‘ഓർമക്കുറിപ്പിൽ’ രാഹുൽ ഗാന്ധിയും സർക്കാരും നേർക്കുനേർ; വിവാദത്തിൽ പുസ്തകം, ആരാണ് എംഎം നരവനെ?

എം എം നരവനെ. രാഹുൽ ഗാന്ധി
എം എം നരവനെ. രാഹുൽ ഗാന്ധി

മുൻ കരസേന മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമകുറിപ്പുകളിൽ നിന്നുള്ള ചില ഭാഗങ്ങൾ രാഹുൽ ഗാന്ധി വായിച്ചതായിരുന്നു ലോക്‌സഭയിലെ ബജറ്റ് സമ്മേളന ചർച്ചയെ ഇന്ന് പ്രക്ഷുബ്ധമാക്കിയത്. പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകളെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കങ്ങളുണ്ടാവുകയും മുദ്രാവാക്യം വിളികളിലേക്കെത്തിയതോടെ സഭ നിർത്തിവെക്കുകയും ചെയ്തിരുന്നു. ദോക്‌ലാം വിഷയവും ഇന്ത്യയുടെ ഭൂമി കയ്യേറിയ ചൈനീസ് നടപടിയിലെ കേന്ദ്രസർക്കാരിന്റെ വീഴ്ചയും പരാമർശിക്കുന്ന ഭാഗമായിരുന്നു രാഹുൽ സഭയിൽ വായിച്ചത്. മുൻ കരസേന മേധാവിയുടെ ഓർമക്കുറിപ്പുകൾ ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതോടെ മനോജ് മുകുന്ദ് നരവനെ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.

ആരാണ് മനോജ് മുകുന്ദ് നരവനെ?

ഇന്ത്യയുടെ 28-ാം കരസേന മേധാവിയായിരുന്നു നരവനെ. 1960 ഏപ്രിൽ 22നാണ് ജനനം. വ്യോമസേന ഓഫീസറായിരുന്നു പിതാവ്. പൂണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലേയും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി പഠനം പൂർത്തിയാക്കി. ഡിഫൻസ് സ്റ്റഡീസിൽ എംഫില്ലും നേടിയിട്ടുണ്ട്.

1980ൽ സിക്ക് ലൈറ്റ് ഇൻഫന്ററിയിലെ ഏഴാ ബറ്റാലിയനിലാണ് നരവനെയുടെ സർവീസിന്റെ തുടക്കം. പിന്നീട് രാഷ്ട്രീയ റൈഫിൾസിലും അസ്സം റൈഫിൾസിലും സേവനമനുഷ്ഠിച്ചു. ഇക്കാലയളവിലെല്ലാം കശ്മീരിലേയും വടക്ക് കിഴക്കൻ മേഖലയിലേയും അതിർത്തികളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും ശ്രീലങ്കയിലെ IPKF കാലഘട്ടത്തിലും പ്രധാന കമാൻഡുകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആകുന്നതിന് മുമ്പ് ഖാർഗ സ്‌ട്രൈക്ക് കോർ, ഡൽഹി ഏരിയ (2017 റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെ), ഈസ്റ്റേൺ കമാൻഡ്, ആർമി ട്രെയിനിംഗ് കമാൻഡ് എന്നിവയിൽ നരവനെ കമാൻഡ് ചെയ്തിട്ടുണ്ട്. 2020ലെ ഗൽവാൻ സംഘർഷം, ലഡാക്കിൽ ഇന്ത്യ നടത്തിയ അടിസ്ഥാന സൗകര്യ വികസനം, ചൈനക്കെതിരായ അതിർത്തിയിലെ ശക്തിപ്രകടനം എന്നിവ നരവനെയുടെ സേവന കാലയളവിലാണ് നടത്തിയത്. വിശിഷ്ട സേവനങ്ങൾക്ക് PVSM, AVSM, VSM, SM തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2019 ഡിസംബർ 16നാണ് ജനരൽ ബിബിൻ റാവത്തിന്റെ പിൻഗാമിയായി, കരസേനാ മേധാവി (COAS)സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2022 ഏപ്രിലിൽ ആ പദവിയിൽ നിന്ന് വിരമിച്ചു.

ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി- ഓർമക്കുറിപ്പുകൾ

ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത ജനറൽ എം.എം. നരവാനെയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നുള്ള ചില ഭാഗങ്ങൾ 2023ൽ ഒരു വാർത്താ ഏജൻസിയും നിരവധി മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രധാകർ പെൻഗ്വിൻ ബുക്ക്‌സ് ആണ്. എന്നാൽ, സർക്കാർ അനുമതി ലഭിക്കാത്തതിനാൽ 2024ൽ പുറത്തിറങ്ങേണ്ട പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകി. ആമസോണും മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഇതിനായുള്ള പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.

ഓർമ്മക്കുറിപ്പുകളിൽ ജനറൽ നരവാനെയുടെ കുട്ടിക്കാലം മുതൽ അവസാനകാലത്തെ സർവീസ് വരെയുള്ള ഓർമകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിക്കിമിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന കാലത്ത് ചൈനീസ് സൈനികരുമായുള്ള ആദ്യ കൂടിക്കാഴ്ച മുതൽ ആർമി ചീഫ് ആയിരുന്നപ്പോൾ ഗാൽവാനിൽ അവരെ നേരിട്ടതടക്കമുള്ള നാല് പതിറ്റാണ്ടിലേറെ നീണ്ട ഓർമകൾ അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

ലോക്‌സഭയിലെ വിവാദം

ബജറ്റ് സമ്മേളനത്തിൽ ലോക്‌സഭയിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലായിരുന്നു രാഹുൽ ഗാന്ധി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പുകൾ വായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലുണ്ടായിരുന്നു. ഒരു മാസികയിൽ നിന്നുള്ള പേജുകൾ പ്രദർശിപ്പിക്കുകയും അതിലെ ഭാഗങ്ങൾ വായിക്കുകയുമാണ് രാഹുൽ ചെയ്തത്. ദോക്ലാം വിഷയത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമർശനമാണ് രാഹുൽ ഉയർത്തിയത്. ഇതോടെ ഭരണപക്ഷത്ത് നിന്ന് എതിർപ്പുകളുയർന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇടപെട്ടു.രാഹുൽ സഭയിൽ കാണിക്കുന്ന ഓർമ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്ന ചോദ്യമാണ് രാജ്നാഥ് ഉയർത്തിയത്. ഇത് സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്നാഥ് സിങ്ങിനെ പിന്തുണച്ച് അമിത് ഷായും രംഗത്തെത്തി. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കാര്യങ്ങൾ മാത്രം പറയണമെന്ന് അമിത് ഷാ രാഹുലിനോട് ആവശ്യപ്പെട്ടു.

മാസികകൾക്ക് എന്തും പ്രസിദ്ധീകരിക്കാം. ഇത്തരം പരാമർശങ്ങൾ പാർലമെന്ററി നടപടികളുടെ ഭാഗമാകരുത് എന്നും ഷാ വാദിച്ചു. ഇതോടെ പ്രതിപക്ഷ നിരയിലെ എംപിമാരും ബഹളം വെച്ചു. രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവർ രംഗത്തെത്തി. താൻ പറഞ്ഞത് നൂറ് ശതമാനം ആധികാരികമാണ്. നരവനെയെ പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. സ്പീക്കർ ഓം ബിർള മന്ത്രിമാർ പറഞ്ഞിനോട് യോജിച്ചു. ചട്ടങ്ങളും കീഴ്വഴക്കങ്ങളും അനുസരിച്ച്, പത്രക്കട്ടിംഗുകൾ, പുസ്തകങ്ങൾ, മറ്റ് അംഗീകാരമില്ലാത്ത കാര്യങ്ങൾ എന്നിവ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ല. തുടർന്ന് അദ്ദേഹം രാഹുൽ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബഹളത്തെ തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

Content Highlights: Unpublished excerpts from Gen. Manoj Mukund Naravane`s memoir created a stir in the Lok Sabha budget session. Opposition and ruling parties clashed over the controversial readings.