ജീവിതം വഴിമുട്ടി; ദയാവധത്തിന് അനുമതിതേടി കരുവന്നൂരിൽ 72 ലക്ഷംരൂപ നിക്ഷേപമുള്ള 53-കാരൻ

കരുവന്നൂര്‍ ബാങ്ക്
കരുവന്നൂര്‍ ബാങ്ക്

തൃശ്ശൂർ: 344 കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണബാങ്കിൽ 72 ലക്ഷം രൂപ നിക്ഷേപമുള്ളയാൾ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. നിക്ഷേപം തിരികെ കിട്ടാതെ ജീവിതം കടുത്ത പ്രതിസന്ധിയിലായ സാഹചര്യം കണക്കെടുത്താണിത്.

മുകുന്ദപുരം മാടായിക്കോണം മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ ജോഷി(53)യാണ് കത്തയച്ചത്. 20 വർഷത്തിനിടെ രണ്ടുതവണ കഴുത്തിൽ ഒരേ സ്ഥലത്തുവന്ന ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകളും ഏഴരവർഷം കിടപ്പിലായതും അതിജീവിച്ചാണ് ജീവിക്കുന്നത്.

അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന താൻ റോഡപകടത്തെത്തുടർന്ന് ഏഴരവർഷം കിടപ്പിലായതോടെ ജോലി നഷ്ടപ്പെടുകയും ചികിത്സച്ചെലവുകൾ തീർത്ത കടക്കെണിയിൽ വീഴുകയും ചെയ്തു. കിടക്കയിൽ കിടന്ന് സിവിൽ എൻജിനീയറിങ് പഠിച്ച് കഴിഞ്ഞ വർഷം ട്യൂമർ ബാധിക്കുംവരെ സർക്കാരിന്റെയും ബാങ്കുകളുടെയും മറ്റും കരാർപണികൾ ചെയ്താണ് ജീവിച്ചത്.

ഭാര്യയുടെയും ഭാര്യാമാതാവിന്റെയുമടക്കമുള്ള പണം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. വിചാരിച്ച രീതിയിൽ മക്കളുടെ ഉന്നതവിദ്യാഭ്യാസം നടത്താനായില്ലെന്നും ഭാവിയിൽ ആരോഗ്യപ്രശ്നങ്ങളെ നേരിടാനും ചികിത്സകൾ നടത്തുവാനും കൈയിൽ പണമില്ലാത്തതിനാൽ, കിടപ്പിലായി മരിക്കുന്നതിനുമുൻപ് സ്വയം കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നതായും ജോഷി കത്തിൽ പറയുന്നു.

Content Highlights: ജോഷിയുടെ