മതിയായ രേഖകളില്ല; ബിഹാറിൽനിന്ന് കേരളത്തിലെത്തിച്ച 21 കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

പാലക്കാട്: മതിയായ രേഖകളില്ലാതെ ബീഹാറിലെ കിഷൻഗഞ്ചിൽനിന്ന് കേരളത്തിലേക്കെത്തിയ 21 കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി(സിഡബ്ല്യുസി)യുടെ നേതൃത്വത്തിൽ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. 13 വയസ്സിന് താഴെയുള്ള ആൺകുട്ടികളാണ് 21 പേരും. റെയിൽവേ പോലീസാണ് മതിയായ രേഖകളില്ലെന്ന് കണ്ടെത്തി സിഡബ്ല്യുസിയിൽ വിവരം അറിയിച്ചത്.
ഞായറാഴ്ച ഉച്ചയോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്‌സ്പ്രസിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. ഇവർക്കൊപ്പം രണ്ടു രക്ഷിതാക്കൾ മാത്രമാണുണ്ടായിരുന്നത്. വിദ്യാർഥികളുമായി എവിടെപ്പോകുന്നുവെന്ന ചോദ്യത്തിന് കോഴിക്കോടുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണെന്നായിരുന്നു മറുപടി. ഇവരുടെ പക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങളുള്ള രേഖയും വിദ്യാർഥികളുടെ ആധാർകാർഡും മാത്രമാണുണ്ടായിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോ ജനന സർട്ടിഫിക്കറ്റുകളോ കൈവശം ഇല്ലാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽനിന്ന് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥർ ഇവരെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച കുട്ടികൾക്കൊപ്പമുണ്ടായിരുന്നവർ വിവരം നൽകിയതനുസരിച്ച് കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് നേരിൽപോയി വിവരങ്ങൾ ചോദിച്ചറിയുമെന്ന് പാലക്കാട് സിഡബ്ല്യുസി ചെയർമാൻ എം. സേതുമാധവൻ പറഞ്ഞു. സ്ഥാപനം അംഗീകൃതമാണോയെന്നതും കിഷൻഗഞ്ചിലെ സിഡബ്ല്യുസിയുമായി ബന്ധപ്പെട്ട് കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷിക്കുമെന്നും ചെയർമാൻ പറഞ്ഞു.
Content Highlights: 21 children from Bihar were moved to a child care facility in Palakkad, Kerala, after arriving without proper documentation. Child Welfare Committee involved.