83-ാം വയസ്സിൽ നാലാംക്ലാസ് വിജയം; പേനയും പുസ്തകവുമായി കല്യാണി വീണ്ടും ക്ലാസിലേക്ക്

പ്രതീകാത്മക ചിത്രം | Photo: AI Image
പ്രതീകാത്മക ചിത്രം | Photo: AI Image

പന്തളം തെക്കേക്കര: പ്രായത്തെയും പരാധീനതകളെയും തോൽപ്പിച്ച വിജയമായിരുന്നു കല്യാണിയുടേത്. 83-ാം വയസ്സിൽ അക്ഷരം കൂട്ടിവായിക്കണമെന്ന് തോന്നിയ ആഗ്രഹം സഫലമായി. ഏഴാം ക്ലാസ് പരീക്ഷയ്ക്ക് പഠിക്കാനുള്ള പേനയും പുസ്തകവുമായി വീണ്ടും ക്ലാസിലേക്ക്. നവചേതന പദ്ധതിയിലൂടെ വിജയിച്ച 185 തുല്യതാപഠിതാക്കൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

തട്ടയിൽ പൊങ്ങലടി മാമ്മൂട് കല്ലറവിള വടക്കേതിൽ കല്യാണിയായിരുന്നു ക്ലാസിലെ സീനിയർ. കൊച്ചുമക്കളുടെ കൈപിടിച്ചായിരുന്നു പലരുടേയും വരവ്. പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ പട്ടികജാതി ഉന്നതികളിലെ പഠിതാക്കളാണ് ഇവർ. സാക്ഷരതാമിഷനും പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്തും ചേർന്ന് നടത്തിയ നവചേതന പദ്ധതിയിലൂടെയാണ് ഇവർ നാലാംതരം വിജയിച്ചത്.

പട്ടികജാതി ഉന്നതികളിലെ പ്രാഥമികവിദ്യാഭ്യാസം നേടാൻ കഴിയാതെപോയ മുതിർന്നവരെ കണ്ടെത്തി അവർക്ക് നാലാംതരം തുല്യതാ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് നവചേതന. ഈ പദ്ധതിയുടെ ഭാഗമായി 216 പഠിതാക്കളെ സർവേയിലൂടെ കണ്ടെത്തിയിരുന്നു. ഇതിൽ 186 പേർ ക്ലാസിലെത്തി. 2024 മേയ് 25-ന് മികവുത്സവം എന്ന പേരിൽ 12 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. 186 പേർ പരീക്ഷ വിജയിച്ചു. ഇതിൽ 154 പേർ സ്ത്രീകളും 32 പേർ പുരുഷൻമാരുമാണ്.

Content Highlights: 83-Year-Old Achieves Literacy Dream: Inspiring Story from Kerala's Navachetana Program