പന്നൂന്‍ വധശ്രമക്കേസിലെ FBI പിടികിട്ടാപ്പുള്ളിയെ 10മാസംമുമ്പ് ഇന്ത്യ അറസ്റ്റ് ചെയ്തു- റിപ്പോർട്ട്

ഗുർപത്‌വന്ത് സിങ് പന്നൂൻ, വികാസ് യാദവ് | Photo: AP, X@AG_knocks
ഗുർപത്‌വന്ത് സിങ് പന്നൂൻ, വികാസ് യാദവ് | Photo: AP, X@AG_knocks

ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടന വാദി നേതാവ് ഗുര്‍പത് സിങ് പന്നൂനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യുഎസ് അന്വേഷിക്കുന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുടെ മുന്‍ ഉദ്യോഗസ്ഥന്‍ വികാസ് യാദവിനെ 10 മാസം മുമ്പ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു വ്യവസായിയുടെ പരാതിയില്‍ തട്ടികൊണ്ടുപോകല്‍, കൊലപാതക ശ്രമം എന്നിവയുമായി ബന്ധപ്പെട്ടാണ് വികാസിനെ പോലീസ് പിടികൂടിയത്. മറ്റൊരാളും ഒപ്പം അറസ്റ്റിലായിരുന്നു. 2023 ഡിസംബറിലാണ് വികാസിനെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിസംബറില്‍ തന്നെ പിടിയിലായ വികാസിന് 2024 ഏപ്രിലില്‍ ജാമ്യം ലഭിച്ചു. 

സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരു പരിചയക്കാരന്‍ വഴിയാണ് വികാസിനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരനായ വ്യവസായി പറയുന്നു. ഐടി കമ്പനി ഉടമയും പശ്ചിമേഷ്യയിലെ നിരവധി ഇന്ത്യാക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന വ്യവസായി വികാസുമായി സൗഹൃദം സ്ഥാപിക്കുകയും നമ്പറുകള്‍ കൈമാറുകയും ചെയ്തു. താന്‍ ഒരു അണ്ടര്‍ കവര്‍ ഏജന്റ് ആണെല്ലാതെ മറ്റൊരു വിവരവും വികാസ് പറഞ്ഞിരുന്നില്ലെന്ന് വ്യവസായി പറയുന്നു. 

ഡിസംബര്‍ 11 ന് വികാസ് വ്യവസായിയെ വിളിച്ച് ലോധി റോഡിലേക്ക് വരാന്‍ പറഞ്ഞു. അവിടെ എത്തിയതോടെ വികാസും മറ്റൊരാളും ചേര്‍ന്ന് വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ഡിഫന്‍സ് കോളനിക്കടുത്തുള്ള ഒരു ഫ്‌ലാറ്റിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയാണ് തന്നെ വധിക്കാനുള്ള കരാര്‍ നല്‍കിയത് എന്ന് വികാസ് പറഞ്ഞതായി വ്യവസായി പറയുന്നു. തന്നെ മര്‍ദിച്ചുവെന്നും ആഭരണങ്ങളും പണവും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. 

സംഭവം പരാതിപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ വ്യവസായി പരാതി നല്‍കുകയും ഡിസംബര്‍ 18 ന് വികാസിനേയും സഹായിയേയും പിടികൂടുകയും ചെയ്തു. 

ഈ ആഴ്ച ആദ്യമാണ് ഖലിസ്താന്‍ വിഘടന വാദി നേതാവ് ഗുര്‍പത് സിങ് പന്നൂനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെതിരെ യുഎസ് കുറ്റം ചുമത്തിയത്. പന്നൂനെ വധിക്കാന്‍ വികാസ് വാടക കൊലയാളിയെ ഏര്‍പ്പാടാക്കി എന്നാണ് ആരോപണം. ഹരിയാണ സ്വദേശിയാണ് വികാസ് യാദവ്. ഇയാളുടെ ചിത്രവും എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്.

Content Highlights: A former RAW officer, Vikas Yadav, was arrested in Delhi in kidnaping case