നേതാജിയെ അപമാനിച്ചു; ബിജെപി എംപിയിൽ നിന്ന് സംസ്ഥാന ബഹുമതി തിരിച്ചെടുത്ത് ബംഗാൾ സർക്കാർ

കൊൽക്കത്ത: ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗാളിന്റെ സിവിലിയൻ ബഹുമതിയായ 'ബംഗ വിഭൂഷൺ' പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് ബംഗാളിലെ ബിജെപി സർക്കാരിന്റെ നടപടി.
സ്വാതന്ത്ര്യ സമര സേനാനിയും ബംഗാളിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയുമായ നേതാജിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിലാണ് ബിജെപി എംപിക്കെതിരായ നടപടി. എം.പിമാർക്കും എം.എൽ.എമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേതാജിയെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെയും ചോദ്യം ചെയ്ത് അനന്ത മഹാരാജ് എന്ന പേരിലറിയപ്പെടുന്ന നാഗേന്ദ്ര റേ സംസാരിച്ചിരുന്നു.
കൂച്ച് ബിഹാറിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് അദ്ദേഹം. രാജ്ബൻഷി സമുദായത്തിന്റെ നേതാവ് കൂടിയാണ്. മമതാ ബാനർജി സർക്കാർ അധികാരത്തിലിരിക്കെ ഈ വർഷം ഫെബ്രുവരിയിലാണ് ബിജെപി എംപിക്ക് ബംഗ ഭൂഷൺ നൽകി ആദരിച്ചത്.
സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും നൽകിയ മികച്ചതും മാതൃകാപരവുമായ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.
നഗേന്ദ്ര റേ ബംഗ ഭൂഷൺ പുരസ്‌കാരം തുടർന്നും കൈവശം വയ്ക്കുന്നത് ഈ ബഹുമതിയുടെ അന്തസ്സിനും പ്രശസ്തിക്കും ലക്ഷ്യത്തിനും നിരക്കാത്തതാണെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 'അതിനാൽ, പശ്ചിമ ബംഗാൾ സർക്കാർ, 2026 ഫെബ്രുവരി 21-ന് നഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗ ഭൂഷൺ പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു' സർക്കാർ ഉത്തരവിൽ പറഞ്ഞു.
Content Highlights: West Bengal government revokes Banga Bibhushan award from BJP MP Nagendra Ray., Action taken due to derogatory remarks made against Netaji Subhas Chandra Bose., Nagendra Ray called Netaji a war criminal and questioned Azad Hind Fauj's role., The award was initially given in February 2026.