യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചത് വിവാദമായി; അന്വേഷണത്തിന് ഉത്തരവ്

സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo - ANI
സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo - ANI

മുംബൈ: 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റ് കബറിടം സൗന്ദര്യവത്കരിക്കപ്പെട്ട നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായി. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കബറിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന എല്‍ഇഡി ലൈറ്റുകള്‍ വ്യാഴാഴ്ച രാവിലെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്താണ് കബറിടത്തിന്റെ നവീകരണം നടന്നതെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഉള്‍പ്പെട്ട മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്താണ് സൗന്ദര്യവത്കരണം നടന്നതെന്നാണ് ആരോപണം. യാക്കൂബ് മേമന്റെ കബറിടം ശവകുടീരമാക്കി മാറ്റിയതിനെപ്പറ്റി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുന്നയിച്ച് ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിട്ടുണ്ട്. 'ഉദ്ധവ് താക്കറെ ആയിരുന്നു അന്ന് മുഖ്യമന്ത്രി. 1993 ല്‍ പാകിസ്താനുവേണ്ടി മുംബൈയില്‍ സ്‌ഫോടന പരമ്പര നടത്തിയ കൊടുംഭീകരവാദി യാക്കൂബ് മേമമന്റെ കബറിടമാണ് സൗന്ദര്യവത്കരിച്ചത്. ഇതാണോ മുംബൈയോടുള്ള അവരുടെ സ്‌നേഹം. ഇതാണോ രാജ്യസ്‌നേഹം. ശരദ് പവാറും രാഹുല്‍ ഗാന്ധിയും ഉദ്ധവ് താക്കറെയും മുംബൈയിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം' - രാം കദം ആവശ്യപ്പെട്ടു.

അതിനിടെ, യാക്കൂബ് മെമന്റെ കബറിടത്തിന് സമീപം സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകളും ഹാലൊജന്‍ ലൈറ്റുകളും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ 2015 ജൂലായ് 30-ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയിരുന്നു. യാക്കൂബിന്റെ സഹോദരന്‍ ടൈഗര്‍ മേമന്‍ ആയിരുന്നു സ്‌ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതി. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 723 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: Yakub Memons grave beautification probe