12 വർഷത്തെ ഇരുട്ടിന് 12 ദിവസംകൊണ്ട് പരിഹാരം; ബംഗാളിൽ ജനതാ ദർബാറിലൂടെ കുടുംബത്തിന് വെളിച്ചം

കൊൽക്കത്ത: പന്ത്രണ്ടു വർഷംനീണ്ട അന്ധകാരത്തിന് ഒടുവിൽ പന്ത്രണ്ട് ദിവസംകൊണ്ട് പരിഹാരം. പശ്ചിമ ബംഗാളിൽ വൈദ്യുതി ലഭിക്കാതെ ദുരിതത്തിലായിരുന്ന സൈക്കിൾ മെക്കാനിക് കൃഷ്ണ ബൗരിയുടെ വീട്ടിൽ വെളിച്ചമെത്തിച്ച് വേന്ദു അധികാരി സർക്കാരിന്റെ ജനതാ ദർബാർ.
പശ്ചിമബംഗാളിലെ പുരുളിയ ജില്ലയിലുള്ള ലൗലാഡ ഗ്രാമത്തിലാണ് സംഭവം. അയൽക്കാരുമായുള്ള അതിർത്തിത്തർക്കത്തെ തുടർന്ന് കഴിഞ്ഞ പത്തുവർഷത്തിലേറെയായി കൃഷ്ണ ബൗരിയുടെ വീട്ടിൽ വൈദ്യുതി എത്തിയിരുന്നില്ല. പ്രദേശവാസികളായ ചിലർ വൈദ്യുതി വകുപ്പിൽ സ്വാധീനം ചെലുത്തി കണക്ഷൻ തടസ്സപ്പെടുത്തുകയായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. പലതവണ അധികാരികളെ സമീപിച്ച് അപേക്ഷ നൽകിയെങ്കിലും മുൻ സർക്കാരിന്റെ കാലത്ത് നടപടിയൊന്നും ഉണ്ടായില്ല.
തുടർന്ന്, ജൂലൈ 13-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നടന്ന ജനതാ ദർബാറിൽ കൃഷ്ണ ബൗരിയുടെ ഭാര്യ കൽപ്പന ബൗരി പരാതി നൽകുകയായിരുന്നു. പരാതി സ്വീകരിച്ച അധികൃതർ വിഷയം ഗൗരവമായി എടുക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് പുഞ്ച പോലീസും ബ്ലോക്ക് തല ഭരണകൂടവും വൈദ്യുതി വകുപ്പ് അധികൃതരും ചേർന്ന് അതിവേഗം നടപടികൾ സ്വീകരിച്ചു.
തർക്കഭൂമിയിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി വാദം കേട്ടശേഷം കുടുംബത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ തീരുമാനമായി. ഇതിനുപിന്നാലെ പോലീസ് സാന്നിധ്യത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ കണക്ഷൻ സ്ഥാപിച്ചു.
വൈദ്യുതിയില്ലാത്തത് കുടുംബത്തിന്റെ ജീവിതത്തെയും മക്കളുടെ വിദ്യാഭ്യാസത്തെയും കാര്യമായി ബാധിച്ചിരുന്നു. പത്താംതരം കഴിഞ്ഞ മകന്റെ തുടർപഠനം സാമ്പത്തികവും പ്രായോഗികവുമായ ഈ ബുദ്ധിമുട്ടുകൾ കാരണം മുടങ്ങിനിൽക്കുകയായിരുന്നു. പരാതി നൽകി 12 ദിവസത്തിനുള്ളിൽ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടതിന്റെ സന്തോഷത്തിലാണ് കുടുംബമിപ്പോൾ.
രണ്ട് മക്കളാണ് കൃഷ്ണ ബൗരിക്ക് ഉള്ളത്. മകൾ നഴ്‌സ് ആണ്. മകൻ പഠിക്കുകയാണ്.
Content Highlights: Resolution of a 12-year power outage in Purulia, West Bengal., Effective intervention through the July 13 Janata Darbar., Inter-departmental coordination between police and electricity board., Direct impact on the family's quality of life and children's education.