ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുന്നു; ജഗനുമായുള്ള സ്വത്ത് തര്‍ക്കത്തില്‍ ശര്‍മിളയെ പിന്തുണച്ച് അമ്മ

വിജയമ്മ ജഗന്‍മോഹന്‍ റെഡ്ഡിക്കും ശര്‍മിളയ്ക്കുമൊപ്പം |ഫോട്ടോ:ANI
വിജയമ്മ ജഗന്‍മോഹന്‍ റെഡ്ഡിക്കും ശര്‍മിളയ്ക്കുമൊപ്പം |ഫോട്ടോ:ANI

വിജയവാഡ: വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയും സഹോദരിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ വൈഎസ് ശര്‍മിളയും തമ്മിലുള്ള കോടികളുടെ അനന്തരാവകാശത്തെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെ തുറന്ന കത്തുമായി അവരുടെ അമ്മ വൈ.എസ്.വിജയമ്മ. ശര്‍മിളയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് വിജയമ്മ മൂന്ന് പേജുള്ള തുറന്ന കത്തെഴുതിയിരിക്കുന്നത്. ന്യായമായത് ലഭിക്കാത്ത കുട്ടിക്ക് വേണ്ടി സംസാരിക്കുന്നത് തന്റെ ചുമതലയാണെന്ന് കത്തില്‍ പറയുന്നു.

തന്റെ ഭര്‍ത്താവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡി ജീവിച്ചിരിക്കുന്ന സമയത്ത് സ്വത്ത് വിഭജിച്ചിട്ടില്ല. സ്വത്തില്‍ ചിലത് മക്കളുടെ പേരിലാക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വിജയമ്മ കത്തില്‍ വ്യക്തമാക്കി.

ശര്‍മിള കുടുംബ ബിസിനസില്‍ ഇടപെട്ടിരുന്നില്ലെന്നും ജഗന്റെ നിര്‍ദേശമനുസരിച്ച് അവര്‍ രാഷ്ട്രീയത്തില്‍ നിസ്വാര്‍ഥയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും കത്തിലുണ്ട്.

ജഗനെ അധികാരത്തിലെത്തിക്കുന്നതില്‍ ശര്‍മിളയുടെ പ്രയത്നമുണ്ട്. അമ്മയെന്ന നിലയില്‍ എല്ലാ കുട്ടികളും തുല്യരാണ്. ഒരു കുട്ടിയോട് അനീതി കാണിക്കുന്നത് വേദനാജനകമാണ്. ഒരു അമ്മയെന്ന നിലയില്‍, അന്യായമായി പെരുമാറിയ കുട്ടിക്ക് വേണ്ടി സംസാരിക്കേണ്ടത് എന്റെ കടമയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് എനിക്ക് വളരെ വേദനാജനകമായതാണ്. എന്റെ ഭര്‍ത്താവ് രാജശേഖര റെഡ്ഡിയും ഞങ്ങളുടെ കുട്ടികളും വളരെ സന്തുഷ്ട കുടുംബമായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ കുടുംബം ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അത് തടയാന്‍ ഞാന്‍ ശ്രമിച്ചിട്ടും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ എന്റെ കണ്‍മുന്നില്‍ അരങ്ങേറുകയാണ്' വിജയമ്മ കത്തില്‍ വ്യക്തമാക്കി.

ജഗന്റെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ വൈ.വി.സുബ്ബ റെഡ്ഡിക്കെതിരെയും വി.വിജയ സായ് റെഡ്ഡിക്കെതിരെയും വിജയമ്മ ഗുരുതര ആരോപണം ഉന്നയിച്ചു. ഇരുവരുമാണ് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പേര് കളങ്കപ്പെടുത്തുന്നതിന് പിന്നിലെന്നും വിജയമ്മ പറഞ്ഞു.

തന്റെ സഹോദരിയെ പരിപാലിക്കുമെന്ന് ജഗന്‍ തന്റെ പിതാവിന് വാക്ക് പോലും നല്‍കിയിരുന്നതായി വിജയമ്മയുടെ കത്തില്‍ പറയുന്നു. തന്റെ രണ്ട് മക്കളെ തുല്യമായി പരിഗണിച്ചിരുന്ന വൈഎസ്ആര്‍ സ്വത്ത് അവരുടെ നാല് പേരക്കുട്ടികള്‍ക്കും തുല്യമായി പങ്കിടണമെന്ന് ആഗ്രഹിച്ചിരുന്നതായും വ്യക്തമാക്കി.

തനിക്ക് രണ്ട് കുട്ടികളും തുല്യരാണ്. ബിസിനസ് മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം മകന്‍ ഏറ്റെടുത്തു. ശര്‍മിള ഒരിക്കലും ബിസിനസില്‍ ഏര്‍പ്പെട്ടിട്ടില്ല. ജഗന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവര്‍ രാഷ്ട്രീയത്തില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. വൈഎസ്ആറിന്റെ വിയോഗത്തിന് ശേഷം 10 വര്‍ഷമായി എല്ലാവരും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. 2019 ല്‍, ജഗന്‍ മുഖ്യമന്ത്രിയായി രണ്ട് മാസത്തിന് ശേഷം, ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍, തന്റെയും ശര്‍മിളയുടെയും മക്കള്‍ വളര്‍ന്നുവരുന്നതിനാല്‍, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലെന്നുപറഞ്ഞ് സ്വത്ത് വിഭജനം നിര്‍ദ്ദേശിച്ചു.

അപ്പോഴാണ് പിരിയാനുള്ള തീരുമാനമെടുത്തത്. പിന്നീട് വിജയവാഡയില്‍ എന്റെ സാന്നിധ്യത്തില്‍ അവര്‍ ചര്‍ച്ച ചെയ്യുകയും ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ജഗന്‍ പറഞ്ഞതും ധാരണാപത്രത്തില്‍ ഉണ്ടായിരുന്നതും ഒന്നുതന്നെ. ഇഡി കണ്ടുകെട്ടാത്ത സരസ്വതി പവര്‍ ഷെയറുകളുടെ 100 ശതമാനവും യെലഹങ്കയിലെ സ്വത്തിന്റെ 100 ശതമാനവും ശര്‍മിളയ്ക്ക് നല്‍കുമെന്നും കേസുകള്‍ തീര്‍പ്പാക്കിയ ശേഷം ഭാരതി സിമന്റ്സ്, സാക്ഷി മീഡിയ, വൈഎസ്ആര്‍ ഹൗസ് എന്നിവയിലെ അവളുടെ വിഹിതം നല്‍കുമെന്നും ജഗന്‍ പറഞ്ഞിരുന്നു' വിജയമ്മ കത്തില്‍ വിശദീകരിച്ചു.

ധാരണാപത്രത്തില്‍ പറഞ്ഞിരിക്കുന്ന ശര്‍മിളയ്ക്ക് നല്‍കാനുള്ള സ്വത്തുക്കള്‍ ജഗന്റെ സമ്മാനങ്ങളല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്.

പലരും പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ക്കിടയില്‍ സത്യം വ്യക്തമാക്കുന്നതിന് വേണ്ടിയാണ് തനിക്ക് സംസാരിക്കേണ്ടി വന്നത്. സത്യം ഇതാണ്... അവര്‍ സഹോദരങ്ങളാണ്. ഇത് അവരുടെ പ്രശ്നമാണ് അവര്‍ അത് പരിഹരിക്കുമെന്നും വിജയമ്മ കൂട്ടിച്ചേര്‍ത്തു.
 

Content Highlights: Vijayamma sides with APCC chief Sharmila on property dispute with YSRC chief Jagan