ഇ.വി.എമ്മിനെ അന്നും ഇന്നും വിശ്വാസമില്ല; യു.പിയില്‍ മുഴുവന്‍ സീറ്റ് കിട്ടിയാലും- അഖിലേഷ് യാദവ്

അഖിലേഷ് യാദവ് സംസാരിക്കുന്നു. ഫോട്ടോ - പി.ടി.ഐ
അഖിലേഷ് യാദവ് സംസാരിക്കുന്നു. ഫോട്ടോ - പി.ടി.ഐ

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തെ (ഇ.വി.എം) ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

' ഇ.വി.എമ്മിനെ കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇന്നും ഞാന്‍ അവയെ വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാലും ഇ.വി.എമ്മില്‍ വിശ്വാസമില്ല. ഇത് എക്കാലത്തും ഒരു പ്രശ്നമായി നിലനില്‍ക്കും. ഞങ്ങള്‍ക്ക് (സമാജ്വാദി പാര്‍ട്ടി) ഈ വിഷയത്തില്‍ ശക്തമായ നിലപാടാണുള്ളത്. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇ.വി.എം നിര്‍ത്തലാക്കുകതന്നെ ചെയ്യും' - യു.പി മുന്‍ മുഖ്യമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു. ഇ.വി.എം ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടില്ല. ഉറച്ച നിലപാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ.വി.എമ്മില്‍ കൃത്രിമം കാട്ടാനും അവ ഹാക്ക് ചെയ്യാനും കഴിയുമെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ഇ.വി.എമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഓരോ വോട്ടും എണ്ണി കൃത്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജുകള്‍ സുപ്രീം കോടതി തള്ളിയിരുന്നു. വോട്ടിങ് യന്ത്രത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചുവന്ന പ്രതിപക്ഷത്തെ നേതാക്കളില്‍ പ്രധാനി ആയിരുന്നു അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അദ്ദേഹം വോട്ടിങ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇ.വി.എമ്മുകള്‍ രാജ്യത്തെ ജനങ്ങളില്‍ അവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഇത്തവണ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്ന സമാജ്‌വാദി പാര്‍ട്ടി യു.പിയില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 37 സീറ്റുകളാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.പി നേടിയത്. അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് വിജയിച്ചാണ് ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകള്‍ വിജയിച്ച ബിജെപിക്കാണ് ഇത്തവണ ഇന്ത്യ സഖ്യം കനത്ത തിരിച്ചടി നല്‍കിയത്.

Content Highlights: will not trust evms even if won 80 seats in up - says akhilesh yadav