34 ലക്ഷം അപേക്ഷകളിൽ തീർപ്പാക്കിയത് വെറും 139 എണ്ണം; SIRൽ കുരുങ്ങി ബംഗാൾ; ചരിത്രത്തിലെ ഉയർന്ന പോളിങ്

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായെങ്കിലും വോട്ടർമാരുടെ കൂട്ട ഒഴിവാക്കലുകൾക്ക് പരിഹാരമില്ല. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപായി ജുഡീഷ്യൽ ഉദ്യോഗസ്ഥരടങ്ങുന്ന ട്രിബ്യൂണലുകൾ തീർപ്പാക്കിയത് വെറും 139 അപേക്ഷ.
എസ്.ഐ.ആറിന്റെ ഭാഗമായി പശ്ചിമബംഗാളിൽ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം 60 ലക്ഷം അപേക്ഷകളാണ് തർക്കത്തിൽ കുരുങ്ങിയത്. ട്രിബ്യൂണലുകൾ നടത്തിയ പരിശോധനയിൽ 33 ലക്ഷം അപേക്ഷകൾ അംഗീകരിച്ചു. 27 ലക്ഷം അപേക്ഷകൾ തള്ളി. ഇവയും പട്ടികയിൽ ഉൾപ്പെട്ട ചില പേരുകൾ ഒഴിവാക്കണമെന്നുള്ള അപേക്ഷകളുമുൾപ്പെടെ മൊത്തം 34 ലക്ഷമാണ് പിന്നീട് കമ്മിഷന് മുൻപാകെ അവശേഷിച്ചത്. ഇതിലാണ് 139 എണ്ണം തീർപ്പാക്കിയത്.
എന്തൊരു പോളിങ്
കൊൽക്കത്ത\ചെന്നൈ: ചരിത്രത്തിലെ ഉയർന്ന പോളിങ്ങുമായി പശ്ചിമബംഗാളും തമിഴ്‌നാടും. ഒന്നാം ഘട്ടത്തിൽ 91.78 ശതമാനം പോളിങ്ങാണ് പശ്ചിമബംഗാളിൽ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കുന്ന തമിഴ്‌നാട്ടിൽ 84.69 ശതമാനവും.
തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ ആദ്യഘട്ടത്തിൽ 152 ഇടത്തേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്. ഫലം മേയ് നാലിനും. രണ്ടിടത്തും സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നും വോട്ടർമാരെ അഭിനന്ദിക്കുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. ബംഗാളിൽ അങ്ങിങ്ങായി ചില സംഘർഷങ്ങളുണ്ടായി. സുത്തി മണ്ഡലത്തിൽ എസ്.ഐ.ആർ. ഒഴിവാക്കലുകളിൽ പ്രതിഷേധിച്ച് ചിലർ കറുത്ത ബാഡ്ജ് ധരിച്ചാണ് വോട്ടിനെത്തിയത്.
പശ്ചിമമേദിനിപുരിലെ പിംഗ്ളയിൽ ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫീസറടക്കം എല്ലാ ഉദ്യോഗസ്ഥരും ഒരേ സമയത്ത് ഊണുകഴിക്കാൻ പോയതോടെ ബൂത്തിൽ ചുമതലക്കാരില്ലാതെ വന്നു. വിവരമറിഞ്ഞ ഉടൻ കമ്മിഷൻ ഇവരെ മൊത്തം സസ്പെൻഡ് ചെയ്ത് ബദൽ സംഘത്തെ നിയോഗിച്ചു.
Content Highlights: Record-breaking voter turnout in West Bengal (91.78%) and Tamil Nadu (84.69%) during the 2026 assembly elections., Significant backlog in voter list disputes with 34 lakh applications pending before the commission., Election Commission suspended polling officials in Pingla, West Midnapore for dereliction of duty., Election results for both states are scheduled to be announced on May 4th, 2026.