‘നിങ്ങൾ മരിച്ചാലും ബസ് നിർത്തില്ല’; ജീവനക്കാർ പുകവലിച്ചെന്ന് യാത്രക്കാർ; നിയമലംഘനം പതിവ്, 1.7 ലക്ഷം പിഴക്കുടിശ്ശിക

#ന്യൂസ് ഡെസ്ക്

ഗ്രേറ്റർ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ലീപ്പർ ബസിന് തീപ്പിടിച്ച് 9 യാത്രക്കാർ വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിശദാംശങ്ങൾ പുറത്ത്. ബസിലെ എയർ കണ്ടീഷണർ പൊട്ടിത്തെറിക്കുകയും തുടർന്ന് എഞ്ചിൻ ഓയിലിലേക്ക് തീ പടർന്ന് ബസ് അഗ്നിക്കിരയാകുകയായിരുന്നു എന്നാണ് വിവരം. എന്നാൽ, തീപ്പിടിക്കുന്നത് അറിഞ്ഞിട്ടും ഡ്രൈവർ അവഗണിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവറുടെ ക്യാബിനിൽനിന്ന് പുക ഉയരുകയും കത്തുന്ന മണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം യാത്രക്കാർ ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, അവർ പരിഹസിക്കുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യാത്രക്കാർ പറയുന്നു. മാത്രമല്ല, ജീവനക്കാർ ബസിൽ വെച്ച് സിഗരറ്റ് വലിച്ചതായും അവർ ആരോപിക്കുന്നു.

ഇതിനു പിന്നാലെ, ബസിന്റെ മുൻഭാഗത്തുനിന്ന് തീ ഉയർന്നു. പരിഭ്രാന്തരായ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെടുകയും ഭയന്ന് നിലവിളിക്കുകയും ചെയ്തു. എന്നാൽ, 'നിങ്ങൾ ചത്താലും എനിക്കൊന്നുമില്ല, ഞാൻ ബസ് നിർത്താൻ പോകുന്നില്ല' എന്ന് ഡ്രൈവർ ആക്രോശിച്ചതായി യാത്രക്കാർ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തിൽപ്പെട്ട ബസ് മുൻപും നിരവധി ഗതാഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അറുപതിലേറെ ഗതാഗത നിയമലംഘനക്ക് പിഴ ചുമത്തപ്പെട്ടിട്ടുണ്ട്. ഇതിൽ ഇരുപതിലധികം കേസുകളിലായി 1.7 ലക്ഷത്തിലധികം രൂപയുടെ പിഴ കുടിശ്ശികയുണ്ട്. ഡൽഹിയിലെ മയൂർ വിഹാറിൽവെച്ച് ബസിന്റെ മുകളിൽ നിയമവിരുദ്ധമായി ചരക്കുകൾ കയറ്റിയതിന് 18,500 രൂപ പിഴ ചുമത്തിയതാണ് ഏറ്റവും ഒടുവിലത്തെ നടപടി.

നോയ്ഡയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ ബസിന്റെ ജനാലവഴി ചാടി രക്ഷപ്പെടാൻ പല യാത്രക്കാരും ശ്രമിച്ചിരുന്നു. 

തീ പടർന്നതോടെ ബസിനുള്ളിൽ കട്ടിയുള്ള പുക നിറഞ്ഞത് യാത്രക്കാർക്ക് പുറത്തുകടക്കാൻ വലിയ തടസ്സമായി. ഉറങ്ങിക്കിടക്കുകയായിരുന്ന തങ്ങൾ നിലവിളി കേട്ടാണ് ഉണർന്നതെന്നും ചെരുപ്പ് പോലും ഇടാൻ കഴിയാതെ പുകനിറഞ്ഞ വഴിയിലൂടെ പരസ്പരം തള്ളിമാറ്റിയാണ് പുറത്തുകടന്നതെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. കാലിന് പരിക്കേറ്റ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിന്റെ തള്ളലിൽ അതിന് സാധിച്ചില്ലെന്നും ഭർത്താവ് മരണപ്പെട്ടെന്നും 64-കാരിയായ യാത്രക്കാരി പറഞ്ഞു.

Content Highlights: A bus fire near Greater Noida on Yamuna Expressway resulted in nine deaths, with shocking details emerging about the driver's negligence and past violations.