മലപ്പുറം പരാമര്‍ശം:മുഖ്യമന്ത്രി വിശദീകരിച്ചാല്‍ അതാണ് ശരി,പിണറായി ഇനിയും ഭരിക്കും- വിജയരാഘവൻ

നിലമ്പൂർ ചന്തക്കുന്നിൽ സി.പി.എം. നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രസംഗിക്കുന്നു | സ്ക്രീൻ​ഗ്രാബ്
നിലമ്പൂർ ചന്തക്കുന്നിൽ സി.പി.എം. നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രസംഗിക്കുന്നു | സ്ക്രീൻ​ഗ്രാബ്

നിലമ്പൂർ: സിപിഎം സ്വതന്ത്രനായിരുന്ന പി.വി.അൻവറിന് മറുപടിയുമായി നിലമ്പൂരിൽ സി.പി.എം രാഷ്ട്രീയ വിശദീകരണയോ​ഗം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തുടർഭരണം ഉണ്ടാക്കിക്കൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്ന് പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. കേരളത്തിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ മായ്ച്ചുകളയുക എന്ന പ്രവർത്തന പ്രക്രിയയിലേക്ക് നീങ്ങുന്ന വലതുപക്ഷത്തിന്റെ അണിയിലേക്ക് ഒരു അൻവർകൂടി പോയിരിക്കുന്നു എന്നതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒന്നും സംഭവിക്കാൻപോകുന്നില്ല. വർ​ഗശത്രുവിന്റെ പാളയത്തിൽനിൽക്കുന്ന ഒരാളെ കമ്യൂണിസ്റ്റ് പാർട്ടി വർ​ഗശത്രുവായിത്തന്നെയാണ് കാണുകയെന്നും അദ്ദേഹം പറഞ്ഞു

കോവിഡിന് മുന്നിൽ തോൽക്കാത്ത ഏക ജനത കേരളമാണെന്നുപറഞ്ഞ വിജയരാഘവൻ മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. മലപ്പുറം എന്ന വാക്ക് ഇപ്പോൾ പറയാൻ പാടില്ല. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമപ്രവർത്തകർ കൂടുതൽ കള്ളം പറയുന്നു. മാധ്യമപ്രവർത്തകരിൽ നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കുമൊക്കെ ഇട്ടുവരുന്നവരെ സൂക്ഷിക്കണം. അവർ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. സർക്കാരിനെതിരെ മോശം പറയാൻ മാധ്യമപ്രവർത്തകരെ ശമ്പളം കൊടുത്ത് നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"മലപ്പുറത്തെ വർ​ഗീയ കണ്ണിലൂടെ കാണുന്നത് തെറ്റാണെന്നും അത് ഈ നാടിനെതിരാണ്. അക്കാര്യത്തിലൊന്നും ആരും പേടിപ്പിക്കേണ്ട. ഉള്ളിലിരിപ്പ് കൃത്യമായി വ്യക്തമാവുന്നുണ്ട്. ഇക്കൂട്ടത്തിൽ അൻവറും കൂടി. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം നടത്തിയെന്നും അതിന്റെ യഥാർത്ഥവശം  ഇതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചാൽ അതല്ലേ ശരി. മലപ്പുറം ജില്ലയേക്കുറിച്ച് പിണറായി വിജയൻ പറഞ്ഞത് എന്ന് ദുർവ്യാഖ്യാനംചെയ്ത് ചില മാധ്യമങ്ങളും വർ​ഗീയവാദികളും ശക്തമായി രംഗത്തേക്ക് വന്നപ്പോൾ തന്റെ ഉദ്ദേശം അതല്ലെന്ന് പിണറായി വിശദീകരിച്ചതാണ്. കമ്യൂണിസ്റ്റുകാരെ വിമർശിക്കാം. പക്ഷേ ഇങ്ങോട്ട് പറയുമ്പോൾ നന്നായി കേൾക്കുകയുംചെയ്യും അങ്ങോട്ട് പറയുമ്പോൾ നന്നായി പറയുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. 

തൃശ്ശൂർ പൂരത്തിനിടയിൽ പ്രശ്നമുണ്ടായെന്നും അവിടെ സർക്കാരെടുത്ത സമീപനമെന്താണെന്നും അദ്ദേഹം ചോദിച്ചു. പിശകുകാണിച്ച ഉദ്യോ​ഗസ്ഥരോട് ഉദാരമായ സമീപനമല്ല കാണിച്ചത്. സംഭവം നടക്കുമ്പോൾ ചുമതലയിലുണ്ടായിരുന്ന ഉദ്യോ​ഗസ്ഥനെ സ്ഥലംമാറ്റി. വിശദമായ അന്വേഷണം നടത്തി. ഉയർന്നുവന്ന മൂന്ന് പ്രശ്നങ്ങൾക്ക് മൂന്നുതരം അന്വേഷണം നടത്തി. ഇപ്പോൾ ഇതേ വിഷയത്തിൽ ഒരു എ.ഡി.ജി.പിക്കുനേരെ തന്നെ നടപടി സ്വീകരിച്ചു. സർക്കാർ ന്യായമായ പ്രവർത്തനം നടത്തുകയാണ്. ഇന്ന് ആരോപണമുന്നയിച്ചു, നാളെത്തന്നെ നടപടിയെടുത്തില്ല എന്ന രീതിയിലാണ് ഇവിടത്തെ കാര്യങ്ങൾ. കമ്യൂണിസ്റ്റ് വിരോധം മൂത്തിട്ട് പിണറായിയെ കാണുമ്പോൾ ചാനൽ മുതലാളിയുടെ കാലിനടിയിൽനിന്ന് ഒരു കിലുക്കമുണ്ടാവും. അതവിടെ കിലുങ്ങി നിൽക്കുകയേയുള്ളു. കേരളത്തിൽ ഇനിയും പിണറായി ഭരിക്കും." എ.വിജയരാഘവൻ പറഞ്ഞു.  
കമ്യൂണിസ്റ്റുകാരെ വിമർശിക്കാം. പക്ഷേ അത് നിങ്ങൾക്ക് പരിക്കുണ്ടാവുന്ന തരത്തിലാവരുത്. പിണറായി ഏത് നടപടിയെടുത്താലും ഇവർക്കൊന്നും മതിയാവില്ല. തങ്ങളെപ്പോഴും സത്യത്തിന്റെയും ജനങ്ങളുടേയും പാവങ്ങളുടേയും ഭാ​ഗത്താണെന്നും എ.വിജയരാഘവൻ കൂട്ടിച്ചേർത്തു.  

Content Highlights: A Vijayaraghavan speech about ADGP and PV Anvar Controversy Thrissur Pooram Issue