ഒവൈസിയുടെ മോഹം നടക്കില്ല, ഇങ്ങനെയുള്ളവർക്ക് യുപിയിൽ സ്ഥാനമില്ല; ‘അബ്ദുൾ’ പരാമർശത്തിൽ വിമർശനവുമായി യോഗി

ലഖ്നൗ: 'ഉത്തർപ്രദേശിൽ അബ്ദുൾ ജയിക്കു'മെന്ന എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒവൈസിയുടെ പക്കൽ ഉത്തർപ്രദേശിനുവേണ്ടി കർമപരിപാടികളൊന്നുമില്ലെന്നും അദ്ദേഹത്തേപ്പോലുള്ള ആളുകൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
'ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും ഭരണഘടനയ്ക്കും എതിരായ അജണ്ട സൃഷ്ടിക്കുകയാണ് ഒവൈസി. ഉത്തർപ്രദേശിൽ മുസ്ലിം മുഖ്യമന്ത്രിയാകുമെന്നും ബുർഖ ധരിച്ച വനിത പ്രധാനമന്ത്രിയാകുമെന്നുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയമോഹം ഒരിക്കലും നടക്കില്ല’, ദേശീയ മധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിത്യനാഥ് പറഞ്ഞു.
അമേരിക്കയുടെ സെനറ്റിലേക്ക് മിഷിഗൺ സംസ്ഥാനത്തുനിന്ന് അബ്ദുൾ എൽ സയേദ് വിജയിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഒവൈസി നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഉത്തർ പ്രദേശിലെ ‘അബ്ദുൾ’ ആർക്കു മുന്നിലും തലകുനിച്ചുനിൽക്കില്ലെന്നും എംഎൽഎയായി മാറുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
'മിഷിഗണിൽ അബ്ദുൾ ഒരു സെനറ്ററായി വിജയിച്ചു. ഞാൻ പ്രസംഗിച്ചതിന് ശേഷം അബ്ദുൾ ഒരു വിഷയമായി മാറിയോ ഇല്ലയോ? ബിജെപി മുൻപ് പറയാറുണ്ടായിരുന്നത് അബ്ദുൾ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്നവനാണെന്നായിരുന്നു. എന്നാൽ, ജനാധിപത്യത്തിൽ അബ്ദുൾ ഒരു സെനറ്ററായി. ഇനി ഉത്തർപ്രദേശിലെ അബ്ദുൾ ആരുടെയും മുന്നിൽ തലകുനിക്കില്ല. പകരം ഒരു എം.എൽ.എയായി മാറും’, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഉത്തർ പ്രദേശിൽ മുസ്ലിം മുഖ്യമന്ത്രിയുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും ബുർഖ ധരിച്ച സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ചും ഒവൈസി പരാമർശിക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് വിമർശനവുമായി ആദിത്യനാഥ് രംഗത്തെത്തിയത്. ‘ഒവൈസി ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവും രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമായ അജണ്ടയാണ് നടപ്പാക്കാൻ ശ്രമിക്കുക. ഇന്ത്യയുടെ ഐക്യം ദുർബലപ്പെടുത്തുന്നതാണ് ഇത്തരം അജണ്ടകൾ. അതുകൊണ്ടുതന്നെ ഒവൈസിയെപ്പോലുള്ളവർക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ല. ഒവൈസിയുടെ ആഗ്രഹം ഒരിക്കലും സഫലമാകില്ല. അദ്ദേഹത്തിന് ഒരിക്കലും അധികാരത്തിലെത്താനാവില്ല’, ആദിത്യനാഥ് കൂട്ടിച്ചേർത്തു
Content Highlights: Yogi Adityanath strongly criticized Asaduddin Owaisi's 'Abdul' remarks., Adityanath stated that Owaisi has no actionable agenda for Uttar Pradesh., Owaisi earlier claimed that a Muslim could become UP CM or India could get a burqa-clad PM., The controversy sparked after Owaisi referenced Michigan Senator Abdul El-Sayed's victory.