ജയ്ശ്രീരാം വിളികളോടെ സ്‌കൂളിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടഞ്ഞു

Photo: twitter.com|ghazalimohammad
Photo: twitter.com|ghazalimohammad

ഗുരുഗ്രാം: സ്വകാര്യ സ്‌കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷം പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ നേതൃത്വത്തിലുളള സംഘം തടഞ്ഞു. ഹരിയാനയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. ജയ്ശ്രീരാം, ഭാരത് മാതാ കീ ജയ് വിളികളോടെ സ്‌കൂളിലെത്തിയ സംഘം ക്രിസ്തുമസ് ആഘോഷം തടയുകയായിരുന്നു. 

ഗുര്‍ഗാവിലെ പട്ടൗടി നഗരത്തിലെ സ്‌കൂളിലാണ് സംഭവം. ഹൗസ് ഹോപ്പ് ഗുര്‍ഗാവ് എന്ന സംഘം സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷമാണ് തടഞ്ഞത്. പരിപാടിക്കിടെ ഒരു ഗാനത്തിന് ശേഷം ഇവര്‍ ക്രിസ്തുവിനെ സ്തുതിച്ചത് പ്രദേശവാസികളില്‍ ചിലരെ പ്രകോപിപ്പിക്കുകയായിരുന്നു. കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണെന്ന് ഇവര്‍ ആരോപച്ചു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് ഹൗസ് ഹോപ്പ് സംഘത്തെ തിരിച്ചയച്ചു. 

സംഭവം അറിഞ്ഞ നരേന്ദ്ര സിങ് പഹരി എന്ന പ്രദേശിക രാഷ്ട്രീയ നേതാവ് തന്റെ അനുയായികളോടൊപ്പം സ്‌കൂളിലെത്തുകയായിരുന്നു. ക്രിസ്തുമസ് കാര്‍ണിവലിന്റെ പേരില്‍ ആളുകളെ പ്രലേഭിപ്പിച്ച് മതം മാറ്റുന്നതായി അറിഞ്ഞാണ് താനെത്തിയതെന്ന് ഇയാള്‍ പറഞ്ഞു. 

'ക്രിസ്തുമതം ഇവിടെ സ്വീകാര്യമല്ല. ഞങ്ങള്‍ യേശുക്രിസ്തുവിനെ അനാദരിക്കുന്നില്ല. പക്ഷെ മതപരിവര്‍ത്തന ശ്രമങ്ങളില്‍ വീണുപോകരുതെന്നാണ് പുതിയ തലമുറയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. അത് ഇന്ത്യന്‍ സംസ്‌കാരത്തെ ഇല്ലാതാക്കും', നരേന്ദ്ര സിങ് പഹരി പറഞ്ഞു.

പ്രശ്നം പരിഹരിക്കപ്പെട്ടതായും ആരും പരാതി തരാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പട്ടൗടി പോലീസ് പറഞ്ഞു. നേരത്തെ ഗുര്‍ഗാവിലെ പൊതുസ്ഥലങ്ങളില്‍ മുസ്ലീം മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നത് വലതുപക്ഷ സംഘടനകള്‍ തടസ്സപ്പെടുത്തിയ സംഭവങ്ങളുണ്ടായിരുന്നു.

Content Highlights: With 'Jai Shri Ram' Chants, Gurgaon School's Christmas Carnival Disrupted

Content Highlights: