LTTE നേതാവ് പ്രഭാകരന്റെ വീട് സന്ദർശിച്ച് TVK സഖ്യകക്ഷി നേതാവ്; രാജീവ് ഗാന്ധിയുടെ ഓർമയെ അപമാനിച്ചുവെന്ന് BJP, കരുതലോടെ കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പം വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍, വേലുപ്പിള്ള പ്രഭാകരൻ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പം വിസികെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍, വേലുപ്പിള്ള പ്രഭാകരൻ

ചെന്നൈ: ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ (തമിഴ് പുലികൾ) തലവൻ വേലുപ്പിള്ള പ്രഭാകരന്റെ പഴയ വീട് സന്ദർശിച്ച് തമിഴ്നാട് ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സന്ദർശനത്തിനെതിരേ ബിജെപി രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓർമയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യിന്റെ സർക്കാരിൽ വിസികെയ്‌ക്കൊപ്പം അധികാരം പങ്കിടുന്ന കോൺഗ്രസ് ഇതുവരെ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല. 1991 മേയ് 21-നാണ് എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ചയാണ് ശ്രീലങ്കയിലെ ജാഫ്‌ന ജില്ലയിലെ വൽവെട്ടിത്തുറൈയിലുള്ള പ്രഭാകരന്റെ പഴയ വീട് നിലനിന്നിരുന്ന സ്ഥലം തിരുമാവളവൻ സന്ദർശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രഭാകരൻ കുട്ടിക്കാലം ചെലവഴിച്ചിരുന്ന സ്ഥലത്ത് അദ്ദേഹം നടന്നുനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പ്രഭാകരന്റെ വീട് ഇപ്പോൾ അവിടെയില്ല. 2009-ൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച് ഒരു വർഷത്തിനുശേഷം, 2010-ൽ ശ്രീലങ്കൻ സൈന്യം പ്രഭാകരന്റെ തറവാട് വീട് തകർത്തിരുന്നു. പ്രഭാകരൻ താമസിച്ചിരുന്ന സ്ഥലമാണെന്ന് സൂചിപ്പിക്കുന്ന ഒരു ബോർഡ് മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്.

അന്തരിച്ച മുതിർന്ന ശ്രീലങ്കൻ തമിഴ് രാഷ്ട്രീയ നേതാവ് എം.കെ. ശിവജിലിംഗത്തിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് തിരുമാവളവൻ ശ്രീലങ്കയിലെത്തിയത്. പ്രഭാകരന്റെ വീടിരുന്ന സ്ഥലത്തിന് പുറമെ ജാഫ്‌നയിലെ ചെമ്മണി സ്മാരകസ്ഥലവും അദ്ദേഹം സന്ദർശിച്ചു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സ്ഥലമാണിത്. യുദ്ധകാലത്ത് കൊല്ലപ്പെട്ടവരുടെ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനായിരുന്നു സന്ദർശനം. എന്നാൽ പ്രഭാകരന്റെ പഴയ വീടിന്റെ സ്ഥലം സന്ദർശിച്ചതാണ് ഇപ്പോൾ ബിജെപിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

തിരുമാവളവന്റെ സന്ദർശനത്തിനെതിരേ ബിജെപി തമിഴ്നാട് വക്താവ് നാരായണൻ തിരുപ്പതി ചൊവ്വാഴ്ച എക്സിൽ കുറിപ്പിട്ടു. സന്ദർശനം ലജ്ജാകരവും ഒരിക്കലും മാപ്പുനൽകാനാകാത്തതുമായ നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രഭാകരൻ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഇന്ത്യയിൽ നിരോധിച്ച ഭീകരസംഘടനയുടെ തലവനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ സംഘടനയുടെ തലവനാണ് പ്രഭാകരനെന്നും തിരുപ്പതി ഓർമിപ്പിച്ചു.

പ്രഭാകരന്റെ വീട് സന്ദർശിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവ് തമിഴ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയല്ല, രാജീവ് ഗാന്ധിയുടെ ഓർമയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും തിരുപ്പതി പറഞ്ഞു. എൽടിടിഇ ആക്രമണത്തിൽ മുൻ പ്രധാനമന്ത്രിയെ നഷ്ടപ്പെട്ട കോൺഗ്രസ് ഇപ്പോഴും വിസികെയുമായി ചേർന്ന് തമിഴ്നാട് സർക്കാരിൽ അധികാരം പങ്കിടുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. പ്രഭാകരന്റെ വസതി സന്ദർശിച്ച സഖ്യകക്ഷി നേതാവിന്റെ നടപടിയുടെ രാഷ്ട്രീയ ഉത്തരവാദിത്വം കോൺഗ്രസിനുമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

കോൺഗ്രസ് വിസികെയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ രാജീവ് ഗാന്ധിയുടെ ഘാതകനെ മഹത്വവത്കരിക്കുന്ന നേതാവിന്റെ പാർട്ടിയുമായി അധികാരം പങ്കിടുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും തിരുപ്പതി ആവശ്യപ്പെട്ടു. ഇതോടെ കോൺഗ്രസ് രാഷ്ട്രീയമായി പ്രതിസന്ധിയിലായിരിക്കുകയാണ്. തിരുമാവളവന്റെ സന്ദർശനത്തെക്കുറിച്ചോ ബിജെപിയുടെ ആരോപണങ്ങളെക്കുറിച്ചോ പരസ്യമായി പ്രതികരിക്കാതെ കരുതലോടെയാണ് കോൺഗ്രസ് നീങ്ങുന്നത്.

പ്രഭാകരൻ സ്ഥാപിച്ച് നേതൃത്വം നൽകിയ സംഘടനയാണ് എൽടിടിഇ. ശ്രീലങ്കയിൽ സ്വതന്ത്ര തമിഴ് രാഷ്ട്രം സ്ഥാപിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. ഇതിനായി സായുധ പോരാട്ടം നടത്തിയിരുന്ന സംഘടന ശ്രീലങ്കൻ ആഭ്യന്തരയുദ്ധകാലത്ത് നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിൽ എൽടിടിഇ നിരോധിക്കപ്പെട്ട സംഘടനയാണ്. ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഏറ്റവും വലിയ വിവാദം രാജീവ് ഗാന്ധിയുടെ കൊലപാതകമാണ്.

1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വേദനാജനകവും നിർണായകവുമായ സംഭവങ്ങളിലൊന്നായി ഈ കൊലപാതകം ഇന്നും നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ പ്രഭാകരനുമായി ബന്ധപ്പെട്ട ഏതൊരു പൊതുപരിപാടിയും സന്ദർശനവും കോൺഗ്രസിന് രാഷ്ട്രീയമായി ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

മുഖ്യമന്ത്രി വിജയ്‌യുടെ സർക്കാരിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യവും ഈ വിവാദത്തെ പ്രധാനമാക്കുന്നുണ്ട്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തമിഴക വെട്രി കഴകം (ടിവികെ) മാറിയിരുന്നു. 108 സീറ്റുകളാണ് പാർട്ടി നേടിയത്. എന്നാൽ 234 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ നേടാൻ ടിവികെയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് മറ്റ് പാർട്ടികളുടെ പിന്തുണയോടെ വിജയ് സർക്കാർ രൂപീകരിച്ചത്.

കോൺഗ്രസ്, ഇടതുപാർട്ടികൾ, ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ്, വിസികെ എന്നിവയാണ് സർക്കാരിന് പിന്തുണ നൽകിയത്. ഇതോടെ ഭരണത്തിന് ആവശ്യമായ ഭൂരിപക്ഷം ടിവികെ സഖ്യത്തിന് ലഭിച്ചു. വിസികെയ്ക്ക് രണ്ട് എംഎൽഎമാർ മാത്രമാണുള്ളത്. എങ്കിലും സർക്കാരിന്റെ ഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ പാർട്ടിയുടെ പിന്തുണ പ്രധാനമായിരുന്നു. അതിനപ്പുറം, തമിഴ്നാട്ടിലെ വലിയ സ്വാധീനമുള്ള ദളിത് രാഷ്ട്രീയ നേതാവാണ് തിരുമാവളവൻ. സാമൂഹികനീതി, ദളിത് അവകാശങ്ങൾ, തമിഴ് സ്വത്വം തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ പാർട്ടി ഭരണസഖ്യത്തിൽ ഉയർത്തുന്നുണ്ട്.

അതേസമയം, പ്രഭാകരന്റെ പഴയ വീട് സന്ദർശിച്ചതുകൊണ്ട് മാത്രം തിരുമാവളവൻ എൽടിടിഇയുടെ സായുധ പോരാട്ടത്തെയോ രാജീവ് ഗാന്ധി വധത്തെയോ പിന്തുണയ്ക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന പലരും പറയുന്നത്. ശ്രീലങ്കൻ തമിഴരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കൽ, രാഷ്ട്രീയ പ്രാതിനിധ്യം, മനുഷ്യാവകാശം, യുദ്ധകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾ എന്നിവയാണ് തിരുമാവളവന്റെ ഇടപെടലുകളിൽ പ്രധാനമായും ഉയർന്നുവന്നിട്ടുള്ള വിഷയങ്ങൾ. ശിവജിലിംഗത്തിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തതും ചെമ്മണി സ്മാരകസ്ഥലം സന്ദർശിച്ചതും ഈ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് തങ്ങൾ ക്ഷമിച്ചുവെന്നും അവരോട് തങ്ങൾക്ക് വിരോധമില്ലെന്നും അദ്ദേഹത്തിന്റെ മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരത്തേ പറഞ്ഞിട്ടുണ്ട്. 2018-ൽ അന്ന് കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി മലേഷ്യയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, താനും സഹോദരി പ്രിയങ്ക ഗാന്ധിയും പിതാവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് പൂർണമായി ക്ഷമിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു. 2021-ലും രാഹുൽ ഗാന്ധി ഈ നിലപാട് ആവർത്തിച്ചു. ആരോടും ദേഷ്യമോ വിദ്വേഷമോ ഇല്ലെന്നും പിതാവിനെ നഷ്ടപ്പെട്ടത് തനിക്ക് ഏറെ പ്രയാസകരമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, കേസിൽ പ്രതിയായിരുന്ന നളിനി ശ്രീഹരനെ വെല്ലൂർ ജയിലിലെത്തി പ്രിയങ്കാ ഗാന്ധി സന്ദർശിക്കുകയും അക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. 

Content Highlights: VCK chief Thol Thirumavalavan, a key ally in Tamil Nadu CM Vijay's coalition government, sparked a political row after visiting slain LTTE chief Velupillai Prabhakaran's former house site in Jaffna, drawing BJP ire while Congress remained cautious.