ഇനി ഇരട്ടപ്പോരാട്ടം, അവസരം പാഴാക്കില്ല- ഹാരിസ് ബീരാൻ | അഭിമുഖം

#ഫഹ്‌മി റഹ്‌മാനി
മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായ അഡ്വ.ഹാരിസ് ബീരാനെ തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാളണിയിച്ച് സ്വീകരിച്ചപ്പോൾ. പികെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, അബ്‌ദു സമദ് സമദാനി എം.പി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌  / മാതൃഭൂമി
മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായ അഡ്വ.ഹാരിസ് ബീരാനെ തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഷാളണിയിച്ച് സ്വീകരിച്ചപ്പോൾ. പികെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, അബ്‌ദു സമദ് സമദാനി എം.പി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

അഭിഭാഷകനായി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഹാരിസ് ബീരാനെ മുസ്‌ലിം ലീഗ് പുതിയ ചുമതല ഏല്‍പ്പിക്കുന്നത്. യു.ഡി.എഫ്. രാജ്യസഭാ സ്ഥാനാര്‍ഥി ഹാരിസ് ബീരാന്‍ സംസാരിക്കുന്നു.

പുതിയെരു ദൗത്യമാണ് മുസ്‌ലിം ലീഗ് ഏല്‍പ്പിച്ചത്. എങ്ങനെ കാണുന്നു?

നിയമനിര്‍മാണസഭയിലേക്കാണ് പോകുന്നത്. 25 വര്‍ഷമായി നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ നിയമവ്യാഖ്യാനമാണ് പ്രധാന പണി. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് പാര്‍ലമെന്റ് പാസാക്കിയ പല നിയമങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് കോടതിയില്‍ കൂടുതല്‍ കേസുകള്‍ വന്നത്. അത്തരം പല നിയമങ്ങളും കോടതി റദ്ദാക്കി. ഏറ്റവും പുതിയ കേസാണ് പൗരത്വ നിയമ ഭേദഗതി. മതം മാനദണ്ഡമാക്കിയുള്ള നിയമം കോടതില്‍ ചോദ്യംചെയ്യപ്പെട്ടു. ലോക്സഭ ഇത്തരം നിയമങ്ങള്‍ പാസാക്കി രാജ്യസഭയിലേക്ക് വിടുമ്പോള്‍ അത് എത്രത്തോളം ഭരണഘടനാ വിരുദ്ധമാണെന്ന് തുറന്നുകാട്ടാനുള്ള അവസരം കിട്ടും. അക്കാര്യം മറ്റു എം.പി.മാരെ ബോധ്യപ്പെടുത്താനും കഴിയും. അതാണ് എന്റെ റോള്‍.

ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സര്‍ക്കാറാണ് കേന്ദ്രത്തില്‍ അധികാരമേറ്റത്. ലോക്സഭ പാസാക്കിയത് ഭരണഘടനാവിരുദ്ധമായ നിയമം ആണെങ്കില്‍ അത് ചൂണ്ടിക്കാട്ടി തിരിച്ചുവിടാന്‍ രാജ്യസഭയ്ക്ക് കഴിയുന്ന സാഹചര്യം വന്നാല്‍ വീണ്ടും ലോക്സഭ ആ നിയമം പാസാക്കില്ലെന്ന വിശ്വാസമാണുള്ളത്. അടിയന്തരമായി ഇടപെടേണ്ടിവരിക ബി.ജെ.പി. പ്രകടന പത്രികയില്‍ ആദ്യം പറഞ്ഞ ഏകസിവില്‍കോഡ് വിഷയത്തിലാകും. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല കാര്യങ്ങളും ആ നിയമത്തിലുണ്ടാകും. അത് ലോക്സഭ പാസാക്കി രാജ്യസഭയിലേക്ക് വിടുകയാണെങ്കില്‍ അതിനെ എതിര്‍ക്കണം. അതിനുള്ള പണി ഇപ്പോള്‍ത്തന്നെ ഞാന്‍ തുടങ്ങി. ചര്‍ച്ച ചെയ്യാതെ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് തടയാന്‍ സാധ്യമായതിന്റെ പരമാവധി ഇടപെടും. പൗരത്വനിയമ ഭേദഗതി വരുന്നതിന് ആറുമാസം മുന്‍പുതന്നെ ഞങ്ങള്‍ പണി തുടങ്ങിയിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതിയില്‍ ആദ്യംതന്നെ കേസ് ഫയല്‍ ചെയ്യാന്‍ കഴിഞ്ഞത്.

മുഴുവന്‍ സമയ അഭിഭാഷകനായ താങ്കള്‍ എം.പി. ആകുന്നതോടെ ഏതിനായിരിക്കും മുന്‍ഗണന?

ഡല്‍ഹിയാണ് എന്റെ പ്രവര്‍ത്തന കേന്ദ്രം. രാജ്യസഭാ അംഗമായാലും അവിടെത്തന്നെ പ്രവര്‍ത്തന കേന്ദ്രമാക്കി തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഡല്‍ഹിയിലുള്ള മലയാളികളുടെ എം.പി. ആയാണ് അറിയപ്പെടേണ്ടത് എന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. അതുകൊണ്ട് അഭിഭാഷകനായും തുടരും. പക്ഷേ, രാജ്യസഭയ്ക്കായിരിക്കും മുന്‍ഗണന. രാജ്യസഭയില്‍ ഒരു സെഷന്‍പോലും പാഴാക്കരുതെന്നാണ് ആഗ്രഹം.

വീണ്ടും മോദി സര്‍ക്കാര്‍ അധികാരമേറ്റു. ഇന്ത്യ മുന്നണി കൂടുതല്‍ ശക്തരുമാണ്. കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകുമോ?

ഇത് ശക്തമായ സര്‍ക്കാറാണെന്ന് കരുതുന്നില്ല. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ കണ്ണുംപൂട്ടി അംഗീകരിക്കാന്‍ ടി.ഡി.പി, ജെ.ഡി.യു. പോലുള്ള ഘടകകക്ഷികള്‍ തയ്യാറാകുമെന്നും തോന്നുന്നില്ല. എന്നാലും, നമ്മള്‍ ജാഗ്രതയോടെ നില്‍ക്കും. പാര്‍ലമെന്റിലും കോടതിയിലും പോരാട്ടം തുടരേണ്ടിവരും. പൗരത്വ നിയമ കേസ് വരുമ്പോള്‍ പുതിയ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാകും. ഒഴിവാക്കിയ മതസമുദായത്തെക്കൂടി ഉള്‍പ്പെടുത്തി ആ നിയമം പരിഷ്‌കരിച്ചാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ.

18 വര്‍ഷത്തിന് ശേഷമാണ് ലീഗിന് രണ്ട് രാജ്യസഭാ അംഗങ്ങളുണ്ടാകാന്‍ അവസരം വന്നത്. മുതിര്‍ന്ന നേതാക്കളെയടക്കം പരിഗണിച്ച സീറ്റിലേക്ക് എന്തുകൊണ്ടാകും താങ്കളെ തീരുമാനിച്ചത്?

ഡല്‍ഹിയില്‍ ഞാന്‍ മുഴുവന്‍ സമയവും ഉണ്ട് എന്നതാണ് ഒരു ഘടകമായി സാദിഖലി തങ്ങള്‍ പറഞ്ഞത്. കേന്ദ്രം ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനെതിരേ പാര്‍ലമെന്റിലും കോടതിയിലും ഒരുപോലെ പോരാടണമെന്നതാകാം രണ്ടാമത്തെ ഘടകം.  

തിരഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തില്‍ എങ്ങനെയാകും പ്രവര്‍ത്തനം?

എറണാകുളം മുതല്‍ ദക്ഷിണ മേഖലയിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിക്കാനാണ് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടത്. എറണാകുളത്ത് ഓഫീസ് തുടങ്ങണമെന്നും പറഞ്ഞു. ഓഫീസ് വരുന്നതോടെ തിരുവനന്തപുരംവരെയുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ മേഖലയില്‍ എന്തെങ്കിലും ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കും. ഓഫീസ് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി, മുന്നണി പ്രവര്‍ത്തകര്‍ക്കുമുള്ള കേന്ദ്രമാക്കിമാറ്റും.

Content Highlights: Adv Haris Beeran interview