1500കോടിയുടെ കെ ഫോണ്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് കൊള്ളയടിക്കാൻ, CBI അന്വേഷണം വേണം- വി.ഡി.സതീശൻ

കൊച്ചി: തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 35 ദിവസമായി എഴുതി തയാറാക്കിയ ഒരേ പ്രസംഗമാണ് മുഖ്യമന്ത്രി വായിക്കുന്നത്. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കുന്ന പിണറായി വിജയന്‍ മോദിയെയും ബി.ജെ.പിയെയും വെറുതെ വിടുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017-ല്‍ കൊണ്ടുവന്ന കെ ഫോണ്‍ പദ്ധതി 2024-ലും നടപ്പാക്കാനായില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്ന് പറഞ്ഞിടത്ത് നിന്ന് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14000 ആയി കുറച്ചു. എന്നാൽ 7000 പേര്‍ക്ക് പോലും കണക്ഷന്‍ നല്‍കാതെ നിയോഗിച്ചിരുന്ന കമ്പനികള്‍ പണി നിര്‍ത്തിപ്പോയി. ടെന്‍ഡര്‍ നടപടിക്ക് ശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്‌സസ് നല്‍കി 1500 കോടിയാക്കി. എസ്.ആര്‍.ഐ.ടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിന് പിന്നിലുണ്ടായിരുന്നു. കോടിക്കണക്കിന് രൂപ കമ്പനികള്‍ക്കെല്ലാം ചേര്‍ന്ന് കൊള്ളയടിക്കാനുള്ള അവസരമാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തതെന്ന് വി.ഡി. സതീശൻ ആരോപിച്ചു.
സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിന് വേണ്ടിയാണ് 1500 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയെക്കുറിച്ച് ഇനിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകണം. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സി.ബി.ഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എ.ഐ ക്യാമറ അഴിമതിക്ക് പിന്നിലും. കണ്‍സോര്‍ഷ്യത്തിന് ഭാഗമായ എസ്.ആര്‍.ഐ.ടി കരാര്‍ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏഴ് കൊല്ലമായിട്ടും പൂര്‍ത്തിയാക്കാത്ത സ്വന്തക്കാരുടെ കമ്പനിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെ-ഫോണ്‍ കൊള്ളയില്‍ ഗൗരവതരമായ അന്വേഷണം നടത്തണം.
മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതികളും ഭരണപരാജയവും കെടുകാര്യസ്ഥതയും സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കില്ലെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും മാവേലി സ്റ്റേറുകളില്‍ സാധനങ്ങളുമില്ലെന്നും കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍ സംസാരിക്കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ്. തൃശൂരില്‍ സി.പി.എം പരസ്യമായി ബി.ജെ.പിയെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് തൃശൂര്‍ മേയര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി സംസാരിച്ചത്. കരുവന്നൂരിലെ ഇ.ഡി അന്വേഷണ ഭീതിയിലാണ് തൃശൂരിലെ സി.പി.എം നേതാക്കള്‍. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങള്‍ പുറത്തു വന്നാല്‍ പ്രധാനപ്പെട്ട സി.പി.എം നേതാക്കള്‍ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സി.പി.എം വോട്ടുകള്‍ ബി.ജെ.പി മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പിണറായി വിജയനെയും സി.പി.എമ്മിനെയും ഭരിക്കുന്നത്. ആ ഭയമാണ് ബി.ജെ.പി മുതലെടുക്കാന്‍ ശ്രമിക്കുന്നത്. തൃശൂരില്‍ സി.പി.എം- ബി.ജെ.പി ബന്ധം പരസ്യമായിരിക്കുകയാണ്. എവിടെയൊക്കെ ബന്ധമുണ്ടാക്കിയാലും ബി.ജെ.പിയെ കേരളത്തില്‍ വിജയിപ്പിക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല.
വന്യമൃഗ ശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുയാണ്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇ.എസ്.എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുയാണ്. എന്നാല്‍ പഞ്ചായത്തിന്റെ കയ്യില്‍ ഒരു രേഖയുമില്ല. ഈ സാചര്യത്തില്‍ വനാതിര്‍ത്തികളില്‍ ജീവിക്കുന്നവരെ രൂക്ഷമായി ബധിക്കുന്നതരത്തിലേക്കാണ് ഇ.എസ്.എ നടപ്പാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരം ആരംഭിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: 1500 crore kfon project cbi probe needed vd satheesan