‘കുട്ടികൾ ചുമച്ചുകൊണ്ടാണ് ഉണരുന്നത്, ആസ്ത്മ കാരണം സ്കൂളിൽ പോകാൻ കഴിയുന്നില്ല’; ഇടപെടൽ ആവശ്യപ്പെട്ട് വാരിയർ മോംസ്

ന്യൂഡൽഹി: രാജ്യതലസ്ഥാനം വിഷലിപ്തമാകുന്ന സാഹചര്യത്തിൽ അടിയന്തര ഇടപ്പെടൽ ആവശ്യപ്പെട്ട് ശുദ്ധവായുവിനായി പോരാടുന്ന അമ്മമാരുടെ കൂട്ടായ്മയായ വാരിയർ മോംസ്. 48 മണിക്കൂറിനുള്ളിൽ വായുമലിനീകരണം സംബന്ധിച്ച് ഒരു പൊതുജനാരോഗ്യ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്നും കുട്ടികൾക്കും കുടുംബങ്ങൾക്കും വ്യക്തവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു.
എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യൂ.ഐ.), പിഎം2.5 പരിധികൾ എന്നിവ മുന്നറിയിപ്പിൽ നിർവചിക്കണമെന്ന് വാരിയർ മോംസ് ആവശ്യപ്പെടുന്നു. കുട്ടികൾ വീടിനുള്ളിൽ കഴിയേണ്ട സാഹചര്യങ്ങൾ, പുറത്ത് ഉപയോഗിക്കാൻ അനുയോജ്യമായ മാസ്കുകളുടെ തരങ്ങൾ, അടിയന്തരമായി ശിശുരോഗ വിദഗ്ദ്ധന്റെ സഹായം തേടേണ്ട ലക്ഷണങ്ങൾ എന്നിവയെല്ലാം നിർദ്ദേശങ്ങളിൽ വ്യക്തമാക്കണമെന്നാണ് ആവശ്യം.
"ഞങ്ങളുടെ കുട്ടികൾ ചുമച്ചുകൊണ്ടാണ് ഉണരുന്നത്, ആസ്ത്മ കാരണം അവർക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല, കളിക്കളങ്ങളിൽ പോലും മാസ്ക് ധരിക്കേണ്ടി വരുന്നു. അവർ ശ്വസിക്കുന്ന വായു വിഷമയമാണ്. ഓരോ ശൈത്യകാലത്തും ഞങ്ങളുടെ കുട്ടികളുടെ ശ്വാസകോശത്തിൽ പിഎം2.5 നിറയുകയാണ്. ഞങ്ങൾ ആക്ടിവിസം തിരഞ്ഞെടുത്തതല്ല, സാഹചര്യം ഞങ്ങളെ നിർബന്ധിതരാക്കുകയായിരുന്നു." കത്തിൽ പറയുന്നു.
മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനകൾ ശക്തിപ്പെടുത്തുന്നതിന് ശിശുരോഗ വിദഗ്ദ്ധർക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകണമെന്നും സംഘം മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. കുട്ടികളുടെ ആരോഗ്യ പരിശോധനകളിൽ, പ്രാദേശിക പിഎം2.5, എക്യുഐ അളവുകൾ പോലുള്ള വായുവിന്റെ ഗുണനിലവാരവുമായി സമ്പർക്കത്തിലായതിന്റെ ചരിത്രം കൂടി ഡോക്ടർമാർ ഉൾപ്പെടുത്തണമെന്നും പ്രതിരോധത്തെയും പരിചരണത്തെയും കുറിച്ച് കുടുംബങ്ങൾക്ക് ഉപദേശം നൽകണമെന്നും സംഘടന ശുപാർശ ചെയ്യുന്നു.
Content Highlights: Warrior Moms urge health ministry for immediate air pollution advisory with AQI/PM2.5 guidance, masks & paediatric care tips. Protect your children from toxic air now!