ഉയർന്ന മധ്യവർഗ വരുമാന പരിധിയിൽ അഞ്ച് സംസ്ഥാനങ്ങൾ; കേരളം പുറത്ത്, മഹാരാഷ്ട്രയും ഹരിയാണയും തൊട്ടടുത്ത്

മുംബൈ: ആളോഹരി വരുമാനമനുസരിച്ചുള്ള (പ്രതിശീർഷ ദേശീയ വരുമാനം) ലോകബാങ്കിന്റെ തരംതിരിവിൽ ഉയർന്ന മധ്യവർഗ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് അഞ്ചു സംസ്ഥാനങ്ങൾ. മറ്റ് മൂന്നു സംസ്ഥാനങ്ങൾക്ക് നേരിയ വ്യത്യാസത്തിലാണ് സ്ഥാനം നഷ്ടമായത്. അതേസമയം, രാജ്യങ്ങളുടെ പട്ടികയിൽ താഴ്ന്ന മധ്യവർഗ വിഭാഗത്തിലാണ് രാജ്യമിപ്പോഴും. 2007 മുതൽ ഇന്ത്യ ഈ വിഭാഗത്തിലാണുള്ളത്. വർഷം ശരാശരി 4,636 ഡോളർ (4.42 ലക്ഷം രൂപ) പ്രതിശീർഷ വരുമാനമുള്ളവരാണ് ഉയർന്ന മധ്യവർഗവിഭാഗത്തിൽ വരുന്നത്.
6,217 ഡോളർ പ്രതിശീർഷ വരുമാനവുമായി ഡൽഹിയാണ് മുന്നിൽ. അതായത് വർഷം ശരാശരി 5.93 ലക്ഷം രൂപ. 5,579 ഡോളറുമായി കർണാടക, 5,407 ഡോളറുമായി തെലങ്കാന, 5,329 ഡോളറുമായി തമിഴ്നാട്, 4,734 ഡോളറുമായി ഗുജറാത്ത് എന്നിവയാണ് പട്ടകിയിലുള്ള മറ്റു സംസ്ഥാനങ്ങൾ. വരുമാന പരിധിയിൽ എട്ടുഡോളറിന്റെ വ്യത്യാസത്തിൽ മഹാരാഷ്ട്രയും (4,628 ഡോളർ), ഒൻപത് ഡോളറിന്റെ വ്യത്യാസത്തിൽ ഹരിയാണയും (4,627 ഡോളർ), 26 ഡോളറിന്റെ വ്യത്യാസത്തിൽ കേരളവും (4,610 ഡോളർ) പട്ടികയ്ക്കു തൊട്ടടുത്തെത്തി.
ബിഹാർ ആണ് ആളോഹരി വരുമാനത്തിൽ ഇന്ത്യയിൽ ഏറ്റവും പിന്നിൽ. 984 ഡോളർ. ഉത്തർപ്രദേശിനിത് 1,403 ഡോളറും ഝാർഖണ്ഡിന് 1,470 ഡോളറുമാണ്. നേപ്പാളിനേക്കാൾ പിന്നിലാണ് ആളോഹരി വരുമാനത്തിൽ ഈ സംസ്ഥാനങ്ങൾ. 1994-ൽ ഇന്ത്യയിൽനിന്ന് മധ്യവർഗ വിഭാഗത്തിൽ ഒരു സംസ്ഥാനവും ഉൾപ്പെട്ടിരുന്നില്ല.
ഉയർന്ന മധ്യവർഗ രാജ്യമായി ശ്രീലങ്ക
ലോകബാങ്കിന്റെ പുതിയ പട്ടിക പ്രകാരം ഉയർന്ന മധ്യവർഗ സമ്പദ്വ്യവസ്ഥയുടെ ഗണത്തിലേക്ക് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക. 2019-ൽ ആദ്യമായി പട്ടികയിലെത്തിയ ശ്രീലങ്ക 2022-ൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഈ വിഭാഗത്തിലേക്ക് ഉയർന്നിട്ടുണ്ട്. വ്യവസായം, ടൂറിസം, സാമ്പത്തിക മേഖലകളിലെ തിരിച്ചുവരവാണ് ശ്രീലങ്കയെ പുതിയ നേട്ടത്തിലെത്തിച്ചത്. കയറ്റുമതിയിലെ മുന്നേറ്റമാണ് വിയറ്റ്നാമിനെ പട്ടികയിലെത്തിച്ചത്. വിവിധ മേഖലകളിലെ കുതിപ്പ് ഫിലിപ്പീൻസിനും തുണയായി.
ഇന്ത്യയുടേത് മോശം പ്രകടനമല്ല
വർഷങ്ങളായി ഇന്ത്യ താഴ്ന്ന മധ്യവർഗ വിഭാഗത്തിലാണെങ്കിലും ഇത് മോശം സാമ്പത്തിക പ്രകടനമായി കാണാനാകില്ലെന്നാണ് കണക്കാക്കുന്നത്. 140 കോടിയിലധികം വരുന്ന ഇന്ത്യയുടെ ജനസംഖ്യയാണ് വില്ലനാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഈ പട്ടികയിലേക്കെത്തണമെങ്കിൽ ദേശീയ വരുമാനം വലിയ അളവിൽ ഉയരേണ്ടതുണ്ട്. 1136 ഡോളർ മുതൽ 4495 വരെ ഡോളർ ആളോഹരി വരുമാനമുള്ള രാജ്യങ്ങളാണ് താഴ്ന്ന മധ്യവർഗ വിഭാഗത്തിൽ വരുന്നത്. ഇന്ത്യയുടേത് നിലവിൽ 2500 ഡോളറിനും 2700 ഡോളറിനും ഇടയിലാണ്.