ബംഗാളിൽ ബി.ജെ.പി ഭരണമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; 'ദീദി' ഭരണത്തിന് അവസാനം കുറിക്കുമോ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ. ബംഗാളിന്റെ 'ദീദി'യുടെ തുടർഭരണം എൻഡിഎ അവസാനിപ്പിക്കുമെന്നാണ് പി മാർക്ക്, മാട്രിസ് തുടങ്ങിയ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്.
മാട്രിസ് സർവേയിൽ ബിജെപിക്ക് 146 മുതൽ 161 സീറ്റുകൾ വരെ പ്രവചിക്കുന്നു. തൃണമൂലിന് 125 മുതൽ 140 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം.
പി മാർക്ക് സർവേയിൽ ബിജെപിക്ക് 150 മുതൽ 175 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. തൃണമൂലിന് 118 മുതൽ 138 സീറ്റുകൾ വരെ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു.
എന്നാൽ പീപ്പിൾസ് പൾസ് സർവേ ബംഗാളിൽ തൃണമൂലിന് ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ട്. തൃണമൂൽ 177 മുതൽ 187 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. എൻഡിഎ 95 മുതൽ 110 സീറ്റുകൾ വരെ നേടുമെന്ന് പീപ്പിൾസ് പൾസ് സർവേ സൂചിപ്പിക്കുന്നു.
ബംഗാളിൽ ഇത്തവണ രണ്ടും കൽപ്പിച്ചാണ് ബിജെപി കളത്തിലിറങ്ങിയത്. അടിത്തട്ടിലും മേൽത്തട്ടിലും പരമാവധി സ്വാധീനമുണ്ടാക്കുന്ന നീക്കങ്ങളും പ്രചരണങ്ങളുമാണ് ബിജെപി ഇത്തവണ കാഴ്ചവച്ചത്. 2021-ലെ പരാജയത്തിൽനിന്ന് പഠിച്ച പാഠങ്ങളും ഭരണകൂട വിരുദ്ധവികാരം പരമാവധി തങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധാരണക്കാരുടെയും സ്ത്രീകളുടെയും വോട്ട് മമതയിൽനിന്ന് അടർത്തിമാറ്റാനും ബിജെപി ചില്ലറ കളികളല്ല പുറത്തെടുത്തത്. രണ്ടു ഘട്ടങ്ങളിലെയും റെക്കോഡ് പോളിങ് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു. അതിനോട് ചേർന്നു നിൽക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളും.
Content Highlights: Exit polls indicate a tight contest between BJP-led NDA and Trinamool Congress., Matrize and P-Marq agencies project a potential BJP lead in seat count., People's Pulse survey predicts a continuation of TMC rule., BJP focused on anti-incumbency and grassroots outreach to sway voters., Record polling percentages in two phases have boosted BJP's confidence.