വ്യവസായശാലകളിൽ നിന്നും മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നു; വില്ലുപുരത്ത് തടാകത്തിൽ മീനുകൾ ചത്തുപൊങ്ങി

വില്ലുപുരത്ത് തടാകത്തിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയ നിലയിൽ | Photo: Screengrab/ Video 'X' @PTI_News
വില്ലുപുരത്ത് തടാകത്തിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങിയ നിലയിൽ | Photo: Screengrab/ Video 'X' @PTI_News

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് തടാകത്തിൽ മീനുകൾ കൂട്ടമായി ചത്തുപൊങ്ങുന്നു. വില്ലുപുരം ജില്ലയിലെ സലാമേട് ഗ്രാമത്തിന് സമീപമുള്ള പൊന്നേരി തടാകത്തിലാണ് മീനുകൾ ചത്തുപൊങ്ങിയത്. സമീപത്തുള്ള വ്യവസായശാലകളിൽ നിന്നും തടാകത്തിലേക്ക് മാലിന്യം ഒഴുക്കുന്നതാണ് ജലം മലിനമാകാനും മീനുകൾ ചത്തുപൊങ്ങാനും കാരണമെന്ന് മത്സ്യം വളർത്തുന്നതിനായി തടാകം പാട്ടത്തിനെടുത്ത പ്രാദേശിക മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് തൊഴിലാളികളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ​ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്ന സംഭവം ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

Content Highlights: Industrial waste from nearby factories is blamed for a mass fish kill in Ponneri lake, Villupuram