ആ 3 ലക്ഷത്തിലധികം വോട്ടര്‍മാര്‍ എവിടെനിന്ന് വന്നു, ബിഹാര്‍ ഫലം അസ്വാഭാവികം- CPI(ML) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി

#ന്യൂസ് ഡെസ്ക്
ദീപാങ്കര്‍ ഭട്ടാചാര്യ | Photo: PTI
ദീപാങ്കര്‍ ഭട്ടാചാര്യ | Photo: PTI

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പു ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിപിഐ(എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. തിരഞ്ഞെടുപ്പുഫലം യഥാര്‍ഥ സാഹചര്യത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫലം തീര്‍ത്തും അസ്വാഭാവികമാണ്. അത്, ബിഹാറിലെ യഥാര്‍ഥ സാഹചര്യങ്ങളുമായി അല്‍പം പോലും പൊരുത്തപ്പെട്ടു പോകുന്നില്ല. രണ്ടു പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന് അതിന്റെ 2010-ലെ പ്രകടനം എങ്ങനെ ആവര്‍ത്തിക്കാനാകുമെന്നും ദീപാങ്കര്‍ ആരാഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പൊടുന്നനെ വളര്‍ച്ചയുണ്ടായെന്നും സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പില്‍ ദീപാങ്കര്‍ ആരോപിച്ചു. എസ്‌ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നത് 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ്. മൂന്നു ലക്ഷത്തിലധികം വോട്ടര്‍മാരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും ദീപാങ്കര്‍ ആരാഞ്ഞു.

മഹാഗഢ്ബന്ധന്റെ ഭാഗമായി സിപിഐ(എംഎല്‍) ഇക്കുറി 20 മണ്ഡലങ്ങളില്‍ നിന്നാണ് ജനവിധി തേടിയത്. എന്നാല്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 2020 നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ പന്ത്രണ്ടിടത്ത് വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

Content Highlights: where did that more than three lakh vote came from asks cpiml l general secretary