നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; ഹരിതകർമസേന ശേഖരിച്ചത് 92 ടൺ മാലിന്യം

ആലപ്പുഴ: ഹരിതകർമസേനയുടെ നഗരസഭകളിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. 92.743 ടൺ (92,743 കിലോ) ഇലക്ട്രോണിക് മാലിന്യമാണ് ക്ലീൻകേരള കമ്പനിക്കു കൈമാറിയത്. ചില നഗരസഭകളിൽനിന്നു ശേഖരിച്ചത് കൈമാറാനുമുണ്ട്. പദ്ധതി തുടങ്ങി മൂന്നുമാസമാകുമ്പോഴേക്ക് 93 നഗരസഭകളിൽനിന്നാണ് ഇത്രയും മാലിന്യം കിട്ടിയത്.
നഗരസഭകളിലെ അടുത്തഘട്ടം നിശ്ചയിച്ചിട്ടില്ല. പഞ്ചായത്തുകളിൽ ഉടൻ തുടങ്ങും. കൈമാറിയ മാലിന്യത്തിന് ഹരിതകർമസേനയ്ക്ക് 8.29 ലക്ഷംരൂപ ക്ലീൻ കേരള കമ്പനിയിൽനിന്നു കിട്ടി. പുനരുപയോഗിക്കാൻ കഴിയുന്നവയ്ക്കാണു പണം നൽകുന്നത്.
ജൂലായ് 15-നാണ് പദ്ധതി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ഘട്ടംഘട്ടമായി ഓരോ ജില്ലയിലും തുടങ്ങി. കൂടുതൽ ശേഖരിച്ചത് എറണാകുളം ജില്ലയിലാണ്-21,527 കിലോ. രണ്ടാമത് ആലപ്പുഴ-16,386 കിലോ. മൂന്നാമത് കോഴിക്കോട്ടാണ് -12,335. കുറവ് വയനാട് ജില്ലയിൽനിന്നാണ്-525 കിലോ.
മറ്റു ജില്ലകളിലെ കണക്ക്
തിരുവനന്തപുരം-6,549 കിലോ, കൊല്ലം-3,074, പത്തനംതിട്ട- 8,866, കോട്ടയം-7,911, ഇടുക്കി-890, തൃശ്ശൂർ-2,224, പാലക്കാട്-2,239, മലപ്പുറം-3,674, കണ്ണൂർ-4,901, കാസർകോട്-1,638.
ആപത്കരമായവ 4,935 കിലോ
അഞ്ചു ജില്ലകളിൽ നിന്നാണ് ആപത്കരമായ 4,935 കിലോ മാലിന്യം കിട്ടിയത്. ട്യൂബ് ലൈറ്റ്, സിഎഫ്എൽ തുടങ്ങിയവയാണത്. കൂടുതൽ കണ്ണൂരിൽ നിന്നാണ്-3,661 കിലോ. ആലപ്പുഴ-345 കിലോ, കോട്ടയം-365, എറണാകുളം-553, മലപ്പുറം-11 എന്നിങ്ങനെ മറ്റു ജില്ലകളിലും.