പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയുടെ തിരിച്ചടി എങ്ങനെ? സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകുമോ?

#പിഎം നാരായണന്‍
പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സമീര്‍ ഗുഹയുടെ  മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ ശർബരി (നടുവിൽ) വിലപിക്കുന്നു  | Photo: PTI
പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സമീര്‍ ഗുഹയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ ശർബരി (നടുവിൽ) വിലപിക്കുന്നു | Photo: PTI

ണ്ടരക്കോടി വിനോദസഞ്ചാരികളാണ് കഴിഞ്ഞവര്‍ഷം കശ്മീര്‍ സന്ദര്‍ശിച്ചത്. സംസ്ഥാനസര്‍ക്കാര്‍ കണക്കാണിത്. വിനോദസഞ്ചാരികളാണ് കശ്മീര്‍ സമ്പദ്വ്യവസ്ഥയുടെ ധമനികളിലൊഴുകുന്ന രക്തം. അതാണ് പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റു വാര്‍ന്നൊഴുകിപ്പോയത്. മലയാളിയടക്കം 26 പേരെയാണ് ഭീകരര്‍ വെടിവെച്ചുകൊന്നത്. ഇതുണ്ടാക്കുന്ന സാമ്പത്തികാഘാതമല്ല ഇന്നത്തെ ചിന്താവിഷയം. അതുകൊണ്ട് ആ ചര്‍ച്ച തത്കാലം മാറ്റിവെക്കുന്നു.

തിരിച്ചടിക്കുമോ
ആറുവര്‍ഷംമുന്‍പ് പുല്‍വാമയില്‍നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പാക് അധിനിവേശ കശ്മീരിലെ ഭീകരപരിശീലനക്യാമ്പുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തുകൊണ്ടാണ് അന്ന് ഇന്ത്യ തിരിച്ചടിച്ചത്. അന്ന് ആദ്യമായാണ് ഒരു ഭീകരാക്രമണത്തിനു മറുപടിയായി, ഇന്ത്യ അതിര്‍ത്തികടന്ന ആക്രമണനടപടിയിലേക്കുകടന്നത്. മാത്രവുമല്ല, ഇതുനടന്ന് ആറുമാസത്തിനുള്ളില്‍, ആര്‍ട്ടിക്കിള്‍ 370-ലൂടെ കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേകപദവി എടുത്തുകളയുകയും ചെയ്തു.

കശ്മീര്‍വിഷയത്തില്‍ സ്വതന്ത്രഭാരതം നടത്തിയ ഏറ്റവും ശക്തമായ നിലപാടുമാറ്റമായിരുന്നു പുല്‍വാമയില്‍നടന്ന ഭീകരാക്രമണത്തിനുശേഷം കണ്ടത്. പഹല്‍ഗാമില്‍നടന്ന 26 പേരുടെ കുരുതി കശ്മീരില്‍ മറ്റൊരു അധ്യായം തുറക്കുമോ? ഇതാണ് ചിന്താവിഷയം. 2019-ലെ പുല്‍വാമ ആക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ അതേ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഇരകളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് മാറ്റിനിര്‍ത്തി വെടിവെച്ചുകൊന്നതിലെ പ്രകോപനം വളരെ വ്യക്തമാണ്.

കശ്മീര്‍ എന്ന ഒറ്റമൂലി
പാകിസ്താന്റെ പടിഞ്ഞാറ്, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയോടും തെഹരികെ താലിബാന്‍ പാകിസ്താനോടും പടവെട്ടി ക്ഷീണിച്ചുനില്‍ക്കുകയാണ് പാകിസ്താന്‍ പട്ടാളം. ക്ഷീണമകറ്റാന്‍ പാകിസ്താന്‍ പട്ടാളം എക്കാലത്തും ഉപയോഗിച്ചുപോന്ന ഒറ്റമൂലിയാണ് കശ്മീര്‍.

ഒരാഴ്ചമുന്‍പാണ് പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കശ്മീര്‍സംബന്ധിയായി ചില പരാമര്‍ശങ്ങള്‍ നടത്തിയത്. കശ്മീര്‍ പാകിസ്താന്റെ കര്‍ണഞരമ്പാണ് (Jugular Vein) എന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ പാകിസ്താനില്‍നിന്നു വേര്‍പെടുത്താനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല ഇന്ത്യയുടെയും പാകിസ്താന്റെയും സാംസ്‌കാരിക പശ്ചാത്തലം വ്യത്യസ്തമാണെന്നും ഇസ്ലാം ആണ് പാകിസ്താന്റെ കാതലായ സ്വത്വം എന്നും അതിനെ പ്രതിരോധിക്കേണ്ടത് ഓരോ പാക് പൗരന്റെയും കടമയാണെന്നും ജനറല്‍ അസിം മുനീര്‍ പറഞ്ഞുവെക്കുന്നു.

ഈ ആഹ്വാനത്തിന്റെ തുടര്‍ച്ചയാണ് പഹല്‍ഗാമില്‍ കണ്ടത്. ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനയെ ഓള്‍ ഇന്ത്യ ഹുറിയത് കോണ്‍ഫറന്‍സ് സ്വാഗതംചെയ്തിരുന്നു. കശ്മീരില്‍ വിഘടനവാദാനുകൂലികളുടെ സംഘടനയാണ് ഹുറിയത് കോണ്‍ഫറന്‍സ്. ആസൂത്രണം ഏറെ ആവശ്യമുള്ള ഒന്നാണ് ഇത്തരം ആക്രമണങ്ങള്‍. സ്ഥലം, സമയം, സന്ദര്‍ഭം എല്ലാം പ്രധാനമാണിവിടെ. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കുടുംബസമേതം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് ഇത് നടക്കുന്നത്. കശ്മീര്‍പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ അറിയിക്കാന്‍ പാകിസ്താനു സാധിച്ചു. 'അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കശ്മീര്‍ വീണ്ടും തലക്കെട്ടായി' എന്നാണ് പാകിസ്താനിലെ നിരീക്ഷകര്‍ പറയുന്നത്. പക്ഷേ, അമേരിക്കയും റഷ്യയും ഒരേസ്വരത്തിലാണ് ഈ ഭീകരാക്രമണത്തെ അപലപിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ പൊതുവേ മടിച്ചുനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യാ അനുകൂലനിലപാടാണ് എടുത്തിട്ടുള്ളത്.

വെട്ടിക്കുറച്ച യാത്ര
ഭീകരാക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലായിരുന്നു. സൗദി അറേബ്യയുമായി മാത്രമല്ല, മേഖലയിലെ മറ്റ് അറബുരാജ്യങ്ങളുമായും നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളില്‍ വന്‍കുതിച്ചുചാട്ടമാണ് ഇന്ത്യ പോയവര്‍ഷങ്ങളില്‍ നടത്തിയത്. ഇതും പാകിസ്താനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. 'കശ്മീര്‍ ആര്‍ക്കും ഒരു പ്രശ്‌നമല്ലതാവുന്നു' എന്നതാണ് പാകിസ്താനി നിരീക്ഷകരുടെ പ്രശ്‌നം.

രണ്ടുദിവസംനീണ്ട സന്ദര്‍ശനം വെട്ടിക്കുറച്ചാണ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയത്. തിരിച്ചിറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ടില്‍വെച്ചുതന്നെ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ തുടങ്ങിയവരുമായി മീറ്റിങ്നടത്തി. അതിഗൗരവമായിരുന്നു അന്തരീക്ഷം.

ഇനി എന്ത്?
പുല്‍വാമയാണ് മാതൃകയെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക് പ്രതീക്ഷിക്കാം. എന്നാല്‍ ഒറ്റ  സ്ട്രൈക്കില്‍ തൂത്തെറിയാന്‍ സാധിക്കുന്നതല്ല പതിറ്റാണ്ടുകളിലൂടെ പാകിസ്താന്‍ നെയ്‌തെടുത്ത ഭീകരനെറ്റ്വര്‍ക്ക്. അതിനുവേണ്ടത് തന്ത്രമാണ്. 'ശത്രുവിനെ  അവരുടെ  തട്ടകത്തില്‍ത്തന്നെ പ്രതിരോധിച്ചുകൊണ്ട് ആക്രമിക്കുക. അതാണ് തുറന്ന യുദ്ധത്തെക്കാള്‍ ദേശസുരക്ഷയ്ക്ക് ഗുണംചെയ്യുക'.   ഇതാണ് ഇന്ത്യന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പാകിസ്താന്‍ നയത്തിന്റെ ചുരുക്കം. 'ആയിരം മുറിവുണ്ടാക്കി ഇന്ത്യയെ ചോരയൊലിക്കാന്‍ വിടുക' എന്ന പഴയ പാക്  തന്ത്രത്തിന് അതേനാണയത്തിലുള്ള മറുപടിയാണിത്. അതുകൊണ്ടുതന്നെ വികാരങ്ങളുടെ വേലിയേറ്റമിറങ്ങുമ്പോള്‍ പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റുവീഴുന്ന ഭീകരവാദികളുടെ എണ്ണം ഇനിയും കൂടും.

എന്തുകൊണ്ട് ഇത് സംഭവിച്ചു
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ ശ്രീനഗറില്‍ കല്ലേറും ഗ്രനേഡ് അക്രമങ്ങളും കുറഞ്ഞുവെന്നത് നേരാണ്. പക്ഷേ, കശ്മീര്‍ നോര്‍മല്‍ സ്ഥിതിയിലേക്ക് മടങ്ങിയിരുന്നില്ല ഏ 20യുടെ ഒരു സെഷന്‍ ശ്രീനഗറില്‍വെച്ച് നടത്തിയതും അതിലേക്ക് ലോകനേതാക്കളെ പങ്കെടുപ്പിക്കാന്‍ സാധിച്ചതും നേട്ടമായി പറയാമെങ്കിലും ഒറ്റതിരിഞ്ഞ അക്രമങ്ങള്‍ കശ്മീരില്‍ വ്യാപകമായിരുന്നു.

ലക്ഷക്കണക്കിന് ഹിന്ദുവിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് മുന്നോടിയായിനടന്ന ഈ ഭീകരാക്രമണം, പ്രത്യേകപദവി റദ്ദാക്കിയതിനുശേഷം സ്ഥിതിഗതികള്‍ ഭദ്രമാണെന്ന വാദത്തിലെ വിള്ളലുകളാണ് തുറന്നുകാട്ടുന്നത്. പഹല്‍ഗാമില്‍ പ്രതിരോധിക്കാന്‍ ആയുധധാരികളായ പട്ടാളമോ പോലീസോ ഇല്ലാതിരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സ്ഥാനാരോഹണംചെയ്യുന്ന അന്നാണ് ജമ്മുവിലെ റെയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനുനേരേ ഭീകരര്‍ വെടിവെച്ചത്. അന്ന് 10 തീര്‍ഥാടകര്‍ മരിച്ചിരുന്നു.

(ജര്‍മ്മന്‍ ടെലിവിഷന്റെ ദക്ഷിണേഷ്യാ പ്രതിനിധിയാണ് ലേഖകന്‍)

Content Highlights: what kind of reply india will give to pahalgam terror attack