മിനുട്സ് തിരുത്തി, ‘സ്വർണം പൊതിഞ്ഞ’ എന്നത് രഹസ്യമായി വെട്ടി; പത്മകുമാറിനെതിരായ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം അപഹരിക്കാന്‍ പത്മകുമാര്‍ ഒത്താശ ചെയ്തുകൊടുത്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി. ബോര്‍ഡ് യോഗത്തിലെ മിനുട്‌സില്‍ കൃത്രിമം കാട്ടി കൊള്ളയ്ക്ക് തുടക്കമിട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.
2019 മാര്‍ച്ച് 19-ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ മിനുട്ട്‌സിലാണ് പത്മകുമാര്‍ ഗുരുതരമായ കൃത്രിമം കാട്ടിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൊണ്ടുപോയ പാളികള്‍ സ്വര്‍ണം പൂശി തിരികെയെത്തുമ്പോള്‍ അത് പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള അനുമതിക്കായാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്വര്‍ണം പൊതിഞ്ഞ പിച്ചള എന്നായിരുന്നു ബോര്‍ഡിന്റെ നോട്ട്‌സില്‍ ഉണ്ടായിരുന്നത്. അത് വെട്ടി ചെമ്പ് എന്ന് സ്വന്തം കൈപ്പടയില്‍ എഴുതിവെച്ചു എന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം നിലയ്ക്ക് വെട്ടിത്തിരുത്തുകയും തുടര്‍ന്ന് ബോര്‍ഡിന്റെ അനുമതി കൂടാതെ പ്രസിഡന്റ് എന്ന നിലയില്‍ സ്വന്തം നിലയ്ക്കുതന്നെ കൊണ്ടുപോവാൻ അനുവദിക്കുന്ന് എന്നെഴുതി ഒപ്പിടുകയും ചെയ്തു. അങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഈ സ്വര്‍ണക്കൊള്ളയ്ക്കുള്ള എല്ലാ ഒത്താശകള്‍ക്കും വഴിയൊരുങ്ങിയതെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.
1998-ല്‍ വിജയ് മല്യ നല്‍കിയത് സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളാണെന്ന് കൃത്യമായി അറിയാമായിരുന്ന ആളാണ് പത്മകുമാറെന്നും റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ ഉരുപ്പടികള്‍ പുറത്തേക്ക് കൊണ്ടുപോവാന്‍ പാടില്ലെന്ന മാന്വലിലെ നിബന്ധന അറിയുന്ന ആളുമാണ്. അത് ലംഘിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇത് അനുവദിച്ചതെന്നും കണ്ടെത്തലുണ്ട്. പത്മകുമാറിനെ ഇനിയും കൂടുതല്‍ ചോദ്യം ചെയ്‌തേക്കും.
Content Highlights: Remand Report Exposes Former Devaswom Board Chief's Alleged Involvement in Gold Fraud