നു.

ബിജെപിയുടെ മാത്രമല്ല, തെലങ്കാനയിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴുക്കിയത് കോടികളാണ്. എൻഡിഎയും യുഡിഎഫും ഒഴുക്കിയ കോടികളെ കൂടി അതിജീവിച്ചാണ് ഞങ്ങളുടെ സഖാക്കൾ ഈ ഈ ചൂടത്തും മഴയത്തും വലിയ പണിയെടുത്തത്. അവരിലാണ് ഞങ്ങളുടെ ആത്മവിശ്വാസം.

രണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ഏറ്റുമുട്ടൽ അനൗചിത്യപരമായില്ലേ, ഈ ചർച്ചകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലേ ?

കേരളത്തിൽ വന്നിട്ട് നമ്മുടെ മുഖ്യമന്ത്രിയെ അങ്ങനെയെല്ലാം വിളിക്കാൻ പാടുണ്ടോ? എന്താണ് രേവന്ത് റെഡ്ഡിക്ക് കേരളത്തിലുള്ള താത്പര്യം? രാഷ്ട്രീയ താത്പര്യത്തിന് മുകളിൽ വേറെ എന്തെങ്കിലും താല്പര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടോ? അത് വരും ദിവസങ്ങളിൽ മനസ്സിലാകും.

കേരളത്തിൻ്റെ മുഖ്യമന്ത്രിയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അത് മലയാളികളുടെ ആത്മാഭിമാനത്തിന് നേരെ കൂടിയുള്ള ആക്രമണമല്ലേ. കോൺഗ്രസിന് രാഷ്ട്രീയ ആയുധങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് രേവന്ദ് റെഡ്ഢിയെ ഇറക്കിയത്. വാടകയ്ക്ക് എടുത്ത ഒരാളെപ്പോലെയാണ് അദ്ദേഹം പെരുമാറിയത്. മറ്റൊരു പദം ഞാൻ ഉപയോഗിക്കുന്നില്ല, അത് എൻ്റെ രാഷ്ട്രീയ സംസ്കാരത്തിന് ചേരുന്നതല്ല. മലയാളികളെ ആണ് അദ്ദേഹം അപമാനിച്ചത്. മലയാളികളുടെ ആത്മാഭിമാനത്തെയാണ് ആക്രമിച്ചത്. അത് ശരിയല്ല. അതിനൊക്കെ ജനം തീർച്ചയായിട്ടും ബാലറ്റിൽ കോൺഗ്രസിനെതിരെ മറുപടി പറയും.

കോൺഗ്രസിന് രാഷ്ട്രീയമായി ഒന്നും പറയാനില്ല. 10 വർഷം നീണ്ടുനിന്ന ഞങ്ങളുടെ ഗവൺമെന്റിനെതിരെ ഒരു അഴിമതി ആരോപണം പറയാനില്ല. ഞങ്ങൾ വാഗ്ദാന ലംഘനം നടത്തി എന്ന് പറയാനില്ല. സാമൂഹിക ഐക്യം തകർക്കുന്ന എന്തെങ്കിലും ഒരു പ്രവർത്തനം ഞങ്ങളുടെ കാലത്ത് ഉണ്ടായി എന്ന് പറയാൻ ആകുന്നില്ല. ഇതൊന്നും പറയാനില്ലാതെ വരുമ്പോൾ രാഷ്ട്രീയമായി നിരായുധരായ കോൺഗ്രസ് വളരെ വിലകുറഞ്ഞ കളിക്ക് വാടകയ്ക്ക് ഇറക്കിയ കഥാപാത്രമാണ് രേവന്ത് റെഡ്ഢി. അതിന് ജനം മറുപടി നൽകും.

എൽഡിഎഫിൻ്റെ നിലനിൽപ്പിന് ഭരണമാറ്റം വേണമെന്നാണ് എ.കെ. ആൻ്റണിയുടെ അഭിപ്രായം ?

തിരഞ്ഞെടുപ്പിലെ മാതൃഭൂമിയുടെ സർവേ ഞാൻ ശ്രദ്ധിച്ചിരുന്നു. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല. ഇവിടെ ഭരണമാറ്റ വികാരമാണ് കോൺഗ്രസ് സൃഷ്ടിക്കാൻ ശ്രമിച്ചത്. അതാണ് എ.കെ. ആൻ്റണിയുടെ വാക്കിലുള്ളത്. എ.കെ. ആൻ്റണി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ഇപ്പോൾ ഭരണവിരുദ്ധ വികാരം ഇല്ലാത്തതുകൊണ്ടാണ് അവർ ഭരണമാറ്റ വികാരത്തിൽ അഭയം പ്രാപിക്കാൻ ശ്രമിക്കുന്നത്. 10 വർഷം ആയില്ലേ ഒന്ന് മാറണ്ടേ? മാറുന്നതാണ് എൽഡിഎഫിന് നല്ലതെന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ആണെങ്കിൽ യുഡിഎഫിന് നല്ലതായ ആ കാര്യം അവർ സ്വീകരിച്ചാൽ പോരെ. ഭരണത്തിൽ ഇല്ലാതിരിക്കുന്നതാണ് ഒരു മുന്നണിക്ക് നല്ലതെങ്കിൽ അദ്ദേഹത്തിന്റെ പാർട്ടിയെയും മുന്നണിയെയും പ്രതിപക്ഷത്ത് വീണ്ടും ഇരുത്തുന്നതല്ലേ അഭികാമ്യം. യുക്തിരഹിതമാണ് അദ്ദേഹത്തിന്റെ വാദം.

മതത്തെ ചർച്ചയാക്കി വോട്ടുവിഭജനം നടത്തുന്ന പ്രവണത വർധിക്കുകയാണല്ലോ ?

കഴിഞ്ഞ കുറച്ചുകാലമായി തിരഞ്ഞെടുപ്പുകളിൽ മതത്തെ ഉപയോഗിക്കുകയാണ്. എന്നിട്ട് വി.ഡി. സതീശൻ എപ്പോഴും പറയുന്നു താൻ നെഹ്റുവിയൻ കോൺഗ്രസ് ആണെന്ന്. നെഹ്റു ഇന്ത്യൻ രാഷ്ട്രീയത്തിൽ നടത്തിയ വലിയ അടയാളപ്പെടുത്തൽ എന്ന് പറയുന്നത് മതവും രാഷ്ട്രീയവും എപ്പോഴും രണ്ടായി നിൽക്കണം എന്നതാണ്. മതത്തിന് രാഷ്ട്രീയത്തിൽ ഇടമില്ല എന്നാണ് നെഹ്റു പറയുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ കോൺഗ്രസ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിശ്വാസത്തെയാണ് വിപണിവത്കരിക്കാൻ ശ്രമിച്ചത്. ഇന്ത്യൻ പാർലമെൻറ് മുമ്പിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാർ അയ്യപ്പ പാരടി ഗാനം പാടിയത്. രാഹുൽ ഗാന്ധിയെ പോലൊരു വ്യക്തി ഇവിടെ വന്നിട്ട് ആ പാട്ട് പാടുകയാണ്. ഞങ്ങൾക്കെതിരെ രാഷ്ട്രീയമായി ഒന്നും പറയാനില്ലാതെ വരുമ്പോൾ അവർ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുകയാണ്. സാമുദായിക സ്പർദ്ധ വളർത്തിയെടുക്കാൻ മതത്തെ ആയുധമാക്കിയെടുക്കുകയാണ്. വിശ്വാസത്തെ ആയുധമായി എടുക്കുകയാണ്. അതിന് ജനം മറുപടി നൽകും. ഞങ്ങൾ വികസനവും ക്ഷേമവുമാണ് സംസാരിക്കുന്നത്. അതിന് ജനങ്ങൾ നല്ല നിലയിൽ തന്നെ പിന്തുണ നൽകും എന്നാണ് ഞങ്ങൾ കരുതുന്നത്.

തോറ്റാൽ രാഷ്ട്രീയ വനവാസം എന്നുപറഞ്ഞ വി.ഡി. സതീശൻ്റെ പ്രസ്താവനയോട് എന്താണ് പ്രതികരണം ?

അപക്വമായ ഒരു നിലപാട് ആണ് അത്. യുഡിഎഫ് അധികാരത്തിൽ വരില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അദ്ദേഹം വനവാസത്തിന് പോകുകയും അരുത് എന്നാണ് എൻ്റെ അഭിപ്രായം. എന്തിനാണ് ഇങ്ങനെ പറയുന്നത്. അപക്വമായ പ്രസ്താവനയാണ് അത്. അങ്ങനെ ആണെങ്കിൽ ഇന്ദിരാ ഗാന്ധി വനവാസത്തിന് പോകേണ്ടതായിരുന്നില്ലേ. സർവ്വ പ്രതാപയായിരുന്ന സമയത്തല്ലേ ഇന്ദിരാ ഗാന്ധി പരാജയപ്പെടുന്നത്. ഇന്ദിരാഗാന്ധി വനവാസത്തിന് പോയോ. ആരെല്ലാം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇവരെല്ലാം വനവാസത്തിന് പോയോ. വി.ഡി. സതീശൻ്റെ അപക്വമായ ആ നിലപാട് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്.

അധികാരം കിട്ടിയാൽ ആരെയൊക്കെ മുഖ്യമന്ത്രിയാക്കും എന്നുള്ളതിനു കൂടി അദ്ദേഹം മറുപടി പറയണം. വനവാസത്തിന് പോകുന്നതിനേക്കാൾ പ്രയാസകരമായിരിക്കും യഥാർത്ഥത്തിൽ അധികാരം കിട്ടിയാൽ ഉള്ള അവസ്ഥ. അധികാരം കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് വനവാസത്തിന് പോയാൽ മതി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കും. പ്രതിപക്ഷ നേതാവൊക്കെ ആയ ആളല്ലേ. അദ്ദേഹത്തിന് അത്രയും നിർബന്ധമാണെങ്കിൽ വനവാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം.

അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ അധികാരം കിട്ടിയാൽ ഇതിനേക്കാൾ പ്രയാസകരമായ ദിവസങ്ങളായിരിക്കും എന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയാണ്. ആരെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കാൻ പോകുന്നത്. ആരെയാണ് മന്ത്രിയാക്കാൻ കഴിയുക. ഇത് ജനത്തിന് അറിയാം. ഇവരുടെ തമ്മിലടി ജനങ്ങൾ നന്നായിട്ട് ചർച്ച ചെയ്തിട്ടുണ്ട്. സ്ഥാനാർഥി പട്ടിക പോലും തയ്യാറാക്കാൻ പറ്റാത്തവരാണ് ഭരണമാറ്റത്തെ കുറിച്ച് പറയുന്നത്.

കോൺഗ്രസ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം കോൺഗ്രസ് ഉണ്ടാക്കിയതല്ല. അത് ഭരണഘടനാ നിർമ്മാതാക്കൾ ഉണ്ടാക്കിയതാണ് എന്നാണ് എൻ്റെ അഭിപ്രായം. കാരണം ഭരണഘടനാ നിർമാതാക്കൾ കുറച്ചുകൂടി വിവേകത്തോടുകൂടി അന്ന് ഭരണഘടന എഴുതുമ്പോൾ ഒരു പാർട്ടിക്ക് വേണമെങ്കിൽ അഞ്ച് മുഖ്യമന്ത്രിമാരെ എല്ലാം ഒരേ സമയം വെക്കാം എന്ന് എഴുതി ഇരുന്നു എങ്കിൽ കോൺഗ്രസ് ഈ ബുദ്ധിമുട്ടൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. യഥാർത്ഥത്തിൽ കോൺഗ്രസ് അല്ല പ്രശ്നം, ഭരണഘടന എഴുതിയവരുടെ പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ദൗർഭാഗ്യവശാൽ ഇന്ത്യൻ ഭരണഘടന എഴുതിയവർക്ക് ഒരു അബദ്ധം പറ്റിപ്പോയി. കോൺഗ്രസിനുള്ളിലെ കാര്യമാണ് ഞാൻ പറയുന്നത്. അപ്പോൾ യുഡിഎഫിലെ മറ്റു ഘടക കക്ഷികളുടെ കാര്യം എന്തായിരിക്കും?

ഈ അടിയൊക്കെ ജനം കാണുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ ബുദ്ധിപരമായി ചിന്തിക്കുന്നവരാണ്. കൃത്യമായി രാഷ്ട്രീയം പിന്തുടരുന്നവരാണ്. പരസ്പരം മിണ്ടാത്ത മന്ത്രിമാരാണെങ്കിൽ കേരളത്തിൽ വികസനം നടക്കുമോ എന്നൊക്കെ മനസ്സിലാക്കി ആളുകൾ വോട്ട് ചെയ്തിട്ടുണ്ടാകും എന്നാണ് കരുതുന്നത്.

Content Highlights: CPM leader AA Rahim asserts LDF's victory in all 14 Thiruvananthapuram seats