ജയന്റ് വീലിൽ യുവതിയുടെ തലമുടി കുരുങ്ങി, തലയോട്ടിയിലെ തോൽ വേർപെട്ടു; ഗുരുതര പരിക്ക്

#ന്യൂസ് ഡെസ്ക്
Photo: X.com
Photo: X.com

മുംബൈ: ജയന്റ് വീലിൽ തലമുടി കുരുങ്ങി യുവതിയുടെ ശിരോ ചർമ്മം അടർന്നു. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ യവത്മാളിൽ നടന്ന പ്രാദേശിക മേളയിലായിരുന്നു ദാരുണസംഭവം ഉണ്ടായത്. ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുൽസവാംഗി സ്വദേശിയായ ബാലി മരോതി താലികോട്ടെ (25) എന്ന യുവതിക്കാണ് പരിക്കേറ്റത്.

യവാത്മാൾ ജില്ലയിലെ മഹാഗാവ് താലൂക്കിൽ നടന്ന തൻഹ പോള ഉത്സവത്തോടനുബന്ധിച്ച മേളയിലായിരുന്നു സംഭവം. ജയന്റ് വീലിന്റെ ശക്തമായ കറക്കത്തിൽ യുവതിയുടെ തലമുടി കുടുങ്ങുകയായിരുന്നു. നാട്ടുകാരുടേയും പ്രദേശത്തുണ്ടായിരുന്ന പോലീസുകാരുടേയും സഹായത്തോടെ ജയന്റ് വീൽ പിടിച്ചു നിർത്തി. ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജയന്റ് വീൽ വേഗത്തിൽ കറങ്ങാൻ തുടങ്ങിയതോടെ, യുവതിയുടെ സീറ്റിന് പിന്നിലുണ്ടായിരുന്ന റോളിങ് ബെയറിങ്ങിൽ മുടി കുടുങ്ങുകയായിരുന്നു. കറക്കം ശക്തമായതോടെ കുടുങ്ങിയ മുടിയ്ക്കൊപ്പം തലയോട്ടിയിലെ തോൽ വേർപെട്ടുപോയി.

യുവതിയുടെ അലർച്ചയും രക്തം വാർന്നൊഴുകുന്നതും കണ്ട് മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂരെ, പോലീസ് കോൺസ്റ്റബിൾ സുഹാസ് കായ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ ജയന്റ് വീൽ നിർത്തി യുവതിയെ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Content Highlights: A 25-year-old woman named Bali Maroti Talikote suffered severe injuries when her hair got trapped in a giant wheel., The incident occurred during the Tanha Pola festival fair in Mahagaon taluka, Yavatmal district, Maharashtra., Quick action by locals and police helped stop the ride and rush the victim to the hospital.