വിദേശത്തുനിന്ന് ഫോൺ കൊണ്ടുവരുന്നവർ സൂക്ഷിക്കുക, പെട്ടി പൊട്ടിച്ചതുകൊണ്ടായില്ല; അറിയാം 2026-ലെ ബാഗേജ് നിയമം

കൊച്ചി: വിദേശത്തുനിന്ന് മൊബൈൽഫോൺ കൊണ്ടുവരുന്നവർ 2026-ലെ ബാഗേജ് നിയമം അനുസരിച്ചില്ലെങ്കിൽ കുടുങ്ങും. പുതിയ ഫോൺവാങ്ങി അതിന്റെ പെട്ടിമാറ്റി, ഉപയോഗിക്കുന്ന ഫോണാണെന്നു പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചാൽ നിയമപ്രകാരമുള്ള തീരുവ അടയ്ക്കേണ്ടിവരുമെന്നാണ് കസ്റ്റംസ് പറയുന്നത്. ഇത്തരം തട്ടിപ്പുകൾ പതിവായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന ഐ ഫോൺ തീരുവ അടയ്ക്കാത്തതിനെത്തുടർന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഐ ഫോൺ 18 പ്രോമാക്സ് സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്ന് പരിശോധനയിൽ വ്യക്തമായതും ഫോണിൽ സിം ഉണ്ടായിരുന്നില്ലെന്നതും കണക്കിലെടുത്തായിരുന്നു നടപടി.
സംഭവം ഇങ്ങനെ
കോഴിക്കോട് സ്വദേശിയായ അജാസ് എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽനിന്ന് കൊച്ചിയിൽ എത്തിയപ്പോഴാണ് സംഭവം. നിരന്തരം വിദേശയാത്ര നടത്തുന്നത് ശ്രദ്ധിയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ഐ ഫോണുകൾ കസ്റ്റംസ് കണ്ടെത്തി. ഇതിലൊന്ന് സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നു. രണ്ടാമത്തേത് കവർ എടുത്തുമാറ്റിയ പുതിയ ഫോണായിരുന്നു. ഇതിന് ഡ്യൂട്ടി അടയ്ക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരൻ തയ്യാറായില്ല. തർക്കത്തെത്തുടർന്ന് സി.ഐ.എസ്.എഫ്. അജാസിനെ നെടുമ്പാശ്ശേരി പോലീസിനെ ഏല്പിച്ചു. കേസെടുത്തശേഷം ജാമ്യത്തിൽവിട്ടു.
2026-ലെ ബാഗേജ് നിയമം
യാത്രക്കാരന് യാത്രയ്ക്കിടയിലോ ദൈനംദിന ജീവിതത്തിലോ ഉപയോഗിക്കാൻ ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കളാണ് 'വ്യക്തിഗത വസ്തുക്കൾ' എന്ന് അറിയപ്പെടുന്നത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടണം. ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിച്ച വ്യക്തിഗത വസ്തുക്കൾ പരിധിയില്ലാതെ തീരുവരഹിതമായി കൊണ്ടുവരാം. പുതിയ പാക്കിങ്ങിൽ കാണപ്പെടുന്ന സാധനങ്ങളൊഴികെ, കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും പുതിയതാണോയെന്ന് പരിശോധിക്കേണ്ടതില്ലെന്നും നിർദേശമുണ്ട്.
കൊണ്ടുവരുന്ന പുതിയ വസ്തുക്കൾക്ക് 75,000 രൂപവരെ ഇളവുണ്ട്. അതിനു മുകളിൽ വരുന്നവയ്ക്ക് വിലയുടെ തീരുവ അടയ്ക്കണം.
കൈവശം ഒന്നിൽക്കൂടുതൽ ഫോണുകൾ ഉണ്ടെങ്കിൽ അവ വ്യക്തിപരമായി ഉപയോഗിക്കുന്നതാണെങ്കിലും 35 ശതമാനം നികുതി നൽകണം. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലാപ് ടോപ്പിനും ഇതേ നിയമമാണ് ബാധകം. എൽ.ഇ.ഡി. ടി.വി.കൾ എത്ര ചെറുതാണെങ്കിലും ഉപയോഗിച്ചതാണെങ്കിലും നികുതി നിർബന്ധമായും അടയ്ക്കണം
Content Highlights: New 2026 baggage rules enforce strict customs checks on mobile phones brought from abroad., Unpacked or second phones without active SIM cards are subject to duty if deemed new.