മാനത്ത് മാവേലിമുതൽ പിണറായിവരെ,കേരളത്തിൽ ഇതാദ്യം; തലസ്ഥാനത്തെ ആകാശവിസ്മയം ഇന്നും തുടരും

തിരുവനന്തപുരം: തിരുവോണനാളിൽ തലസ്ഥാനത്തിന്റെ ആകാശത്ത് പൂക്കളംതീർത്ത് ആയിരം ഡ്രോണുകൾ. ഓണസ്സദ്യയും വള്ളംകളിയുംമുതൽ മുഖ്യമന്ത്രി പിണറായി വിജയൻവരെ ആകാശത്ത് തെളിഞ്ഞപ്പോൾ വിസ്മയിച്ച് കാഴ്ചക്കാർ. കേരളത്തിൽ ആദ്യമായി നടന്ന മെഗാ ഡ്രോൺ ഷോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ആയിരങ്ങൾ കണ്ടാസ്വദിച്ചു. ശനിയാഴ്ചയും അവതരിപ്പിച്ച ഡ്രോൺ ഷോ ഞായറാഴ്ചകൂടിയുണ്ടാവും. രാത്രി 8.45-നും 9.15-നുമിടയ്ക്ക് 15 മിനിറ്റാണ് ഷോ.
വെള്ളിയാഴ്ച രാത്രിയായിരുന്നു ആദ്യ ഷോ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നു പറത്തിവിടുന്ന ഡ്രോണുകൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു മുകളിലെത്തുമ്പോഴാണ് ദൃശ്യവിസ്മയമായി മാറുന്നത്. ആയിരത്തിലധികം ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് പറന്നുയർന്നാണ് വർണച്ചിത്രങ്ങൾ വരച്ചത്. കേരളത്തിന്റെ ഓണാഘോഷ പാരമ്പര്യവും കലാസമ്പത്തുമെല്ലാം കാൽമണിക്കൂർനീണ്ട ഷോയിൽ തെളിഞ്ഞു. കുടപിടിച്ച മാവേലിയുടെ ചിത്രം തെളിയിച്ചുകൊണ്ടായിരുന്നു ആരംഭം. പിന്നാലെ നിലവിളക്ക്, മലയാളിപ്പെൺകൊടി, തൂശനിലയിലെ സദ്യ, കേരളത്തിന്റെ അഭിമാനമായ കഥകളി, വള്ളംകളി, കളരിപ്പയറ്റ്, മോഹിനിയാട്ടം, ജടായുപ്പാറ തുടങ്ങിയ രൂപങ്ങൾ പലവർണങ്ങളിൽ ഡ്രോണുകൾ വരച്ചു. ജടായുപ്പാറയ്ക്ക് പിന്നാലെ വിഴിഞ്ഞം തുറമുഖംകൂടിയെത്തിയപ്പോൾ ജനം ആകാശത്തേക്കു കണ്ണുമിഴിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസകൾ നേർന്നുകൊണ്ടുള്ള ചിത്രവും കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു തെളിഞ്ഞു.
സ്റ്റേഡിയത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽവരെ ഈ ആകാശവിസ്മയം കാണാമായിരുന്നു. കെട്ടിടങ്ങൾക്കു മുകളിലും റോഡിലുമായി ജനം തടിച്ചുകൂടിയാണ് ഷോ ആസ്വദിച്ചത്. ദൂരെനിന്നു കാണുമ്പോഴാണ് ഈ വിസ്മയക്കാഴ്ച കൂടുതൽ ഹൃദ്യമാവുകയെന്ന് സംഘാടകർ നേരത്തേ അറിയിച്ചിരുന്നു. ബോട്ട് ലാബ് ഡൈനാമികസ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് ദൃശ്യവിരുന്നൊരുക്കിയത്.
ആകാശത്തെ അനിമേഷൻ
തിരുവനന്തപുരം: ത്രീഡി അനിമേഷൻ സോഫ്റ്റ്‌വേറിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്താണ് ഡ്രോൺ ഷോ നടത്തുന്നത്. എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച നിശ്ചിതയെണ്ണം ഡ്രോണുകളുപയോഗിച്ചാണ് ആകാശത്ത് അദ്‌ഭുതം തീർക്കുന്നത്. തറയിൽനിന്ന് 250 അടിവരെ ഉയരത്തിലാണ് ഇവ പറന്നുപൊങ്ങുക. ഓരോ ഡ്രോണും പ്രകാശത്തിന്റെ ചലിക്കുന്ന ‘പിക്സൽ’ ആയാണ് പ്രവർത്തിക്കുക. ഡിസൈനർമാർ ദൃശ്യങ്ങൾ ഓരോ ഫ്രെയിമായി (കംപ്യൂട്ടർ ഗ്രാഫിക്സ് പോലെ) നേരത്തേ സൃഷ്ടിക്കുന്നു. ഈ ആനിമേഷനുകളാണ് ഡ്രോണുകൾക്ക് കൃത്യമായ പറക്കൽ പാതകളായി മാറുന്നത്. ഓരോ ഡ്രോണുകളും മുൻ നിശ്ചയിച്ച ബിന്ദുവിൽ സ്ഥാനംപിടിച്ചാണ് ആകാശത്ത് ചിത്രങ്ങൾ രൂപപ്പെടുന്നത്. ജിപിഎസും അൽഗോരിതങ്ങളും വഴിയാണ് ഡ്രോണുകളെ നിയന്ത്രിക്കുന്നത്. ഡ്രോണുകളുടെ സ്ഥാനങ്ങളും എൽഇഡിയുടെ നിറങ്ങളും ആവശ്യാനുസരണം തത്സമയം മാറും. ഇങ്ങനെ നൂറുകണക്കിന് ഡ്രോണുകൾ ഒരുമിച്ച് ലോഗോകൾ, സാംസ്കാരിക രൂപങ്ങൾ തുടങ്ങിയ വലിയ ചിത്രങ്ങൾ രൂപപ്പെടുത്തും. പ്രദർശനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രധാനമാണ്. ഡ്രോണുകൾക്ക് അപകടകരമാകുന്നവയൊന്നും സമീപ പ്രദേശങ്ങളിലുണ്ടാകാൻ പാടില്ല. ആകാശത്തുവെച്ച് കൂട്ടിയിടി ഒഴിവാക്കാനുള്ള സുരക്ഷാനടപടികളും പ്രോഗ്രാമിങ് സോഫ്റ്റ്‌വേറിലുണ്ടാകും.
തലസ്ഥാനത്തെ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്ന ഡൽഹിയിലെ ബോട്ട് ലാബ് ഡൈനാമിക്സ് നേരത്തേ രാഷ്‌ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഇത്തരം പ്രദർശനം നടത്തിയിട്ടുണ്ട്.
Content Highlights: Thousand Drones Illuminate Thiruvananthapuram Sky in Onam Celebration