Z-മോ‍ഡ് ടണല്‍; കശ്മീരിലെ തുരങ്കപാതയെ തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നത് എന്തിന്?

ഇസഡ്-മോഡ് തുരങ്കം | Photo: PTI
ഇസഡ്-മോഡ് തുരങ്കം | Photo: PTI

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ്‌ പേരാണ് കൊല്ലപ്പെട്ടത്. ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍- സോനമാര്‍ഗ് ഹൈവേയില്‍ സെഡ്‌-മോഡ് (Z-Morh)  തുരങ്ക നിര്‍മ്മാണത്തിലേര്‍പ്പെട്ട ആപ്‌കോ ഇന്‍ഫ്രാടെക് എന്ന കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടവര്‍. കശ്മീരിലെ ഒരു വന്‍കിട നിര്‍മാണ പ്രവര്‍ത്തന പ്രൊജക്ടിന് നേരെയുണ്ടാകുന്ന ആദ്യത്തെ ഭീകരാക്രമണമാണിത്. സമീപകാലത്തൊന്നും ഭീകരര്‍ സമാനമായ പ്രൊജക്ടുകള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ല. കശ്മീരിന്റെ ചരിത്രത്തിലെ നിര്‍ണായകമായ പ്രൊജക്ടുകളില്‍ ഒന്നായാണ് സെഡ്‌-മോര്‍ തുരങ്ക നിര്‍മാണം വിലയിരുത്തപ്പെടുന്നത്.

എന്താണ് Z-മോഡ് തുരങ്കം

സോനമാര്‍ഗിനെയും മധ്യ കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ കംഗന്‍ നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 6.4 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയാണ് സെഡ്‌-മോഡ്. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ കശ്മീരിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ സോനമാര്‍ഗിലേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്യാനാകും. ഇംഗ്ലീഷ് അക്ഷരമാലയിലെ Z അക്ഷരത്തിന്റെ രൂപത്തില്‍ വളവുകളുള്ളതിനാലാണ് തുരങ്കത്തിന് ഈ പേര് നല്‍കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 8,500 അടി ഉയരത്തിലാണ് തുരങ്ക നിര്‍മ്മാണം നടക്കുന്നത്. മഞ്ഞുകാലത്ത് ഈ പ്രദേശത്ത് കടുത്ത മഞ്ഞുവീഴ്ചയുണ്ടാവുന്നതിനാല്‍ സോനമാര്‍ഗിലേക്ക് ഗതാഗതം സാധ്യമാകാറില്ല. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ 2012-ലാണ് ഈ തുരങ്കപാതയ്ക്കുള്ള പദ്ധതി തയ്യാറാക്കുന്നത്. പിന്നീട് നാഷണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആപ്‌കോ ഇന്‍ഫ്രാടെക്കിന് തുരങ്കനിര്‍മ്മാണത്തിനുള്ള കരാര്‍ കൊടുക്കുന്നത്. പദ്ധതി 2023 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. നിലവില്‍ തുരങ്കപാതയുടെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഉദ്ഘാടനം വീണ്ടും വൈകി. 

തന്ത്രപരമായ പ്രാധാന്യം

കേന്ദ്ര സര്‍ക്കാരിന്റെ ഏറെ നിര്‍ണായകമായ സോജില ടണല്‍ പ്രൊജക്ടിന്റെ ഭാഗമാണ് സെഡ്‌-മോഡ് പ്രൊജക്ട്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ തുടരവെ ലഡാക്കിലേക്ക് വര്‍ഷത്തില്‍ എല്ലാ സമയത്തും ഗതാഗതം സാധ്യമാക്കാനുള്ള പദ്ധതിയാണ് സോജില ടണല്‍ പ്രൊജക്ട്. ആവശ്യമെങ്കില്‍ ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് വരെ ഈ പാത ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. 12,000 അടി ഉയരത്തിലുള്ള സോജില ടണല്‍ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. 2026 ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ടണലിന്റെ നിര്‍മാണത്തിന് സെഡ്‌-മോര്‍ ടണല്‍ തുറക്കേണ്ടത് അത്യാവശ്യമാണ്. 

ലഡാക്കിലേക്ക് സുഖമമായ ഗതാഗതമുണ്ടാകേണ്ടത് സൈന്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിന് നിര്‍ണായകമാണ്. പാകിസ്താനുമായുള്ള അതിര്‍ത്തിയില്‍ ഏറെ തന്ത്രപ്രധാനമായ സിയാച്ചിനിലേക്ക് ഉള്‍പ്പടെയുള്ള സുഗമമായ ഗതാഗതത്തിന് ഇത് ആവശ്യമാണ്. സൈന്യത്തിന് ആവശ്യമായ യുദ്ധസാമഗ്രികള്‍ എത്തിക്കാനും ലഡാക്കിനെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച റോഡുകള്‍ വേണം. നിലവില്‍ മഞ്ഞുകാലത്ത് വ്യോമസേന വിമാനങ്ങളെയാണ് സൈന്യം ഇതിനായി ആശ്രയിക്കുന്നത്. കശ്മീരിന്റെ പ്രധാന വരുമാന മാര്‍ഗമായ വിനോദസഞ്ചാരത്തിനും ഈ പാത വലിയ ഗുണം ചെയ്യും.

Content Highlights: zmorh tunnel project and its strategic importance for jammu kashmir