പ്രകൃതിക്ക് ജാതിയോ മതമോ ഉണ്ടോ? മയക്കുമരുന്ന് പോലെ ജാതിയും മതവും ഒഴിവാക്കുക - വിജയ്

ചെന്നൈ: മയക്കുമരുന്ന് ഒഴിവാക്കുന്നത് പോലെ ജാതിയും മതവും ഒഴിവാക്കാന്‍ തമിഴ്നാട്ടിലെ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്ത് തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്നാട്ടില്‍ 10, 12 ക്ലാസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കവെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്. യുവാക്കളോടും അവരുടെ കുടുംബങ്ങളോടും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജാതി-മത വേര്‍തിരിവുകള്‍ ഇല്ലാതാക്കാനും വോട്ടിനായി പണം സ്വീകരിക്കുന്നത് ഒഴിവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
''ജനാധിപത്യം എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ നല്കുന്നു. നിങ്ങളുടെ വീട്ടിലെ എല്ലാവരോടും അവരുടെ ജനാധിപത്യ കടമ നിര്‍വഹിക്കാന്‍ ആവശ്യപ്പെടുക. അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത നല്ലവരും വിശ്വസ്തരുമായ ആളുകളെ തിരഞ്ഞെടുക്കാന്‍ അവരോട് ആവശ്യപ്പെടുക. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജനം എന്ന ആശയത്തെ പിന്തുടരരുത്.'' - വിജയ് പറഞ്ഞു.
വെയിലും മഴയും പോലെ പ്രകൃതിക്ക് ജാതിയോ മതമോ ഉണ്ടോ എന്ന് ചോദിച്ച വിജയ്, മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ നമ്മള് മതവും ജാതിയും ഒഴിവാക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ സത്ത സമത്വത്തിലും സ്വാതന്ത്ര്യത്തിലുമാണെന്നും വിജയ് ഊന്നിപ്പറഞ്ഞു. നിങ്ങളുടെ മനസ്സ് ജനാധിപത്യപരമായി നിലനിര്‍ത്തുക. ജനാധിപത്യം നിലനില്ക്കുമ്പോള് മാത്രമേ ഈ ലോകത്തും ഈ ലോകത്തിലെ എല്ലാ മേഖലകളിലും സ്വാതന്ത്ര്യം ഉണ്ടാകൂ. മയക്കുമരുന്ന് പോലെ ജാതി, മതം, വര്‍ഗം എന്നിവ അകറ്റി നിര്‍ത്തുക. ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യയശാസ്ത്രത്തോട് അടുക്കരുതെന്നും വിജയ് വിദ്യാര്‍ഥികളോടായി പറഞ്ഞു.
Content Highlights: Actor Vijay calls for rejecting caste and religion, comparing it to rejecting drugs