ക്രമക്കേട് നടന്നതായി റിപ്പോർട്ട്; ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിങ്ങിന് ഉത്തരവിട്ട് ഇലക്ഷൻ കമ്മീഷൻ

#ന്യൂസ് ഡെസ്‌ക്
Photo: ANI
Photo: ANI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകളെത്തുടർന്ന് രണ്ട് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീ പോളിങ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെത്തുടർന്ന് മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം.

ശനിയാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണിവരെയാകും വോട്ടെടുപ്പ്. ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി റിട്ടേണിങ് ഓഫീസർമാരും ഒബ്‌സർവർമാരും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കുകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് ഏപ്രിൽ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.

വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്നിരുന്നു. ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാന്റെ സ്വാധീനമേഖലകളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായാണ് ബിജെപിയുടെ പരാതി. ബിജെപി നേതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഫൽത്തയിലെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചിരുന്നു. പരാതി ഗൗരവത്തിലെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാൽ റീപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: Election Commission declared April 29 polling void in 15 booths., Repoll scheduled for May 2 in Magrahat Paschim and Diamond Harbour., Decision based on Section 58(2) of the Representation of the People Act, 1951., Action taken following reports of irregularities and tampering allegations by political parties.