രണ്ട് പിന്മാറ്റം, ഒരു യൂടേൺ, പിന്തുണച്ച സ്ഥാനാർഥി ജയിലിൽ, ഒപ്പം ചിഹ്നവിലക്കും; മമത ക്യാമ്പിൽ വൻ അനിശ്ചിതത്വം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, സ്ഥാനാർഥി നിർണയത്തിലും പിന്മാറ്റത്തിലും അടിക്കടിയുണ്ടാകുന്ന നാടകീയ നീക്കങ്ങൾ ബംഗാളിലെ മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിനെ അനിശ്ചിതത്വത്തിലാക്കുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിയുടെ അപ്രതീക്ഷിത പിന്മാറ്റവും റജിനഗറിലെ പിന്മാറ്റവും പിന്നീട് പിന്മാറിയ തീരുമാനം പിൻവലിച്ചതും പാർട്ടി വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന സൂചനയാണ് നൽകുന്നത്.
റജിനഗർ ഉപതിരഞ്ഞെടുപ്പിലെ മമത വിഭാഗം സ്ഥാനാർഥി റബിയുൾ ആലം ചൗധരി സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി മത്സരരംഗത്തേക്ക് തിരിച്ചെത്തിയതാണ് ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ സംഭവം. പാർട്ടി പേരും പുതിയ ചിഹ്നവും വോട്ടർമാർക്കിടയിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പവും പ്രവർത്തകർ നേരിടുന്ന ഭീഷണിയുമാണ് പിന്മാറ്റത്തിന് കാരണമായി അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്. അറസ്റ്റ് ഭയവും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മമത ബാനർജിയുമായി സംസാരിച്ചശേഷം തീരുമാനം തിരുത്തിയ അദ്ദേഹം ശനിയാഴ്ചമുതൽ പ്രചാരണം പുനരാരംഭിക്കുമെന്നും മമത നേരിട്ട് പ്രചാരണത്തിനെത്തുമെന്നും അറിയിച്ചിരിക്കുകയാണ്.
റജിനഗറിലെ നാടകങ്ങൾക്ക് തൊട്ടുമുമ്പാണ് നന്ദിഗ്രാമിലെ മമത വിഭാഗം സ്ഥാനാർഥി സഞ്ജിത പ്രധാൻ ദേയ് നാമനിർദേശപ്പത്രിക പിൻവലിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു ഈ പിന്മാറ്റം. തുടർന്ന് അവിടെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പിന്തുണയ്ക്കാൻ മമത വിഭാഗം തീരുമാനിച്ചു. എന്നാൽ, ഈ രാഷ്ട്രീയ ധാരണയ്ക്ക് പിന്നാലെ 19 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ മിലൻ പ്രധാനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത് തിരിച്ചടിയായി. സംഭവത്തിൽ ബി.ജെ.പി. ജനാധിപത്യത്തെ കൊലചെയ്യുകയാണെന്ന് രാഹുൽ ഗാന്ധിയും അറസ്റ്റിന്റെ സമയത്തെ ചോദ്യം ചെയ്ത് മമത ബാനർജിയും രംഗത്തെത്തി. എന്നാൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടതിനാലാണ് നടപടിയെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.
അതേസമയം പ്രധാൻ ജയിലിലാണെങ്കിലും പാർട്ടി പുറത്ത് പ്രചാരണം തുടങ്ങുമെന്ന് കോൺഗ്രസ് അറിയിച്ചു. 2007-ൽ കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രക്ഷോഭ കാലത്ത് രജിസ്റ്റർ ചെയ്തതാണ് പ്രധാനെതിരായ എല്ലാ കേസുകളുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശുഭങ്കർ സർക്കാർ പറഞ്ഞു. ‘സമാനമായ കേസുകൾ അന്ന് പലർക്കെതിരേയും രജിസ്റ്റർ ചെയ്തിരുന്നു. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിയും അദ്ദേഹത്തിന്റെ പിതാവ് ശിശിർ അധികാരിയും ആ പ്രക്ഷോഭത്തിലെ പങ്കാളികളാണ്. വർഷങ്ങൾക്കുശേഷം, അതും പ്രധാൻ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നാമനിർദേശം സമർപ്പിച്ച ഘട്ടത്തിൽ എന്തിനാണ് ഇങ്ങനെയൊരു അറസ്റ്റ്? ഒരു പ്രധാനെ നിങ്ങളെ അറസ്റ്റുചെയ്താൽ ആയിരക്കണക്കിൻ പ്രധാൻമാർ നന്ദിഗ്രാമിൽ തെരുവിലിറങ്ങി പ്രചാരണം നടത്തും.’- അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ ആറിന് വോട്ടെടുപ്പും ഒക്ടോബർ ഒൻപതിന് വോട്ടെണ്ണലും നടക്കാനിരിക്കുന്ന നന്ദിഗ്രാം, റജിനഗർ മണ്ഡലങ്ങളിൽ ജനപ്രതിനിധികൾ ഇരട്ട വിജയം നേടിയതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ട് സീറ്റിൽ ജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപുർ നിലനിർത്തി നന്ദിഗ്രാം രാജിവെക്കുകയായിരുന്നു. ഗൗഡ, റജിനഗർ സീറ്റുകളിൽ ജയിച്ച എ.ജെ.യു.പി. നേതാവ് ഹുമയൂൺ കബീർ ഗൗഡ നിലനിർത്തിയതിനാലാണ് റജിനഗറിൽ തിരഞ്ഞെടുപ്പ് വന്നത്.
പാർട്ടി പിളർപ്പിനെത്തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പേരും 'പൂക്കളും പുല്ലും' ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷൻ താത്കാലികമായി വിലക്കിയിരിക്കുകയാണ്. ഇതേത്തുടർന്ന് മമത വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്‌ബോൾ താരം' ചിഹ്നവും, ഋതബ്രത ബാനർജി വിഭാഗത്തിന് 'ഡെമക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'കവർ' (Envelope) ചിഹ്നവും അനുവദിച്ചു. പുതിയ ചിഹ്നം വോട്ടർമാരിലേക്കെത്തിക്കേണ്ട ബാധ്യതകൂടി ഈ പാർട്ടികൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നു.
Content Highlights: TMC Rejinagar candidate Rabiul Alam Chowdhury initially announced nomination withdrawal due to arrest threats., Chowdhury made a U-turn within two hours, confirming he will campaign for the by-election., Nandigram Congress candidate Milan Pradhan arrested over 2007 murder cases after TMC extended support.