വിത്ത് വിതരണം ചെയ്യാനും നടാനും എളുപ്പം, എല്ലാ വൃക്ഷ തൈകളും സംരക്ഷിക്കണം- ഗവർണർ

തിരുവനന്തപുരം: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന 'സീഡ്' പദ്ധതിയുടെ 17-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നിർവഹിച്ചു. സമൂഹത്തിന്റെ സ്പന്ദനം മാതൃഭൂമി തിരിച്ചറിഞ്ഞു. പരിസ്ഥിതി സംരക്ഷണം തുടങ്ങേണ്ടത് എവിടെ നിന്നാണെന്ന് മനസിലാക്കി. സീഡ് പോലൊരു പദ്ധതി കൊണ്ടുവന്നതിൽ മാതൃഭൂമിക്കും പിന്തുണ നൽകുന്ന ഫെഡറൽ ബാങ്കിനും അഭിനന്ദനങ്ങൾ. അദ്ദേഹം പറഞ്ഞു.
വിത്ത് വിതരണം ചെയ്യാനും നടാനും എളുപ്പമാണ്. കൃത്യമായ പരിപാലിക്കാനാണ് പ്രയാസം. നടുന്ന എല്ലാ വൃക്ഷ തൈകളും സംരക്ഷിക്കണം. ഗവർണർ ഓർമപ്പെടുത്തി. കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. ഭാരത് മാതാവിന്റെ ചിത്രം വേദിയിൽ നിന്ന് ഒഴിവാക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അത് സാധിക്കില്ല എന്ന് അറിയിച്ചു. ഇതായിരിക്കും മന്ത്രിമാർ ഇവിടെ വരാത്തതിന്റെ കാരണം എന്ന് ഞാൻ കരുതുന്നു. എന്ത് ചിന്താഗതിയാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
സീഡ് കൈപ്പുസ്തകത്തിന്റെയും പോസ്റ്ററിന്റെയും പ്രകാശനവും ഗവർണർ ചടങ്ങിൽ നിർവഹിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര ധോദാ വത്, മാതൃഭൂമി ഡയറക്ടർ(ഓപ്പറേഷൻസ്) ദേവിക എം.എസ്., പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ.സന്തോഷ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ലക്ഷ്മി ഓമനക്കുട്ടൻ, മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ്, പി അനിൽ കുമാർ (ന്യൂസ് എഡിറ്റർ,മാതൃഭൂമി) നഗരത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kerala Governor Rajendra Arlekar inaugurated the 17th year of Mathrubhumi-Federal Bank SEED project