‘ആരംഭിക്കലാമാ..’; 717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവ്; വിജയ് പണി തുടങ്ങി

#കെ.ബി. ശ്രീധരൻ | മാതൃഭൂമി ന്യൂസ്
വിജയ് | ഫോട്ടോ: എ.എഫ്.പി.
വിജയ് | ഫോട്ടോ: എ.എഫ്.പി.

ചെന്നൈ: തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ ഉത്തരവിട്ട് വിജയ് സർക്കാർ. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകളാണ് അടയ്ക്കുക. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് ലഹരി ഉപയോഗത്തെക്കുറിച്ചും അതിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും ആയിരുന്നു. താൻ മുഖ്യമന്ത്രിയായാൽ ലഹരിമാഫിയകൾക്ക് കൂച്ചുവിലങ്ങിടും എന്ന തരത്തിൽ വിജയ് തന്റെ പല പ്രസംഗങ്ങളിലും സൂചിപ്പിച്ചിരുന്നു.

അതിന്റെ ആദ്യപടിയെന്നോണമാണ് ഇപ്പോൾ മദ്യവിൽപന ശാലകൾക്ക് പൂട്ടുവീഴുന്നത്. ഡിഎംകെ സർക്കാരിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു ടാസ്മാക് (TASMAC) അഴിമതി. തമിഴ്നാട്ടിലെ സർക്കാർ അംഗീകൃത മദ്യവിൽപന ശാലകളാണിവ. ഇവയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

ആ കേസിൽ അന്വേഷണം പുരോഗമിക്കുയാണ്. ടാസ്മാക്കുകൾ അനുവദിച്ചതിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. കുട്ടികൾപോലും മദ്യപിച്ച് സ്‌കൂളിലേക്ക് വരുന്നത് സംബന്ധിച്ച് വലിയതോതിൽ വാർത്തകളടക്കം വന്നിരുന്നു. ആ സാഹചര്യത്തിലാണ് കൂടുതൽ ടാസ്മാക്കുകൾ തുറക്കുന്നതിനെതിരെ വിജയ് തന്റെ പ്രചാരണ പരിപാടികളിൽ സംസാരിച്ചത്.

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ടാണ് വിജയ് സർക്കാരിന്റെ മൂന്നാംദിവസം ആരംഭിച്ചത്. നോട്ടീസ് ലഭിച്ചിട്ടുള്ള 717 മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണമെന്നാണ് നിർദേശം. സ്‌കൂൾ, ആരാധനാലയം എന്നിവയ്ക്ക് 50 മീറ്റർ ചുറ്റളവിനുള്ളിൽ മദ്യശാലകൾ പാടില്ല എന്നതാണ് നിയമം. പക്ഷേ ഇവിടെ അരകിലോമീറ്റർ പരിധിയിലുള്ള മദ്യവിൽപന ശാലകൾ അടച്ചുപൂട്ടണം എന്നാണ് വിജയ്‌യുടെ നിർദേശം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം പ്രവർത്തിക്കുന്ന 186-ഉം, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276-ഉം, ബസ് സ്റ്റാൻഡുകൾക്ക് സമീപം പ്രവർത്തിക്കുന്ന 255-ഉം ടാസ്മാക് വിൽപനശാലകൾ പൂട്ടാനുള്ള ഉത്തരവിലാണ് വിജയ് ഇന്ന് രാവിലെ ഒപ്പുവെച്ചത്. ആകെ 4765 ടാസ്മാക് വിൽപനശാലകളാണ് തമിഴ്‌നാട്ടിലുള്ളത്. അതിൽ 714 എണ്ണം അടച്ചുപൂട്ടുന്നു എന്നു പറയുമ്പോൾതന്നെ അതൊരു വലിയ സംഖ്യയാണ്. 

മുൻപ്, ജയലളിത മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഇത്തരത്തിൽ ഒരു നീക്കം നടത്തിയിരുന്നു. കുറച്ച് ചില്ലറ വിൽപനശാലകൾ അടച്ചുപൂട്ടിയിരുന്നു. സ്റ്റാലിൻ സർക്കാർ വിവധി ഘട്ടങ്ങളിലായി 90 ടാസ്മാക്ക് വിൽപനശാലകൾ അടച്ചുപൂട്ടിയിരുന്നു. ഇതിൽനിന്ന് ഒരുപടികൂടി കടന്ന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാനുള്ള ആദ്യചുവട് വെച്ചിരിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്.

Content Highlights: Closure of 717 TASMAC liquor outlets within 500 meters of schools, temples, and bus stands. Fulfilling a key election promise to combat drug and alcohol abuse in Tamil Nadu. The order affects 186 shops near schools, 276 near temples, and 255 near bus stands. Total of 717 shops to be closed within a two-week timeframe. Part of the broader anti-corruption drive regarding TASMAC licenses.