പുള്ളിപ്പുലികളുടെ തോലുമായി പിടിയിലായ സംഭവം; വൻ വഴിത്തിരിവ്, അന്വേഷണം വന്യജീവി സംരക്ഷണ സംഘടനയിലേക്ക്

ന്യൂഡൽഹി: ഗ്വാളിയോർ-ആഗ്ര ദേശീയപാതയിൽ വെച്ച് പുള്ളിപ്പുലികളുടെ തോലുമായി നാലംഗ വേട്ടസംഘത്തെ പിടികൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. ജൂലായ് 23ന് ആണ് പത്ത് പുള്ളിപ്പുലികളുടെ തോലുമായി സംഘം പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വന്യജീവി സംരക്ഷണ സംഘടനയായ 'വൈൽഡ് ലൈഫ് എസ്ഒഎസ്' (Wildlife SOS) ലേക്ക് എത്തിനിൽക്കുകയാണ്.
എൻജിഒയുടെ പേരും പ്രശസ്തിയും വർദ്ധിപ്പിക്കാനും വിദേശ ഫണ്ടുകളും സംഭാവനകളും ഉറപ്പാക്കാനും വേണ്ടി എൻജിഒ മേധാവി തന്നെ നായാട്ടിന് ഒത്താശ ചെയ്യുകയും തോൽ പിടിച്ചെടുക്കൽ നാടകങ്ങൾ നടത്തുകയും ചെയ്തു എന്നാണ് ഉയർന്നുവന്നിരിക്കുന്ന ആരോപണം. മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്‌ട്രൈക്ക് ഫോഴ്സിന്റെതാണ് കണ്ടെത്തലെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വൈൽഡ്ലൈഫ് എസ്ഒഎസ് സ്ഥാപകനും സി.ഇ.ഒയുമായ കാർത്തിക് സത്യനാരായണനോട് തിങ്കളാഴ്ച ശിവ്പുരിയിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മധ്യപ്രദേശ് സ്റ്റേറ്റ് ടൈഗർ സ്‌ട്രൈക്ക് ഫോഴ്സ് നോട്ടീസ് അയച്ചിട്ടുണ്ട്.
ഡൽഹി പോലീസ് നേരത്തെ പിരിച്ചുവിട്ട ഭഗവാൻ സിങ് എന്ന സലീം, അദ്ദേഹത്തിന്റെ കൂട്ടാളി വസീം എന്നിവരെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.
വൈൽഡ്ലൈഫ് എസ്ഒഎസ് സിഇഒ കാർത്തിക് സത്യനാരായണന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. തങ്ങളുടെ 'ഫോറസ്റ്റ് വാച്ച്' വിഭാഗത്തിന്റെ മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ജൂലായ് 23ന് വേട്ടക്കാരെ പിടികൂടിയതെന്നാണ് അന്ന് വൈൽഡ് ലൈഫ് എസ്ഒഎസ് അവകാശപ്പെട്ടിരുന്നത്. പുള്ളിപ്പുലിത്തോലുകൾ മധ്യപ്രദേശിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയതോടെയാണ് എസ്ടിഎസ്എഫ് സമാന്തര അന്വേഷണം ആരംഭിച്ചത്. എൻജിഒയുടെയും സിഇഒയുടെയും സൽപ്പേര് വർദ്ധിപ്പിക്കുന്നതിനും വലിയ തുകകൾ ഗ്രാന്റായി ലഭിക്കുന്നതിനുമായി ഇവർ വേട്ടയാടൽ സംഘടിപ്പിക്കുകയും പിന്നീട് അത് പിടികൂടിയതായി അഭിനയിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ശിവപുരി, മൊറേന വനമേഖലകളിൽ പുള്ളിപ്പുലികളുടെ അവശിഷ്ടങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. എൻജിഒയുടെ വാഹനത്തിലാണ് പ്രതികൾ വനമേഖലകളിൽ പരിശോധന നടത്തിയിരുന്നതെന്നും ഹരിയാണയിൽ നിന്ന് എത്തിച്ച കെണികൾ വേട്ടക്കാർക്ക് വിതരണം ചെയ്തത് ഭഗവാൻ സിംഗ് ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുള്ളിപ്പുലികൾക്ക് പുറമെ കടുവകളെയും ഈ സംഘം ലക്ഷ്യം വെച്ചിരുന്നോ എന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. വൈൽഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപക ഗീത ശേഷാമണിയോ സിഇഒ കാർത്തിക് സത്യനാരായണനോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Four poachers were arrested on July 23 with 10 leopard skins on the Gwalior-Agra highway., Madhya Pradesh State Tiger Strike Force (STSF) investigation points to Wildlife SOS CEO Kartik Satyanarayan., Allegations suggest the NGO orchestrated the poaching and staged seizures to raise funds and international donations., Accused poachers claimed they operated under the instructions of Wildlife SOS leadership., Forest department recovered leopard remains in Shivpuri and Morena, while digital evidence is being probed.